
എംഎൽഎ ആയി ചുമതലയേറ്റ് വെറും ഒരു മാസം പിന്നിടുമ്പോൾ നേരിടേണ്ടി വന്ന മഹാപ്രളയത്തിന്റെ ഭീതിജനകമായ ഓർമ്മകൾ പങ്കുവെച്ച് മന്ത്രി സജി ചെറിയാൻ. സാധാരണ മഴവെള്ളം ഒഴുകിപ്പോകുന്നതുപോലെയാകുമെന്ന് കരുതിയെങ്കിലും, നിമിഷനേരം കൊണ്ട് വെള്ളം ഉയരുകയും നാട് മരണഭീതിയിലാവുകയും ചെയ്ത ആ ദിനങ്ങളെക്കുറിച്ചുള്ള വൈകാരികമായ ഓർമകൾ പങ്കുവെയ്ക്കുകയാണ് മന്ത്രി സജി ചെറിയാൻ. കൈരളി ന്യൂസിന്റെ പബ്ലിക് ഓഡിറ്റ് എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
നടുക്കുന്ന കാഴ്ചകൾ പ്രളയത്തിനിടയിൽ ഒരു വീട്ടിൽ അച്ഛനും അമ്മയും കൊച്ചുമകനും മരിച്ചുകിടക്കുന്ന കാഴ്ച തന്നെ വല്ലാതെ ഉലച്ചുവെന്ന് അദ്ദേഹം ഓർത്തെടുത്തു. മംഗലം ഭാഗത്ത് ഒറ്റപ്പെട്ടുപോയ ഒരു സ്ത്രീയെ ബോധരഹിതയായ നിലയിൽ കണ്ടെത്തുകയായിരുന്നു. മത്സ്യത്തൊഴിലാളികൾ അവിടെ എത്താൻ ഒരു അര മണിക്കൂർ കൂടി വൈകിയിരുന്നെങ്കിൽ ആ സ്ത്രീയുടെ ജീവൻ രക്ഷിക്കാനാവില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 24-ഓളം പേരുടെ മൃതദേഹങ്ങൾ താലൂക്ക് ഓഫീസിന് മുന്നിൽ കണ്ടതോടെ കാര്യങ്ങൾ കൈവിട്ടുപോകുന്നുവെന്ന് തനിക്ക് ബോധ്യപ്പെട്ടു.
പ്രളയത്തിൽ റോഡുകൾ പോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ, പള്ളിയുടെ കുരിശോ അമ്പലത്തിന്റെ ഉയരമുള്ള ഭാഗങ്ങളോ അടയാളമായി നൽകിയാണ് രക്ഷാപ്രവർത്തകർക്ക് ദിശ കാണിച്ചു കൊടുത്തത്. ഏതാണ്ട് ഒന്നേകാൽ ലക്ഷത്തോളം ആളുകളെയാണ് ധീരരായ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി ക്യാമ്പുകളിൽ എത്തിച്ചത്. ക്യാമ്പുകളിലുള്ളവർക്ക് ഭക്ഷണവും മരുന്നും എത്തിക്കാൻ ഹെലികോപ്റ്ററുകൾ അത്യാവശ്യമായിരുന്ന ഘട്ടത്തിൽ പലതവണ സഹായം അഭ്യർത്ഥിച്ചിട്ടും ലഭിക്കാതെ വന്ന അവസ്ഥയും ഉണ്ടായിരുന്നു.
Also read: സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് മന്ത്രി സജി ചെറിയാൻ; പുരസ്കാര നിറവിൽ കൈരളിയും
രാഷ്ട്രീയമില്ലാത്ത പ്രവർത്തനം ദുരന്തസമയത്ത് താൻ രാഷ്ട്രീയം നോക്കിയിരുന്നില്ലെന്നും തന്നെ വിജയിപ്പിച്ച ജനങ്ങളെ രക്ഷിക്കുക എന്നതായിരുന്നു പ്രഥമ കടമയെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. പ്രളയകാലത്തെ ഈ അനുഭവങ്ങൾ വരുംതലമുറ കൂടി അറിയാനായി ‘പ്രളയാനുഭവങ്ങൾ’ എന്ന പേരിൽ ഒരു പുസ്തകം താൻ പുറത്തിറക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


