‘മികച്ച നിയമസഭാ സാമാജികന് വേണ്ട നിരീക്ഷണപാടവവും വാക്ചാതുരിയും ചരിത്രബോധവുമുള്ള നേതാവ്’; സ്വരാജ് ജയിക്കണമെന്നാണ് ആഗ്രഹമെന്ന് എസ് ശാരദക്കുട്ടി

എം സ്വരാജ് മികച്ച നിയമസഭാ സാമാജികനു വേണ്ട നിരീക്ഷണ പാടവവും വാക്ചാതുരിയും ചരിത്രബോധവും പക്വതയും നിയമാവബോധവുമുള്ള വ്യക്തിയെന്നും ഇത് താൻ സാക്ഷ്യപ്പെടുത്താതെ തന്നെ നിലമ്പൂരെ ജനതക്കറിയാമെന്നും എഴുത്തുകാരി എസ്. ശാരദക്കുട്ടി.

നിലമ്പൂരിലെ വോട്ടർമാരോട് സ്വരാജിനു വേണ്ടി വോട്ടഭ്യർഥിക്കുന്നത് സഖാവ് സ്വരാജിൻ്റെ ഉറച്ച രാഷ്ട്രീയ നിലപാടുകൾക്കും അതിലെ സത്യസന്ധതയ്ക്കുമാണെന്നും ഈ മത്സരത്തിൽ സ്വരാജ് ജയിക്കണമെന്നു തന്നെയാണ് താനാഗ്രഹിക്കുന്നത് എന്നും ശാരദക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു. ” സാംസ്കാരിക പ്രവർത്തകയോ എഴുത്തുകാരിയോ എന്ന നിലയിൽ എന്നെ അറിയുന്നതിലും എത്രയോ അധികം ആളുകളുടെ ബഹുമാനവും അംഗീകാരവും രാഷ്ട്രീയ നേതാവാണ് സ്വരാജ് . കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും സഖാവ് സ്വരാജ് വിജയിക്കണമെന്നും ആ സാന്നിധ്യം നിയമസഭയിൽ അനിവാര്യമാണെന്നും വിശ്വസിച്ചിരുന്നതുമാണ്. വൈകിയെങ്കിലും അത് ഇത്തവണ സാധ്യമാകുമെന്ന് തന്നെ ഉറപ്പിക്കട്ടെ” അവർ കുറിച്ചു.

ALSO READ: സ്വരാജിനായി കേരളത്തിലെ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒത്തുചേരുന്നു

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം:

സാംസ്കാരികപ്രവർത്തകർക്കൊപ്പം നിലമ്പൂരിലേക്കില്ലേ എന്നൊരു സുഹൃത്ത് മെസഞ്ചറിൽ. എനിക്ക് വ്യക്തമായ ഉത്തരമുണ്ട്. നിരാശ തോന്നുന്ന ചില ഘട്ടങ്ങളിൽ ഞാനിനി വോട്ടു ചെയ്യാനില്ല, ഒരു പക്ഷത്തിനൊപ്പവുമില്ല എന്നൊക്കെ ക്ഷുഭിതയാകാറുണ്ടെങ്കിലും തിരഞ്ഞെടുപ്പുകാലമടുക്കുമ്പോൾ എൻ്റെ പക്ഷമെനിക്ക് പറയാതെ വയ്യ. അതിതാണ്.
1 . സാംസ്കാരിക പ്രവർത്തകയോ എഴുത്തുകാരിയോ എന്ന നിലയിൽ എന്നെ അറിയുന്നതിലും എത്രയോ അധികം ആളുകളുടെ ബഹുമാനവും അംഗീകാരവും രാഷ്ട്രീയ നേതാവ് എന്ന നിലയിൽ നേടിയിട്ടുള്ള ആളാണ് സഖാവ് എം സ്വരാജ്. നിലമ്പൂരിലെ വോട്ടർമാരോട് സഖാവ് സ്വരാജിനു വേണ്ടി വോട്ടഭ്യർഥിക്കുന്നത് സഖാവ് സ്വരാജിൻ്റെ ഉറച്ച രാഷ്ട്രീയ നിലപാടുകളും അതിലെ സത്യസന്ധതയുമാണ്. അതിനും മുകളിൽ കയറി നിന്ന് എൻ്റെ പേരോ സ്ഥാനമോ അടയാളപ്പെടുത്താനാവില്ല. അതിനോട് സർവ്വബഹുമാനത്തോടെയും ഞാനെൻ്റെ ഐക്യദാർഢ്യം എപ്പോഴേ പ്രഖ്യാപിച്ചു കഴിഞ്ഞതാണ്.

