
ഇംഗ്ലണ്ട് പുരുഷ ക്രിക്കറ്റ് ടീമിന്റെ ഫീല്‍ഡിങ് കോച്ചായി മുന്‍ ഇംഗ്ലണ്ട് വനിത ടീം വിക്കറ്റ് കീപ്പര്‍ സാറാ ടെയ്‌ലറെ നിയമിച്ചു. ന്യൂസിലാന്‍ഡിനെതിരെ നടക്കുന്ന ടെസ്റ്റ് മത്സരത്തിലേക്കാണ് ഇടക്കാല ഫീല്‍ഡിങ് കോച്ചായി നിയമിച്ചത്. ഇംഗ്ലണ്ട് ദേശീയ പുരുഷ ടീമിന്റെ കോച്ചാവുന്ന ആദ്യ വനിതയാണ് സാറ.
നിലവിലെ കോച്ചായ കാള്‍ ഹോപിന്‍സണ്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ഐ.പി.എല്‍ മത്സരത്തിന്റെ തിരക്കില്‍ ഇന്ത്യയിലായതിനാലാണ് സാറയെ ചുമതലയേല്‍പ്പിച്ചത്. ഇംഗ്ലണ്ട് പുരുഷ ക്രിക്കറ്റ് ടീം ഡയറക്ടര്‍ റോബ് കീയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ലോകത്തെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍മാരിലൊരാളായി അറിയപ്പെടുന്ന താരമാണ് 37കാരിയായ സാറ. 13 വര്‍ഷം നീണ്ടുനിന്ന അന്താരാഷ്ട്ര കരിയറില്‍ എല്ലാ ഫോര്‍മാറ്റില്‍നിന്നുമായി 2017 ലോകകപ്പ് ഉള്‍പ്പെടെ ഇംഗ്ലണ്ടിനായി 226 കിരീടങ്ങള്‍ നേടിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ച ശേഷം കോച്ചിങ്ങിലേക്ക് തിരിയുകയായിരുന്നു. സസെക്‌സ്, മാഞ്ചസ്റ്റര്‍ ഒറിജിനല്‍സ് എന്നീ പുരുഷ ടീമുകളുടെ കോച്ചായി പ്രവര്‍ത്തിച്ചിരുന്നു. ഇതിനുശേഷമാണ് ദേശീയ ടീമിന്റെ കോച്ച് പദവി സാറയെ തേടിയെത്തിയത്.
Also Read: കോഹ്‍ലിയുടെ ആറാട്ട്… തകർപ്പൻ സെഞ്ച്വറിയോടെ ബെംഗളൂരു കളി തൂക്കി; പട്ടികയിൽ ഒന്നാമത്
അടുത്തമാസമാണ് ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മിലുള്ള ടെസ്റ്റ് മത്സരം. ജൂണ്‍ നാലുമുതല്‍ എട്ടുവരെ ലണ്ടനിലാണ് ആദ്യ മത്സരം. തുടര്‍ന്ന് ജൂണ്‍ 17 മുതല്‍ 21 വരെ ലണ്ടനില്‍ തന്നെ രണ്ടാമത്തെയും ടെസ്റ്റ് നടക്കും. ജൂണ്‍ 25 മുതല്‍ 29 വരെ നോട്ടിങ്ഹാമിലാണ് മൂന്നാമത്തെ ടെസ്റ്റ് മത്സരം. ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ട് മികച്ച പ്രകടനം പുറത്തെടുത്താല്‍ സാറയ്ക്ക് കൂടി അത് ഏറെ ഗുണകരമാവുമെന്നാണ് ക്രിക്കറ്റ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

