
ചേട്ടൻ ക്യാപ്റ്റനാകുമോ? ക്രിക്കറ്റ് ലോകത്ത് ചൂടൻ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. സഞ്ജു സാംസൺ ഇന്ത്യൻ ടി-20 ടീമിന്റെ നായകനായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിലവിലെ ക്യാപ്റ്റനായ സൂര്യകുമാർ യാദവ് മോശം ഫോമിലാണ്. ഇതോടെ ശ്രേയസ് അയ്യരുടെ പേര് ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഉയർന്നു. എന്നാലിപ്പോൾ സഞ്ജുവിന്റെ പേരാണ് മുഖ്യമായും പരിഗണിക്കുന്നതെന്നാണ് വിവരം.
മിന്നുന്ന ഫോമിലാണ് മലയാളികളുടെ മാത്രമല്ല, ലോക ക്രിക്കറ്റ് പ്രേമികളുടെ തന്നെ ചേട്ടനായ സഞ്ജു. ടി-20 ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിന് ചുക്കാൻ പിടിച്ച സഞ്ജു ഇപ്പോൾ ഐപിഎല്ലിലും വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ലോകകപ്പിൽ, തുടക്കത്തിൽ പുറത്തിരുന്ന് പിന്നീട് ഇന്ത്യയുടെ വിജയശിൽപ്പിയായി അവതരിച്ച സഞ്ജു പ്ലേയർ ഒഫ് ദി ടൂർണമെന്റും ആയത് രോമാഞ്ചത്തോടെയല്ലാതെ ആരാധകർക്ക് ഓർത്തെടുക്കാനാവില്ല.
സൂര്യകുമാർ യാദവിന്റെ നായകസ്ഥാനം സംബന്ധിച്ച് ബിസിസിഐ പുനഃപരിശോധന നടത്തുന്നുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുഎസിനെതിരായ ഇന്നിംഗ്സ് മാറ്റിവെച്ചാൽ ലോകകപ്പിലും കാര്യമായ പ്രകടനം കാഴ്ചവയ്ക്കാൻ സൂര്യകുമാറിനായിട്ടില്ല. ഏതായാലും സഞ്ജുവിന്റെ സാധ്യത ഹൈയിലാണ്. സമീപകാലത്തെ പ്രകടനംകൂടി കണക്കിലെടുത്താൽ ശ്രേയസിന് മേൽ സഞ്ജുവിന് മേൽക്കൈയുണ്ടാകും. കൂടാതെ ഇന്ത്യൻ ടി-20 ടീമിൽ സഞ്ജുവിന്റെ തുടർച്ചയായ സാന്നിധ്യവും അനുകൂലമായ ഘടകമാണ്.
2024ലെ ടി-20 ലോകകപ്പ് മുതൽ ടീമിന്റെ ഭാഗമാണ് സഞ്ജു. 62 അന്താരാഷ്ട്ര മത്സരങ്ങളിൽ കളത്തിലിറങ്ങിയ സഞ്ജു മൂന്ന് സെഞ്ചുറികളും ആറ് അർധസെഞ്ചുറികളും ഉൾപ്പെടെ 1,399 റൺസ് അടിച്ചെടുത്തു. മറുവശത്ത് ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനൊപ്പമാണ് ശ്രേയസ് അയ്യർ. നിലവിൽ പഞ്ചാബിനായി താരം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും അന്താരാഷ്ട്ര ടി-20 ടീമിൽ സജീവമല്ലാത്തത് തിരിച്ചടിയാകാനിടയുണ്ട്. ഇന്ത്യക്കുവേണ്ടി അവസാനമായി ശ്രേയസ് ടി20 കളിച്ചത് 2023 ഡിസംബറിലാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

