
പ്രയാഗ് രാജിലെ കുംഭമേളയ്ക്കിടെ പ്രശസ്തയായ മോണാലിസയെന്ന പെണ്‍കുട്ടിയെ നായികയാക്കി സിനിമയെടുക്കുമെന്ന പ്രഖ്യാപനം നടത്തിയ ചലച്ചിത്ര സംവിധായകൻ സനോജ് മിശ്ര ബലാത്സംഗ കുറ്റത്തിന് അറസ്റ്റിലായത് വൻ വാർത്തയായിരുന്നു. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് മറ്റൊരു യുവതിയാണ് പരാതി നൽകിയത്. എന്നാൽ സംഭവത്തിൽ ഇപ്പോൾ വൻ ട്വിസ്റ്റ് ഉണ്ടായിരിക്കുകയാണ്. ചിലര്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് താന്‍ സംവിധായകനെതിരെ പരാതി നല്‍കിയത് എന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് പരാതിക്കാരി.
സനോജിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ നിന്ന് പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ സ്ത്രീ വിശദീകരണം നൽകുന്നതും താൻ പരാതി പിൻവലിച്ചതായി പറയുന്നതും കാണാം. സനോജ് മിശ്രയ്‌ക്കെതിരെ കള്ളക്കേസ് ഫയൽ ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതായും കേസ് പിൻവലിക്കാൻ ശ്രമിച്ചപ്പോൾ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും യുവതി ആരോപിച്ചു. ചലച്ചിത്ര നിർമ്മാതാവ് വസീം റിസ്‌വിയും മറ്റ് നാല് പേരും തന്റെ ജീവനും പ്രശസ്തിക്കും അപകടമുണ്ടാക്കിയെന്നും അവർ ആരോപിച്ചു.
ദി ഡയറി ഓഫ് വെസ്റ്റ് ബംഗാള്‍ എന്ന സിനിമയ്ക്കുവേണ്ടി സംവിധായകന്‍ സനോജ് മിശ്രയ്‌ക്കൊപ്പം ജോലിചെയ്യുകയായിരുന്നു. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായശേഷം പലരും പ്രകോപിപ്പിച്ചു തുടങ്ങി. അതിനിടെയാണ് മഹാകുംഭമേളയ്ക്കിടെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രശസ്തി നേടിയ മോണാലിസ എന്ന പെൺകുട്ടി രംഗത്തെത്തുന്നത്. അവര്‍ സനോജ് മിശ്രയ്‌ക്കൊപ്പം വിവിധ വേദികളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. അതിനിടെ പലരും തനിക്ക് ചിത്രങ്ങള്‍ അയച്ചുതരികയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇത്തരം നീക്കങ്ങളില്‍ പ്രകോപിതയായാണ് താന്‍ സനോജ് മിശ്രയ്‌ക്കെതിരെ കേസ് കൊടുത്തത്. എന്നാല്‍ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞതോടെ താൻ ഞെട്ടിപ്പോയി. ഇതോടെ കോടതിയിലെത്തി സത്യവാങ്മൂലം നല്‍കുകയും കേസ് പിന്‍വലിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങുകയും ചെയ്തു.
കേസ് പിൻവലിക്കാൻ സത്യവാങ്മൂലം സമർപ്പിക്കാൻ ഞാൻ കോടതിയിൽ പോയപ്പോൾ, ആളുകൾ എന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തന്റെ തെറ്റ് ഇപ്പോൾ മനസ്സിലായി എന്ന് കൂട്ടിച്ചേർത്തുകൊണ്ട്, തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ വസീം റിസ്‌വിയും മറ്റ് നാല് പേരും ഉത്തരവാദികളാണെന്ന് അവർ പറഞ്ഞു.
ഒരു സ്ത്രീയുടെ മാന്യതവച്ചാണ് ചിലര്‍ ഇത്തരം നീക്കങ്ങള്‍ നടത്തുന്നത്. തന്റെ അനുമതിയില്ലാതെ ചിലര്‍ കേസിലെ എഫ്.ഐ.ആര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ചോര്‍ത്തി. ചിലരെ കുടുക്കാന്‍വേണ്ടിയാണ് ഇങ്ങനെചെയ്തത്. ഇതോടെയാണ് താന്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ചിലര്‍ അത് അനുവദിക്കില്ല എന്നതരത്തിലാണ് പെരുമാറിയതെന്നും നടി പറയുന്നു.
28 കാരിയായ സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മാർച്ച് 30 ന് ഡൽഹി പോലീസ് സനോജ് മിശ്രയെ അറസ്റ്റ് ചെയ്തതിന് ശേഷമാണ് വീഡിയോ പോസ്റ്റ് ചെയ്തത്. നാല് വർഷത്തിനിടെ സനോജ് തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് സ്ത്രീ പരാതിയിൽ പറഞ്ഞത്. മൂന്ന് വ്യത്യസ്ത അവസരങ്ങളിൽ മിശ്ര തന്നെ ഗർഭഛിദ്രത്തിന് വിധേയമാക്കിയെന്നും അവർ ആരോപിച്ചു.
ഡൽഹി പോലീസ് പറയുന്നതനുസരിച്ച്, ബലാത്സംഗം, ശാരീരിക ആക്രമണം, നിർബന്ധിത ഗർഭം അലസൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങൾ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം 2024 മാർച്ച് 6 ന് ഒരു പ്രഥമ വിവര റിപ്പോർട്ട് (FIR) രജിസ്റ്റർ ചെയ്തിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here