ബിജെപി അനുകൂല പ്രസ്താവന, ബിഷപ്പ് പാംപ്ലാനിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ‘സത്യദീപം’

തലശ്ശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന തള്ളി സത്യദീപം മാസിക. ബിജെപിക്ക് എംപി നല്‍കിയാല്‍ എല്ലാം ശരിയാകുമെന്ന നിലപാട് ബാലിശമാണെന്ന വിമര്‍ശനമാണ് സത്യദീപം ഉയര്‍ത്തുന്നത്. അങ്കമാലി അതിരൂപതയുടെ മുഖവാരികയാണ് സത്യദീപം. കര്‍ഷകരുടെ ആത്മാഭിമാനത്തെ പാംപ്ലാനി 300 രൂപയ്ക്ക് പണയം വച്ചുവെന്ന കടുത്ത വിമര്‍ശനമാണ് സത്യദീപം ഉന്നയിച്ചിരിക്കുന്നത്.

‘ആസിയാന്‍ നയങ്ങള്‍ കുരുക്കൊരുക്കുന്ന ഇറക്കുമതിയുടെ ഉദാരനയങ്ങള്‍ കര്‍ഷകര്‍ക്ക് പൊതുവിലും റബ്ബര്‍ കര്‍ഷകര്‍ക്ക് പ്രത്യേകിച്ചും ദുരിത പരമ്പരകള്‍ സമ്മാനിക്കുമ്പോള്‍ കഴിഞ്ഞ 9 വര്‍ഷമായി അതിനെതിരെ യാതൊന്നും ചെയ്യാത്ത കേന്ദ്രസര്‍ക്കാരിന് നേതൃത്വം നല്‍കുന്ന ബിജെപിക്ക് മലയോര ജനത എംപിയെ നല്‍കിയാല്‍ എല്ലാം പരിഹൃതമാകും എന്ന ധാരണ എത്ര ബാലിശമാണെന്ന’ ചോദ്യമാണ് സത്യദീപം ഉയര്‍ത്തിയിരിക്കുന്നത്. കൃഷിയുടെ കുത്തകവത്കരണം കാര്‍ഷികനയമായി സ്വീകരിച്ച കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ സമീപനങ്ങള്‍ക്കെതിരെ ഒരു വര്‍ഷം നീണ്ട കര്‍ഷക സമരത്തെക്കുറിച്ച് പ്രസ്താവന നടത്തിയ വേദിയില്‍ വച്ച് പാംപ്ലാനിയെ ആരും ഓര്‍മ്മപ്പെടുത്തത് കഷ്ടമായിപ്പോയെന്നും സത്യദീപം ചൂണ്ടിക്കാണിക്കുന്നുണ്ട്.

പാംപ്ലാനിയുടെ പ്രസ്താവന കര്‍ഷകര്‍ക്ക് പ്രതികൂലമായി പരിണമിച്ചുവെന്ന് ചൂണ്ടിക്കാണിക്കുന്ന ലേഖനം ക്രൈസ്തവര്‍ക്ക് നേരെയുള്ള ആര്‍ എസ് എസ് അതിക്രമങ്ങള്‍ മറക്കരുതെന്നും ഓര്‍മ്മിപ്പിക്കുന്നു. പാംപ്ലാനി പ്രസ്താവന തിരുത്തണമെന്നും സത്യദീപം ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here