‘ധർമ്മികതയ്ക്ക്‌ ക്ഷതമേല്പിക്കുന്നതാണ് സൂംബ ഡാൻസ്’; സ്‌കൂളുകളിലെ സൂംബ ഡാൻസിനെതിരെ സമസ്ത യുവജന വിഭാഗം

സ്‌കൂളുകളിലെ സൂംബ ഡാൻസിനെതിരെ സമസ്ത യുവജനവിഭാഗം. ധർമ്മികതയ്ക്ക്‌ ക്ഷതമേല്പിക്കുന്നതാണ് സൂംബ ഡാൻസെന്ന് എസ്‌വൈഎസ് നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു. രക്ഷിതാക്കൾ ഉയർന്നു ചിന്തിക്കണം എന്നും ആവശ്യപ്പെട്ടു. സ്‌കൂളുകളിൽ ഒട്ടേറെ കായികാദ്ധ്യാപിക തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നതായും വിമർശനം ഉന്നയിച്ചു.

സ്‌കൂളുകളില്‍ ലഹരി വരുദ്ധ ക്യാംപയിന്‍ന്റെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന സൂംബ ഡാന്‍സ് പദ്ധതിയില്‍ നിന്ന് അധ്യാപകനെന്ന നിലയില്‍ താന്‍ വിട്ടുനില്‍ക്കുകയാണെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി കെ അഷ്‌റഫ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സമസ്ത യുവജനവിഭാഗവും രം​ഗത്ത് വന്നത്.

ALSO READ: മുണ്ടക്കൈ – ചൂരൽമല ദുരന്തം: സംസ്ഥാന നാഷണൽ സർവ്വീസ് സ്കീം സമാഹരിച്ച നാലര കോടി സർക്കാരിന് കൈമാറും

മക്കളെ പൊതു വിദ്യാലയത്തില്‍ അയക്കുന്നത് ഗുണമേന്‍മയുള്ള വിദ്യാഭ്യാസത്തിന് വേണ്ടിയാണെന്നും ആണ്‍-പെണ്‍ കൂടിക്കലര്‍ന്ന് അല്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തില്‍ തുള്ളുന്ന സംസ്‌കാരം പഠിക്കാനല്ലെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ടി കെ അഷ്‌റഫ് പറയുന്നു. ഈ പരിപാടിയോട് മാനസികമായി യോജിക്കാത്ത ധാരാളം അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ഉണ്ട്. പ്രതികരിച്ചാൽ എന്താകുമെന്ന ഭീതിയാണ്‌ പലരെയും അസ്വസ്ഥരാക്കുന്നത്. ഇത് ചെയ്തില്ലെങ്കിൽ ഡിപ്പാർട്ട്മെൻ്റിന് വിശദീകരണം നൽകേണ്ടി വരുമെന്നും നടപടി വരുമെന്നൊക്കെ പറഞ്ഞ് പേടിപ്പിക്കാൻ ശ്രമിക്കുന്നതും ശ്രദ്ധയിൽ പെട്ടു. ഇതിൽ നിന്ന് മാറി നിന്നാൽ എന്താണ് സർക്കാർ എടുക്കുന്ന നടപടിയെന്ന് അറിയാൻ വേണ്ടി തന്നെയാണ് പരസ്യമായി ഈ നിലപാട് പറയുന്നത് എന്നും അദ്ദേഹം കുറിച്ചു.

ലഹരി വിരുദ്ധപ്രവർത്തനം ശക്തിപ്പെടുത്തുന്നതിനായി മുഖ്യമന്ത്രി വിളിച്ച ഉന്നത യോഗത്തിലാണ്‌ സൂംബ ഡാൻസ്‌ കുട്ടികളെ പരിശീലിപ്പിക്കാനും എല്ലാ ദിവസവും പരിശീലിക്കാനുള്ള സംവിധാനം സ്‌കൂളിൽ ഒരുക്കാനും നിർദേശം നൽകിയത്‌. സ്കൂൾ കുട്ടികളിലെ മാനസിക സമ്മർദം കുറയ്ക്കാനായാണ് വിദ്യാഭ്യാസ വകുപ്പ് സൂംബ പദ്ധതിക്ക് തുടക്കമിട്ടത്. കുട്ടികളുടെ കായികവും മാനസികവുമായ ഉല്ലാസത്തിനു വേണ്ടിയാണ് സൂംബയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു. കുട്ടികൾ ഉന്മേഷത്തോടെ സ്കൂളിൽ നിന്ന് മടങ്ങണം. അങ്ങനെ വന്നാൽ ലഹരി സംഘങ്ങള്‍ക്കും മറ്റും കുട്ടികളെ സ്വാധീനിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കഴിഞ്ഞ മാസം മെഗാ സൂംബ പരിപാടി നടത്തുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News