
മഹാരാഷ്ട്രയിലെ ബീഡില്‍ കൊലചെയ്യപ്പെട്ട സര്‍പഞ്ചിന്റെ കേസ് പരിഗണിക്കേണ്ട ജഡ്ജി അന്വേഷണത്തിന്റെ ഭാഗമായി സസ്‌പെന്റ് ചെയ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുമായി ഹോളി ആഘോഷിക്കുന്നതിന്റെ വീഡിയോ വൈറലായി. സന്തോഷ് ദേശ്മുഖ് എന്ന സര്‍പഞ്ചാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി സസ്‌പെന്റ് ചെയ്യപ്പെട്ട രണ്ട് പൊലീസുകാര്‍ക്കൊപ്പം കേസ് പരിഗണിക്കേണ്ട അഡീഷണല്‍ സെഷന്‍സ് ജഡ്ജി ആഘോഷത്തില്‍ പങ്കെടുത്തത് സര്‍ക്കാര്‍ പരിശോധിക്കണമെന്ന് ചൂണ്ടിക്കാട്ടി സാമൂഹിക പ്രവര്‍ത്തകയായ അഞ്ജലി ധമാനിയാണ് വിവരം പുറത്ത് വിട്ടത്.
കുറ്റവാളികളെ രക്ഷപ്പെടാന്‍ സഹായിച്ച പൊലീസ് ഇന്‍സ്‌പെക്ടര്‍ രാജേഷ് പാട്ടീല്‍ നിര്‍ബന്ധിത ലീവിന് പുറത്തുനില്‍ക്കുന്ന ഇന്‍സ്‌പെക്ടര്‍ പ്രശാന്ത് മഹാജന്‍ എന്നിവര്‍ കേസ് പരിഗണിക്കേണ്ട ജില്ലാ സെഷന്‍സ് കോടതി ജഡ്ജി സുധീര്‍ ഭാജ്പാലെയുമായി ഹോളി ആഘോഷിക്കുന്നത് എങ്ങനെ അംഗീകരിക്കും ഇത് നീതിക്ക് നിരക്കാത്തതാണെന്ന് ദൃശ്യങ്ങള്‍ പങ്കുവച്ചുകൊണ്ട് ധമാനിയ ചോദിക്കുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ 9നാണ് ബീഡിലെ മസാജോഗ് ഗ്രാമത്തിലെ സര്‍പഞ്ച് സന്തോഷ് ദേശ്മുഖിനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയത്.
ALSO READ: ഹോളി ആഘോഷിക്കാൻ മസ്‌ജിദുകൾ മറച്ചത് അംഗീകരിക്കാനാകില്ല: സംയുക്ത കിസാൻ മോർച്ച
അതേസമയം ഇക്കാര്യത്തില്‍ ബീഡിലെ പൊലീസ് സൂപ്രണ്ട് നടത്തിയ പ്രതികരണത്തിനെതിരെ സമൂഹമാധ്യങ്ങളിലടക്കം വിമര്‍ശനം ഉയരുന്നുണ്ട്. മൂവരും ഹോളി ആഘോഷിച്ചത് അവരുടെ സ്വകാര്യ നിമിഷങ്ങളാണെന്നാണ് സൂപ്രണ്ട് പറഞ്ഞത്. മാത്രമല്ല ഇത് കഴിഞ്ഞ വര്‍ഷത്തെ ദൃശ്യങ്ങളാണോ എന്നതില്‍ വ്യക്തതയില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി ധനഞ്ജയ് മുണ്ടെ, കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട സഹായി വാല്‍മീക് കാരാഡ് എന്നിവര്‍ക്കെതിരെ തുടര്‍ച്ചയായ ആരോപണങ്ങളുമായി ധമാനിയ രംഗത്തെത്തിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

