ചെറിയ പ്രായത്തിൽ ദേശീയ പുരസ്കാരം, ഓസ്കാർ നോമിനേഷനിൽ എത്തിയ ചിത്രത്തിലെ നടൻ; എന്നിട്ടും ഓട്ടോറിക്ഷക്കാരനാകേണ്ടി വന്ന താരത്തിന്റെ കഥ

Salaam Bombay

വളരെ ചെറിയ പ്രായത്തിൽ തേടിയെത്തിയത് ദേശീയ പുരസ്കാരം, പ്രധാന വേഷത്തിലെത്തിയ ചിത്രം എത്തിയത് ഓസ്കാർ നോമിനേഷനിൽ. മീര നായരുടെ ‘സലാം ബോംബെ’ എന്ന ചിത്രത്തിലെ ഷഫീഖ് സെയ്ദിന്റെ ജീവിതം മാറി മറിയുമെന്ന് തന്നെയാണ് ഏവരും കരുതിയത്. എന്നാൽ അങ്ങനെയല്ല സംഭവിച്ചത്. ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ബെംഗളൂരുവിൽ ഓട്ടോറിക്ഷ ഓടിക്കേണ്ടിവന്നു ആ താരത്തിന്.

1980-കളിൽ ബോളിവുഡ് സിനിമകളിൽ നിറഞ്ഞു നിന്നിരുന്ന മുംബൈ നഗരം നേരിൽ കാണാൻ ആണ് ഷഫീഖ് ബെംഗളൂരുവിലെ വീട്ടിൽ നിന്ന് ടിക്കറ്റില്ലാതെ ട്രെയിൻ കയറിയത്. തെരുവിലായിരുന്നു ജീവിതം. അതിനിടെയാണ് അഭിനയ വർക്ക്ഷോപ്പിൽ പങ്കെടുത്താൽ 20 രൂപ നൽകാമെന്ന വാഗ്ദാനവുമായി ഒരു സ്ത്രീ ഷഫീഖിന്റെ അടുത്ത് എത്തുന്നത്. വിശപ്പ് കാരണം തന്നെയാവാം ഈ ഓഫർ അവൻ സ്വീകരിച്ചു. ആയിരക്കണക്കിന് കുട്ടികളിൽ നിന്ന് സലാം ബോംബെയിലെ പ്രധാന കഥാപാത്രമായി അവൻ തെരഞ്ഞെടുക്കപ്പെട്ടു. പുറത്തിറങ്ങിയ ചിത്രം അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധയാണ് നേടിയത്. മാത്രമല്ല, മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കാർ നോമിനേഷനും സ്വന്തമാക്കി.

ALSO READ: ചായക്കടയിലിരുന്ന് ബണ്ണ് കഴിച്ച് ക്രിസ്റ്റഫർ നോളൻ; കൂടെ ടോം ഹോളണ്ടും മാറ്റ് ഡാമണും… ഞെട്ടിത്തരിച്ച് മുംബൈ

ആ സിനിമയിൽ എനിക്ക് അഭിനയിക്കേണ്ടി വന്നിട്ടില്ല. ഞാൻ അനുഭവിച്ച ജീവിതവും സാഹചര്യങ്ങളും ഭാഷയുമായിരുന്നു അതിലുണ്ടായിരുന്നത് എന്നാണഅ ഒരു അഭിമുഖത്തിൽ ഷഫീഖ് പറഞ്ഞത്. പലരും അതിനെ ആർട്ട് ഫിലിം എന്ന് വിളിച്ചു. പക്ഷേ അത് എന്റെ സ്വന്തം കഥയായിരുന്നു എന്നും അവൻ അന്ന് പറഞ്ഞിരുന്നു.

52 ദിവസം നീണ്ട ചിത്രീകരണത്തിന് 15,000 രൂപയായിരുന്നു ഷഫീഖിന് ലഭിച്ചത്. ദേശീയ ചലച്ചിത്ര പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. എന്നാൽ നിമയിൽ വലിയൊരു ഭാവി തുറക്കുമെന്ന പ്രതീക്ഷിച്ച അവന് അതൊന്നും ലഭിച്ചില്ല. സ്വന്തം ചിത്രവും പുരസ്കാരവാർത്തകളും വന്ന പത്രക്കട്ടിംഗുകളുമായി മുംബൈയിലെ സ്റ്റുഡിയോകൾ കയറിയിറങ്ങിയെങ്കിലും അവ​ഗണന മാത്രമാണ് അവന് ലഭിച്ചത്. എട്ടുമാസത്തോളം അവസരങ്ങൾ തേടിയിട്ടും ഫലമുണ്ടാകാതെ വന്നതോടെ അദ്ദേഹം ബെംഗളൂരുവിലേക്ക് മടങ്ങി.

ബെംഗളൂരുവിൽ എത്തിയ ശേഷം വരുമാനത്തിനായി ഷഫീഖ് ഓട്ടോറിക്ഷ ഓടിക്കാൻ തുടങ്ങി. ലോക സിനിമാവേദികളിൽ പോലും ശ്രദ്ധിക്കപ്പെട്ട അവൻ ഒരു സാധാരണക്കാരനിലേക്ക് ചുരുങ്ങി. സലാം ബോംബെക്ക് ശേഷം ഗൗതം ഘോഷിന്റെ ‘പതംഗ്’ എന്ന ചിത്രത്തിലും ഷഫീഖ് അഭിനയിച്ചു. എന്നാൽ പിന്നീട് സിനിമയിൽ സജീവമാകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. തിളക്കത്തിനപ്പുറത്ത് മറഞ്ഞുപോയ, അല്ലെങ്കിൽ മാഞ്ഞുപോയ കലാകാരനായി ഷഫീഖ് സെയ്ദ് മാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News