
(മഹാഗുരു വികെഎൻ -ൻ്റെ സ്വന്തം ചോരയാണ് പയ്യൻ എന്ന അനശ്വര കഥാപാത്രം. ഇവിടെ, ഒരു ധൈര്യത്തിന് വേണ്ടി ആവാഹിച്ച് വരുത്തിയതാണ് പുമാനെ.നാണ്വാര് പൊറുക്കണം )
പൗരാണിക ക്ഷൗരാലയം വക റെഡി ടു വാഷ് പാക്കേജ് വഴി ക്ഷൗരവും തേപ്പും കുളിയും തരണം ചെയ്ത ചതയം തിരുനാളിന് ചാരേ,
സിക്രത്തേരി പയ്യൻസ് വായ പൊളിച്ചു വിതുമ്പി.
അടിയൻ…
ചതയം തിരുനാൾ അന്നേരം ഉവാച : വദനം മ്ലാനമാകാൻ എന്താണ് പയ്യൻസ് ഹേതുകം..?
അടിയൻ… തിരുമേനി അറിയുന്നുണ്ടോ പുറത്തെ പുകിലുകൾ. ശ്രീ പിഎം, കള്ള്, കരിമണൽ, നീലത്തിമിംഗലം (ബ്ലൂ ഇക്കോണമി എന്ന് മറുഭാഷ ), നാടിനെ തുറമുഖ നഗരിയാക്കി മാറ്റൽ, എന്നിത്യാദി വിളംബരങ്ങളെത്തുടർന്ന് നമ്മുടെ പാളയത്തിൽത്തന്നെയാണിപ്പോൾ പടപ്പുറപ്പാടുകളെല്ലാം. കിഞ്ചന വർത്തമാനങ്ങൾ മറ്റ് പല വിധം വേറെയുമുണ്ട്.
ഇത് കേട്ടാറെ ജ്വലിച്ച ചതയേശനമറി, ഛായ് ആരവിടെ…? ഡേയ്, പയ്യൻസ്. ഞാനാരെന്നു കണ്ടു നീ കൂപമണ്ഡൂകമേ. പറയെടാ കീടമേ, ആരാകുന്നു നോം..
അടിയൻ…
അങ്ങാകുന്നു ചതയം തിരുനാൾ ശ്രീപൂക്കി തമ്പുരാൻ.
പോര, ഇനിയും വിശേഷിപ്പിക്കൂ.
അടിയൻ… നമ്മൾ പ്രതിപക്ഷത്തിരുന്നപ്പോൾ അവിടുന്ന് പ്രതിപക്ഷ മുന്നണിയുടെ ചേറുമീൻ ആയിരുന്നു. ഇപ്പോൾ നമ്മൾ ഭരണക്കാരായപ്പോൾ
ഇതേ അവിടുന്നുതന്നെ മുതലമൈച്ചരും ഭരണമുന്നണിയുടെ ചെയർമാനും നികുതി കാര്യ/ധനകാര്യ / തുറമുഖ കാര്യ/ നിയമകാര്യ വിചാരിപ്പുകാരനും മറ്റും മറ്റും ആയിരിക്കുന്നുവല്ലൊ തിരുമനസ്സേ.
റൈറ്റ്. ദെയർ യൂ ആർ മിസ്റ്റർ പയ്യൻസ്. നൗ കം. നോട്ട് ദീസ് പോയിൻ്റ്സ്.
കള്ളുൾപ്പെടെ, വിൽക്കാൻ വെച്ചിരിക്കുന്ന എല്ലാത്തരം ഉൽപ്പന്നങ്ങളുടേയും നികുതി നിശ്ചയിക്കുന്നത് വിൽപ്പന നികുതി വകുപ്പാണ്.
