മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെതിരെ മത്സരിക്കാനൊരുങ്ങി സമാജ് വാദി പാര്‍ട്ടി

മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെതിരെ മത്സരിക്കാനൊരുങ്ങി സമാജ് വാദി പാര്‍ട്ടി. ഇന്ത്യ സഖ്യത്തിന് നേതൃത്വം നല്‍കേണ്ട കോണ്‍ഗ്രസ് സ്വന്തം നിലയില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെയാണ് ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യം തകരുന്നത്. ആം ആദ്മി പാര്‍ട്ടി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതും ഇന്ത്യ സഖ്യത്തിന് തിരിച്ചടിയാകും.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്നിറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ സഖ്യം രൂപീകരിച്ചതെങ്കിലും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഐക്യത്തിന്റെ പ്രതിഫലനം ഉണ്ടാകുമെന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ പ്രഖ്യാപനം. എന്നാല്‍ മധ്യപ്രദേശിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ എല്ലാം പാളി. ഇന്ത്യ സഖ്യത്തിന് ചുക്കാന്‍ പിടിക്കുന്ന കോണ്‍ഗ്രസ്, എസ്പി സീറ്റുകളില്‍ പോലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. എസ്പിക്ക് സ്വാധീനമുളള ഒമ്പത് സീറ്റുകളിലും സംസ്ഥാന കോണ്‍ഗ്രസ് ഘടകം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയായിരുന്നു.

Also Read: 699 രൂപക്ക് മാസം 10 സിനിമ കാണാം; പാസ്പോർട്ട് ടിക്കറ്റ് കേരളത്തിലും

ഹൈക്കമാന്‍ഡ് ഇടപെട്ട് പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടിട്ടും മാറ്റമുണ്ടായില്ല. ഇതോടെ 22 സീറ്റുകളില്‍ മത്സരിക്കാനൊരുങ്ങുകയാണ് എസ്പിയും. മാത്രമല്ല തങ്ങള്‍ക്ക് സ്വാധീനമുളള യുപിയില്‍ ഇതിന് തിരിച്ചടി നല്‍കുമെന്നും എസ്പി മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ഇതോടെ പ്രതിപക്ഷ സഖ്യത്തിന്റെ ഐക്യത്തിനായി മുന്നിട്ടിറങ്ങേണ്ട കോണ്‍ഗ്രസിന്റെ നിലപാട് യുപിയിലും മധ്യപ്രദേശിലും ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നതായി. കൂടാതെ ആം ആദ്മി പാര്‍ട്ടി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതും കോണ്‍ഗ്രസിനെ തന്നെയാണ് പ്രതിരോധത്തിലാക്കുന്നത്.

Also Read: സംവിധായകൻ ബാലചന്ദ്രകുമാർ ഗുരുതരാവസ്ഥയിൽ; സഹായമഭ്യർത്ഥിച്ച് കുടുംബം

ദളിത് കര്‍ഷക പിന്നാക്ക, ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് എസ്പിയും ബിഎസ്പിയും മത്സര രംഗത്തിറങ്ങുന്നതോടെ മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് ഫലവും പ്രവചനാതീതമാകും. ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി വിട്ട മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായ റുസ്തം സിങ് ബിഎസ്പിയില്‍ ചേര്‍ന്നത് ബിജെപിക്കും തിരിച്ചടിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here