
മഹാരാഷ്ട്രയിലെ ബിജെപി ഭരണം ഔറംഗസേബിന്റെ കാലത്തേക്കാള്‍ മോശമാണെന്ന് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റൗത് വിശേഷിപ്പിച്ചു. കാവി പാര്‍ട്ടി കാരണം സംസ്ഥാനത്ത് നിരവധി കര്‍ഷകരാണ് ജീവനൊടുക്കുന്നതെന്നും റൗത് വിമര്‍ശിച്ചു. സംസ്ഥാനത്ത് കര്‍ഷകരും തൊഴിലില്ലാത്തവരും സ്ത്രീകളും ആത്മഹത്യ ചെയ്യുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാരിനെതിരെ റൗത് ആഞ്ഞടിച്ചത്.
‘ഔറംഗസേബിനെ അടക്കം ചെയ്തിട്ട് 400 വര്‍ഷമായി. ഔറംഗസേബ് കാരണമാണോ മഹാരാഷ്ട്രയിലെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത്? സഞ്ജയ് റൗത് ചോദിക്കുന്നു.
മുഗള്‍ ഭരണാധികാരി അതിക്രമങ്ങള്‍ നടത്തിയെങ്കില്‍ ഇന്ന് ബിജെപി സര്‍ക്കാര്‍ എന്താണ് ചെയ്യുന്നതെന്നും സഞ്ജയ് റൗത് ചോദിച്ചു. ശിവസേനയെയും എന്‍സിപിയെയും പിളര്‍ത്തി മഹായുതി സഖ്യമുണ്ടാക്കി നേതൃ സ്ഥാനം വഹിച്ചാണ് ബിജെപി ഭരിക്കുന്നതെന്നും റൗത് പറഞ്ഞു. ഛത്രപതി സംഭാജിനഗറിലെ മുഗള്‍ ഭരണാധികാരി ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ശിവസേന താക്കറെ പക്ഷം നേതാവ്.
എന്നാല്‍ മുന്‍ കോണ്‍ഗ്രസ് ഭരണകൂടം ആ സ്ഥലം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിന് കീഴിലാക്കിയിരുന്നു. അത് കൊണ്ട് നിയമപരമായ പരിധിയിലാകും നടപടിയെന്നും ഫഡ്നാവിസ് സൂചിപ്പിച്ചു. ഛത്രപതി സംഭാജിനഗര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് മറാത്ത രാജാവായ ഛത്രപതി ശിവജി മഹാരാജിന്റെ പിന്‍ഗാമിയും ബിജെപിയുടെ സത്താറ എംപിയുമായ ഉദയന്‍രാജെ ഭോസാലെ ആവശ്യപ്പെട്ടിരുന്നു.
തന്റെ സാമ്രാജ്യ വികസന അഭിലാഷങ്ങളെ ചെറുത്ത മറാത്തകളുമായുള്ള യുദ്ധങ്ങളുടെ പേരിലാണ് ഔറംഗസീബ് മഹാരാഷ്ട്രയില്‍ ഓര്‍മ്മിക്കപ്പെടുന്നത്. ശിവാജി മഹാരാജിന്റെ മകന്‍ സാംബാജിയെ ഔറംഗസീബിന്റെ ഉത്തരവനുസരിച്ച് പിടികൂടി പീഡിപ്പിച്ച് വധിക്കുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

