
ശബരിമല സ്ത്രീപ്രവേശന പുനഃപരിശോധനാ ഹർജികളിൽ ഇന്ന് തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ അടക്കമുള്ള വാദം തുടരും. സുപ്രീം കോടതിയുടെ ഒൻപത് അംഗ ഭരണഘടനാ ബെഞ്ചിൽ കേന്ദ്രത്തിന്റെ വാദം പൂർത്തിയായി. ക്ഷേത്രവുമായി ബന്ധമില്ലാത്തവർക്കോ ഭക്തരല്ലാത്തവർക്കോ ഒരു ക്ഷേത്രത്തിലെ ആചാരങ്ങളെ ചോദ്യം ചെയ്യാൻ അവകാശമുണ്ടോയെന്ന് ഇന്നലെ വാദത്തിനിടെ ജസ്റ്റിസ് നാഗരത്‌ന ചോദിച്ചിരുന്നു. ഇതിലടക്കം ദേവസ്വം ബോർഡ് മറുപടി പറഞ്ഞേക്കും. സീനിയോറിറ്റി അനുസരിച്ച് ഓരോ കക്ഷികളുടെ അഭിഭാഷകർക്കും വാദിക്കാനുള്ള സമയക്രമം രൂപീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ശബരിമലയിലെ യുവതീ പ്രവേശന നിയന്ത്രണം തുടരണമെന്ന് വിവിധ മത ആചാരങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാറിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ആചാരങ്ങളുടെ ഭാഗമായി ക്ഷേത്രങ്ങളിലെ നിയന്ത്രണങ്ങൾ ജുഡീഷ്യൽ പരിശോധന പരിധിക്ക് പുറത്ത് ആണെന്നും കേന്ദ്ര സർക്കാർ കോടതിയിൽ നേരത്തെ വ്യക്തമാക്കി. എന്നാൽ ചില ആചാരങ്ങളെ അന്ധവിശ്വാസമാണെന്ന് തീരുമാനിക്കാൻ കോടതിക്കാകുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നൽകി. ഇതിനുള്ള അധികാരം കോടതി ഉണ്ടെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ALSO READ: കേരളത്തിനൊപ്പം വിധിയെഴുതാൻ അസമും; 126 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഒറ്റഘട്ടമായി നടക്കും
ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസം എന്ന് വിധിക്കാൻ കഴിയില്ലെന്ന് ആവർത്തിച്ച കേന്ദ്ര സർക്കർ ആചാര മാറ്റങ്ങൾക്ക് ആവശ്യമായ പണ്ഡിതപരമായ പരിജ്ഞാനം കോടതികൾക്ക് ഇല്ലെന്നും വാദിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

