’10 കൊല്ലം കഴിയുമ്പോൾ എവിടെയെത്തണമെന്നാണ് നിന്റെ ആ​ഗ്രഹം?’ അന്ന് അച്ഛന്റെ ചോദ്യത്തിന് സഞ്ജു നൽകിയ മറുപടി ഇങ്ങനെ…

Sanju Samson JB Junction interview

‘ഇന്നേക്ക് 10 കൊല്ലം കഴിയുമ്പോൾ എന്റെ മനസ്സിൽ നിന്നെക്കുറിച്ച് ഒരു ചിത്രമുണ്ട്, എവിടെ നിൽക്കണമെന്നാണ് നീ ആഗ്രഹിക്കുന്നത്?’ 10 വർഷങ്ങൾക്ക് മുൻപ് കൈരളി ടിവിയിലെ ജെ ബി ജങ്ഷൻ പരിപാടിയിൽ പങ്കെടുത്ത ഇന്ത്യയുടെ അഭിമാനതാരം സഞ്ജു സാംസണോട് അച്ഛൻ ചോദിച്ച ഒരു ചോദ്യമാണിത്. അന്ന് സഞ്ജു നൽകിയ മറുപടി ഇന്നിതാ വീണ്ടും ച‌ർച്ചയാവുകയാണ്. അന്ന് താൻ പറഞ്ഞത് അക്ഷരാർത്ഥത്തിൽ നിറവേറ്റിയിരിക്കുകയാണ് സഞ്‍‍ജു ‘സ്പെഷ്യൽ’ സാംസൺ.

അച്ഛന്റെ ചോദ്യത്തിന് ഉത്തരം പറയാൻ സഞ്ജുവിന് അധികം ആലോചിക്കേണ്ടിവന്നില്ല. ‘അച്ഛൻ ഉദ്ദേശിക്കുന്നത് എനിക്ക് മനസ്സിലായി. 10 വർഷങ്ങൾക്കപ്പുറം ഞാൻ ഇന്ത്യൻ ടീമിൽ ഏറ്റവും നല്ല പ്ലെയർ ആയിട്ട് കളിച്ചുകൊണ്ടിരിക്കുകയായിരിക്കും’. നിറഞ്ഞ ആത്മവിശ്വാസത്തോടെ ആയിരുന്നു അന്ന് 20ന്റെ തുടക്കത്തിലായിരുന്ന സഞ്ജുവിന്റെ മറുപടി. ഇന്നിതാ ലോകക്രിക്കറ്റിന്റെ കൊടുമുടി താണ്ടിയിരിക്കുകയാണ് ഈ മലയാളി.

ALSO READ: സഞ്ജുവിനായി ഗാലറിയിൽ ബേസിൽ; വൈറലായി അഹമ്മദാബാദ് സ്റ്റേഡിയത്തിൽ നിന്നുള്ള ബേസിലിന്റെ വീഡിയോ

സഞ്ജുവിന്റെ യാത്ര എളുപ്പമായിരുന്നില്ല, അയാൾ താണ്ടിയ ദൂരവും അതിന് പിന്നിലെ കഠിനപ്രയത്നവും ഓരോ ക്രിക്കറ്റ് പ്രേമിയുടെയും ഉള്ളിലുണ്ട്.
പ്രതിസന്ധികൾ എന്നും അയാളുടെ വഴിയിൽ ആഞ്ഞടിച്ചുകൊണ്ടേയിരുന്നു. പക്ഷേ തളരാതെ മുന്നോട്ടേക്ക് തന്നെ സഞ്ജു നടന്നു. അന്ന് അച്ഛന് കൊടുത്തത് വെറും വാക്കായിരുന്നില്ല, തന്റെ ജീവിത മന്ത്രം തന്നെയായിരുന്നു സഞ്ജുവിനത്.

