‘വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കാൻ ശ്രമിക്കുന്നത് സൂര്യനെ കൈകൊണ്ട് മറയ്ക്കാൻ ശ്രമിക്കുന്നതിന് തുല്യം’; നിലമ്പൂർ ആയിഷക്ക് നേരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ

നിലമ്പൂർ ആയിഷക്ക് നേരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ജനാധിപത്യ സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനാവാത്തതും സാംസ്കാരികമായി അധഃപതിച്ചതുമായ ഒരു പ്രവണതയാണിതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. നിലമ്പൂർ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി സ. എം. സ്വരാജിന് പിന്തുണ പ്രഖ്യാപിച്ചതിന്‍റെ പേരിൽ, ഒരു മുതിർന്ന കലാകാരിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും തെറിവിളിക്കുന്നതും ഏറ്റവും ലജ്ജാകരമായ കാര്യമാണ്. ഇത് ഒരു ജനാധിപത്യ പ്രക്രിയയിൽ വിയോജിപ്പുകളെയും രാഷ്ട്രീയ നിലപാടുകളെയും ആരോഗ്യകരമായി സമീപിക്കാൻ കഴിയാത്തവരുടെ നിസ്സഹായതയുടെയും അസഹിഷ്ണുതയുടെയും പ്രതിഫലനമാണ് എന്നും അദ്ദേഹം പറയുന്നു.

പോസ്റ്റിന്റെ പൂർണരൂപം

മുതിർന്ന നാടക നടിയും മലയാളത്തിന്‍റെ അഭിമാനവുമായ നിലമ്പൂർ ആയിഷക്ക് നേരെ സാമൂഹ്യ മാധ്യമങ്ങളിൽ യു.ഡി.എഫ്. അനുഭാവികളിൽ നിന്ന് നടക്കുന്ന നിന്ദ്യമായ സൈബർ ആക്രമണങ്ങളെ കേരളത്തിന്‍റെ സാംസ്കാരിക വകുപ്പ് മന്ത്രി എന്ന നിലയിൽ ശക്തമായി അപലപിക്കുന്നു. ജനാധിപത്യ സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനാവാത്തതും സാംസ്കാരികമായി അധഃപതിച്ചതുമായ ഒരു പ്രവണതയാണിത്.
നിലമ്പൂർ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി സ. എം. സ്വരാജിന് പിന്തുണ പ്രഖ്യാപിച്ചതിന്‍റെ പേരിൽ, ഒരു മുതിർന്ന കലാകാരിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും തെറിവിളിക്കുന്നതും ഏറ്റവും ലജ്ജാകരമായ കാര്യമാണ്. ഇത് ഒരു ജനാധിപത്യ പ്രക്രിയയിൽ വിയോജിപ്പുകളെയും രാഷ്ട്രീയ നിലപാടുകളെയും ആരോഗ്യകരമായി സമീപിക്കാൻ കഴിയാത്തവരുടെ നിസ്സഹായതയുടെയും അസഹിഷ്ണുതയുടെയും പ്രതിഫലനമാണ്.
ഇത്തരം സൈബർ ആക്രമണങ്ങൾ നടത്തുന്നത് ആരായാലും അവർ ഓർക്കേണ്ട ഒന്നുണ്ട്, നിലമ്പൂർ ആയിഷ എന്ന വ്യക്തി നിങ്ങള്‍ കരുതുന്ന പോലെ തെറിവിളി കൊണ്ട് നിശബ്ദയാക്കാവുന്ന ഒരാളല്ല, കേരളത്തിന്‍റെ പോരാട്ടവീര്യത്തിന്റെയും പ്രതിരോധശേഷിയുടെയും പ്രതീകമാണ്. കാലങ്ങളായി പുരോഗമന പ്രസ്ഥാനങ്ങൾക്കൊപ്പം ഉറച്ചുനിന്ന അവരെ വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കാൻ ശ്രമിക്കുന്നത് സൂര്യനെ കൈകൊണ്ട് മറയ്ക്കാൻ ശ്രമിക്കുന്നതിന് തുല്യമാണ്.
വിയോജിപ്പുകൾ പ്രകടിപ്പിക്കാൻ ഭാഷ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മര്യാദകളെക്കുറിച്ചും വ്യക്തിപരമായ അധിക്ഷേപങ്ങൾ ഒരു രാഷ്ട്രീയ ചർച്ചയുടെ ഭാഗമല്ല എന്നതിനെക്കുറിച്ചും ഇത്തരം ആക്രമണങ്ങൾ നടത്തുന്നവർക്ക് യാതൊരു ധാരണയുമില്ലെന്ന് വ്യക്തം. ഇത് കേരളത്തിന്‍റെ സാംസ്കാരിക പൈതൃകത്തിന് തന്നെ കളങ്കമാണ്.
നിലമ്പൂർ ആയിഷയോടുള്ള ഈ സൈബർ ആക്രമണങ്ങളെ കേരളം ഒറ്റക്കെട്ടായി തള്ളിക്കളയണം. സൈബർ ഇടങ്ങളിൽ വിഷം കലക്കുന്ന ഇത്തരം പ്രവണതകളെ സമൂഹം തിരിച്ചറിയുകയും ശക്തമായി എതിർക്കുകയും ചെയ്യണം. സാംസ്കാരിക കേരളം പൂർണ്ണമായും നിലമ്പൂർ ആയിഷയോടൊപ്പം ഉറച്ചുനിൽക്കേണ്ടതുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News