
മീന മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ടരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. പതിനെട്ടാം പടി കയറി എത്തുന്ന ഭക്തർക്ക് ഫ്ലൈ ഓവർ കയറാതെ നേരിട്ട് കൊടിമര ചുവട്ടിൽ നിന്ന് ശ്രീകോവിലിന് മുന്നിലെത്തി ദർശനം നടത്തുന്നതിന്റെ ട്രയലും ആരംഭിച്ചു. നടതുറക്കുന്നതിന് മുൻപ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗം അഡ്വ. എ. അജികുമാർ എന്നിവർ പുതിയ സംവിധാനവുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങൾ വിലയിരുത്തി. മീന മാസം 1ന് രാവിലെ 5 മണിക്ക് നട തുറക്കും. മീനമാസ പൂജകള്‍ പൂര്‍ത്തിയാക്കി മാർച്ച് 19 ന് രാത്രി 10 മണിയ്ക്ക് നട അടയ്ക്കും.
ALSO READ: ഇന്ത്യൻ നേവിയിൽ നിന്ന് 36 കോടിയുടെ കരാർ; എസ്.ഐ.എഫ്.എല്ലിന്റെ നേട്ടം പങ്കുവച്ച് മന്ത്രി പി രാജീവ്
പതിനെട്ടാംപടി കയറി ഇടത്തേക്ക് തിരിഞ്ഞ് ഫ്ലൈ ഓവറിൽ ക്യൂ നിന്ന് ദർശനം നടത്തുന്ന രീതിക്കാണ് ട്രയൽ ആരംഭിച്ചിരിക്കുന്നത്. പുതിയ സംവിധാനം പ്രകാരം കൊടിമരത്തിന്റെ ഇരുവശത്തും കൂടി രണ്ടു നിരയായി അയ്യപ്പന്മാരെ കടത്തിവിട്ട് ബലിക്കൽപ്പുര വഴി മുന്നോട്ട് നീങ്ങാം. ചുരുങ്ങിയത് 20 സെക്കൻഡ് സമയം ദർശനം ഉറപ്പുവരുത്തുന്നതാണ് പുതിയ സംവിധാനം. മുൻപ് തീർത്ഥാടകർക്ക് 5 സെക്കൻഡ് താഴെ മാത്രമായിരുന്നു ദർശനം സാധ്യമായിരുന്നത്. പുതിയ ദർശന രീതി നടപ്പാക്കുന്നതിനുള്ള പ്ലാറ്റ്ഫോം, ബാരിക്കേഡ്, കാണിക്കവഞ്ചി എന്നിവയുടെ നിർമ്മാണം പൂർത്തിയായി. പരീക്ഷണാടിസ്ഥാനത്തിൽ ഇത് നടപ്പാക്കി വിജയിച്ചാൽ, സ്ഥിരം ദർശന രീതിയാക്കി മാറ്റും. സുരക്ഷിതവും പരാതിരഹിതമായ മണ്ഡല മകരവിളക്ക് തീർത്ഥാടനകാലം ഒരുക്കിയ ദേവസ്വം വകുപ്പിനും ദേവസ്വം ബോർഡിനും ഏറെ പ്രശംസകൾ ലഭിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