  1. എൻ്റെ ഇടതുപക്ഷ അനുഭാവം യോജിപ്പുകളോടെയും ചില ചില വിയോജിപ്പുകളോടെയും പലയാവർത്തി വ്യക്തമാക്കിക്കഴിഞ്ഞതാണ്. എങ്കിലും അത് നിലമ്പൂരിൽ എന്നല്ല കേരളത്തിൽ എവിടെയും തെരഞ്ഞെടുപ്പുകാലത്ത് ഞാനെടുക്കുന്ന ഉറച്ച നിലപാടിനെ ഇളക്കുന്ന ഒന്നല്ല. ഏതെല്ലാം രാഷ്ട്രയാപചയങ്ങൾക്കിടയിലും ഞാൻ മനസ്സുറപ്പോടെ ചാരിനിൽക്കാൻ തെരഞ്ഞെടുക്കുന്ന ഒരു ചുമരാണത്.
  2. തിരഞ്ഞെടുപ്പു സമയം എൻ്റെ രാഷ്ട്രീയ നിലപാട് വെളിപ്പെടുത്താൻ കിട്ടുന്ന അവസരമാണ്. അതിൽ പരം എനിക്കതിനകത്ത് മറ്റ് സ്വകാര്യനേട്ടങ്ങളേതുമില്ല . എല്ലാവർക്കും ഉള്ള പക്ഷപാതങ്ങൾ പോലെ കണ്ടാൽ മതി അത്. സ്വകാര്യ നേട്ടങ്ങൾക്കായാണ് നിങ്ങൾ ഒരു പക്ഷത്തു ചേർന്നു നിൽക്കുന്നതെങ്കിൽ എന്നെയും അങ്ങനെയേ നിങ്ങൾക്കു കാണാനാകൂ. എനിക്കതിൽ പരാതിയില്ല.
  3. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും സഖാവ് സ്വരാജ് വിജയിക്കണമെന്നും ആ സാന്നിധ്യം നിയമസഭയിൽ അനിവാര്യമാണെന്നും വിശ്വസിച്ചിരുന്നതുമാണ്. വൈകിയെങ്കിലും അത് ഇത്തവണ സാധ്യമാകുമെന്ന് തന്നെ ഉറപ്പിക്കട്ടെ. അതു പറയാൻ ആരേയും ഭയപ്പെടേണ്ടതുമില്ല.
  4. ഒരു മികച്ച നിയമസഭാ സാമാജികനു വേണ്ട നിരീക്ഷണ പാടവവും വാക്ചാതുരിയും ചരിത്രബോധവും പക്വതയും നിയമാവബോധവും സ്വരാജിനുണ്ടെന്നുള്ളത് ഞാൻ സാക്ഷ്യപ്പെടുത്താതെ തന്നെ നിലമ്പൂരെ ജനതക്കറിയാം. എതിർപക്ഷത്തുള്ള സ്ഥാനാർഥിയുടെ യോഗ്യതകളെ കുറിച്ചന്വേഷിക്കാനും എൻ്റെ ആവശ്യമില്ല. ആരോഗ്യകരമായ ഈ മത്സരത്തിൽ സ്വരാജ് ജയിക്കണമെന്നു തന്നെയാണ് ഞാനാഗ്രഹിക്കുന്നത്.
    എസ്. ശാരദക്കുട്ടി
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News