അതല്ലാതെ, അതത് വകുപ്പ് സചിവന്മാരോട് ചോദിച്ച് അവർ സമ്മതിക്കുന്ന നിരക്കിൽ മാത്രമേ വിൽപ്പന നികുതി വാങ്ങാവൂ എന്ന് ഏത് റൂൾ ബുക്കിലാണ് പയ്യൻസ് ലിഖിതമുള്ളത്. മറുപടി മസ്റ്റ്.
അടിയൻ…
ബി സ്പെസിഫിക്, ഹൈനെസ്സ്. മദ്യം മാരീചനാകുന്നു സർ.വീര്യം കുറഞ്ഞത് എന്ന ന്യായം പറഞ്ഞ് നികുതി നിരക്കും വിലയും കുറച്ച് വിറ്റാൽ ജെൻസീയും ജെൻ ആൽഫയും വരെ ജെൻഡർ വ്യത്യാസമില്ലാതെ, നാരങ്ങാവെള്ളം പോലെ ഇത് വാങ്ങി വലിച്ച് കുടിക്കില്ലേ തിരുമേനീ…
സ്ഥാലീ പുലാക ന്യായപ്രകാരം ജനമാസകലം ഇതിന്മേൽ, ഇപ്പോൾത്തന്നെ ക്രൂദ്ധരുമാണത്രെ.
എന്തോന്നെഡേയിത്…
ആരുടെ ക്രോധം, ആരിക്ക് ക്രോധം. നക്രതുണ്ഡികളും അധീരന്മാരും മറ്റും വിറപ്പിച്ചാൽ വിറയ്ക്കുന്നവർ പെരുന്നയ്ക്കടുത്ത വേണുഗോപാലസദനത്തിലുണ്ടാകാം. അവർക്കൊക്കെ, നോ ഉണ്ട വിൽ വാക്ക് ( ഒരു ഉണ്ടയും നടക്കില്ല). ബട്ട്, ഈ ചതയപ്പെരുമാളിനതല്ല.
നാഴിക വിനാഴികകൾ പരശ്ശതം കുതിച്ചോടിയാലേ ലക്ഷ്യത്തിനടുത്തെങ്കിലുമെത്തിപ്പെടു.
അടിയൻ… ഏതാണാ ലക്ഷ്യം, യുവർ ഹൈനെസ്സ്.
വെൽ, യുവർ ക്വസ്റ്റ്യൻ ഈസ് ഡയറക്റ്റ് ആൻറ് സിംപിൾ. ബട്ട് ദ് ആൻസർ ഈസ് സംതിങ് മച്ച് മോർ ഹയർ ദാൻ ദാറ്റ്. അത് എന്തെന്നാൽ, രാജ്യപുരോഗതിക്കായി പ്രധാൻമന്ത്രി നരേന്ദ്ര മോദിജി അരുളിച്ചെയ്ത ഒരു അതിനൂതന രാഷ്ട്ര നിർമ്മാണ വിദ്യയുണ്ട്. നാലഞ്ച് വർഷം മുൻപ് ടിയാൻ നിർവഹിച്ച ഒരു പാരായണം തന്നെ ഇതു സംബന്ധിച്ചായിരുന്നു. അതാണിപ്പോൾ ഈ ഹരിത കേദാര ഭൂവിൻ്റെ പുരോഗതിക്കായി നോം തൊടുക്കാൻ പോകുന്ന ഒറ്റമൂലി എന്നറിക, വെറും പയ്യൻസായ നീ.
ഓഹോ..! എന്നാലാ രഹസ്യ കൂശ്മാണ്ഡം എന്തെന്നറിഞ്ഞിട്ടു തന്നെ ബാക്കി കാര്യം. അവിടുന്ന് അടിയനോടത് ഓതിയാലും പ്രഭോ.
നീചാ. നെൻ്റെ കാത് തുളച്ചു പോം മട്ടിൽ ഇനി ഇപ്പറയുന്നത് ശ്രവിച്ചു കൊൾക.