അപമാനഭാരത്താൽ തലതാഴ്ത്തി നിൽക്കേണ്ടിവന്ന ഒരു ഭൂതകാലമുണ്ട്, പക്ഷേ അതിനും ഇന്ന് ക്രീസിൽ വില്ലനാകാനായില്ല. ട്വന്റി-20 വേൾഡ് കപ്പിൽ ഇന്ത്യ മുത്തമിട്ടപ്പോൾ അതിന്റെ അമരത്ത് ഉണ്ട് സഞ്ജു വിശ്വനാഥ് സാംസൺ. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ, എതിരാളികളുടെ ബോളിങ് നിരയെ അനായാസം സഞ്ജു നേരിട്ടു. അഞ്ച് ഫോറുകളും എട്ട് സിക്സറുകളും പറത്തി ഇന്നിങ്സ് പൂർത്തിയാക്കിയ സഞ്ജു തന്നെയായി വിജയശിൽപിയും.

അച്ഛന് നൽകിയ വാക്ക് അയാൾ പാലിച്ചു. ഇന്ത്യൻ ക്രിക്കറ്റിന്റെ നെറുകയിലേക്ക് അായളിതാ നടന്നുകയറി. ടി20 ലോകകപ്പ് ഫൈനലിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം, ലോകകപ്പിൽ തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ 50-ലധികം റൺസ് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരം… ടി20 ഫൈനലിൽ റെക്കോർഡുകളുടെ വെടിക്കെട്ടും സഞ്ജു തീർത്തു.

മികച്ചൊരു കളിക്കാരനായി സഞ്ജു വരിക എന്നത് അച്ഛൻ വിശ്വനാഥിന്റെ ആ​ഗ്രഹമായിരുന്നു. നാലോ അഞ്ചോ വയസ്സിൽ തനിക്ക് ബോൾ എറിഞ്ഞു തുടങ്ങിയത് അച്ഛനാണെന്ന് ജെബി ജങ്ഷനിൽ സഞ്ജു പറയുന്നുണ്ട്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വന്നാലും ഉറങ്ങാതെ പ്രാക്ടീസിനായി കുഞ്ഞു സഞ്ജുവിനെയും കൊണ്ട് ​ഗ്രൗണ്ടിലേക്ക് പോകും. ഫുട്ബോൾ ടീമിലെ മുതിർന്നവർ ഏഴെട്ട് വയസുള്ള സഞ്ജുവിനായി ബോളെറിയും. അങ്ങനെയെല്ലാം ട്രെയിൻ ചെയ്തെടുത്തതാണ് അച്ഛൻ തന്നെയെന്ന് സഞ്ജു പറയുന്നു. ഓരോ മാച്ച് ഔട്ട് ആയിക്കഴിഞ്ഞാൽ അച്ഛനെ വിളിച്ച് എന്തുപറയുമെന്ന് അറിയാതെ കുഴങ്ങിപ്പോകാറുണ്ട് സഞ്ജു.

ALSO READ: സച്ചിൻറെ ഉപദേശം ഫലിച്ചു! ക്രിക്കറ്റ് ദൈവത്തിനു നന്ദി പറഞ്ഞ് സഞ്ജു

‘ചിലപ്പോഴൊക്കെ ഫോൺ ഒക്കെ ഓഫ് ചെയ്ത് കിടന്നുറങ്ങും. അത്രക്കും കണക്ടഡാണ്, അല്ലെങ്കിൽ അത്രയ്ക്കും അച്ഛന് വേണ്ടി കളിക്കുന്ന ഒരു ആളാണ്. അപ്പോ അത് ഭയങ്കര സ്ട്രോങ്ങ് ആയിട്ടുള്ള ഒരു ഇമോഷൻ ആണ്. അതാണ് എന്നെ ഇതുവരെ എത്തിച്ചിട്ടുള്ളത്. ഇനി അതാണ് എന്നെ മുകളിലോട്ട് കൊണ്ടുപോകാൻ പോകുന്നതും”, അന്ന് സഞ്ജു പറഞ്ഞു.

“അത്ഭുതങ്ങളിൽ എപ്പോഴും വിശ്വസിച്ചിരുന്നു എന്ന് സഞ്ജു പറയാറുണ്ട്’. മിസ്റ്റർ സഞ്ജു സ്പെഷ്യൽ സാംസൺ നിങ്ങളെ ഞങ്ങൾ എപ്പോഴും വിശ്വസിച്ചിരുന്നു. നിങ്ങൾ തിരിച്ചുവരുമെന്നും ബാറ്റുകൊണ്ട് കളിയാക്കിയവരുടെ വായടപ്പിക്കുമെന്നും ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News