യൂണിടാക് കോഴക്കേസില്‍ ഒന്നാം പ്രതി സന്തോഷ് ഈപ്പന് ജാമ്യം

യൂണിടാക് കോഴക്കേസില്‍ ഒന്നാം പ്രതി സന്തോഷ് ഈപ്പന് ജാമ്യം. കൊച്ചിയിലെ പ്രത്യേക പിഎംഎല്‍എ കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ടിനു പുറമെ തുല്യ തുകയ്ക്കുള്ള രണ്ടാള്‍ ജാമ്യം, സംസ്ഥാനം വിടരുത്, പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുക തുടങ്ങിയവയാണ് ഉപാധികള്‍.

ഇഡി കേസില്‍ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് സന്തോഷ് ഈപ്പനെ കോടതിയില്‍ ഹാജരാക്കവെയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ജമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കാതിരുന്ന ഇ ഡി സന്തോഷ് ഈപ്പന്‍ അന്വേഷണവുമായി സഹതരിക്കുന്നുണ്ടെന്ന് കോടതിയെ അറിയിക്കുകയായിരുന്നു.ഈ വാദം കണക്കിലെടുത്ത് കോടതി സന്തോഷ് ഈപ്പന് ജാമ്യം അനുവദിക്കുകയായിരുന്നു.ഒരു ലക്ഷം രൂപയുടെ ബോണ്ടിലും തുല്യതുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവും എന്നതടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണം,കോടതി അനുമതിയില്ലാതെ സംസ്ഥാനം വിടരുത് തുടങ്ങിയ ഉപാധികളും ജാമ്യം നല്‍കിക്കൊണ്ടുള്ള ഉത്തരവില്‍ നിര്‍ദേശിക്കുന്നുണ്ട്.

വടക്കാഞ്ചേരി ഭവന നിര്‍മ്മാണ പദ്ധതിയുടെ കരാര്‍ യൂണിടാക് കമ്പനിക്ക് ലഭിക്കാനായി കമ്പനി എം ഡി സന്തോഷ് ഈപ്പന്‍ യു എ ഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്കും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനും കോഴനല്‍കിയെന്നാണ് ഇ ഡി കേസ്. യു എ ഇ റെഡ് ക്രസന്റില്‍ നിന്ന് ലഭിച്ച 19 കോടി രൂപയില്‍ നാലരക്കോടി രൂപ കോഴനല്‍കിയെന്നതാണ് പ്രധാന ആരോപണം.കേസില്‍ ശിവശങ്കറിനെയാണ് ഇ ഡി ആദ്യം അറസ്റ്റ് ചെയ്തത്.ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ ഇ ഡി ശക്തമായി എതിര്‍ത്തതിനെത്തുടര്‍ന്ന് പി എം എല്‍ എ കോടതി ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു. ഇതേത്തുടര്‍ന്ന് ശിവശങ്കര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News