അന്നൊരു ബുധനാഴ്ച ദിനം ആയിരുന്നു പോൽ. വർഷമാസം തീയതി പ്ലസ് സമയം സമം 2021 ഫെബ്രുവരി 24. അന്ന് രാവിലെ10.30 നിബിഡത്തിലെ സമയരഥത്തിലേക്കാണിനി ടൈം ട്രാവൽ.
ഇന്ദ്രപ്രസ്ഥത്തിലെ തൻ്റെ അതിവിശാലമായ ഗുഹാക്ഷേത്രത്തിൽ ഒളിച്ചിരിക്കുന്ന, 58 ഇഞ്ച് നെഞ്ചളവുള്ള വിശ്വഗുരു ഒരു വെബിനാറിലേക്ക്, ഇരുന്ന് പ്രവേശിക്കുകയായി. രാജ്യത്തിന് വേണ്ടി താൻ തയാറാക്കിയ പുത്തൻ ഒറ്റമൂലി, ടിയാൻ്റെ മൊഴി മുത്തുകളായി രാജ്യാതിർത്തിയും
കടന്ന് യൂണിവേഴ്സലായി പറന്നു പൊങ്ങി ഉയരുകയായി.
”മൈ ഗവണ്മെൻ്റ് ഹാസ് നോ ബിസിനസ് ടു ബി ഇൻ ബിസിനസ്” എന്നതാണ് മോദിജി അന്നത്തെ വെബിനാറിൽ തൻ്റെ യൂണിയൻ ഗവണ്മെൻ്റിനു വേണ്ടി അവതരിപ്പിച്ച പുതുപുത്തൻ താത്വിക / താർക്കിക ന്യായ ഭാരം.കേന്ദ്ര സർക്കാരിലെ ഡിപ്പാർട്ട്മെൻറ് ഓഫ് ഇൻവെസ്റ്റ്മെൻറ് ആൻറ് പബ്ളിക് അസറ്റ് മാനേജ്മെൻറ് വകുപ്പിൻ്റെ വക വെബിനാറിൽ ആയിരുന്നു പുതിയ ഫിലോസഫി മാലോകർക്ക് മുമ്പിലേക്ക് പുഴുങ്ങിവെച്ചത്.
തന്ത്രപ്രധാനമല്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം (PSU) സ്വകാര്യ മേഖലയ്ക്ക് വിൽക്കണമെന്ന് വെബിനാറിൽ മോദിജി ഓങ്ങിയടിച്ച് വാദിച്ചു. ബിസിനസ്സ് നടത്തുക എന്നത് സർക്കാരിന്റെ ജോലിയല്ല, നികുതിപ്പണം ഉപയോഗിച്ച് നഷ്ടത്തിൽ ഓടുന്ന സ്ഥാപനങ്ങളെ നിലനിർത്തുന്നത് പൊതുജനക്ഷേമത്തിനുള്ള പദ്ധതികളുടെ വിഭവങ്ങൾ ചോർത്തും, അദ്ദേഹം പറഞ്ഞു. എണ്ണ, വാതകം, ഊർജം തുടങ്ങിയ മേഖലകളിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ കീഴിൽ പൂർണ്ണമായി ഉപയോഗിക്കപ്പെടാത്തതോ ഉപയോഗശൂന്യമായി കിടക്കുന്നതോ ആയ നൂറോളം ആസ്തികൾ വഴി പണമുണ്ടാക്കുമെന്നും (monetised), ഇത് 2.5 ലക്ഷം കോടി രൂപയുടെ നിക്ഷേപാവസരങ്ങൾ സൃഷ്ടിക്കുമെന്നും ഉദ്ദണ്ഡ ശാസ്ത്രികളെപ്പോലെ ഈറ്റമായി മോദിജി തർക്കിച്ചു.
സംരംഭങ്ങളെയും ബിസിനസ്സുകളെയും പിന്തുണയ്ക്കണം. അത് രാജാവിൻ്റെ ധർമ്മമാണ്. ബട്ട്, രാജ്യം തന്നെ സ്ഥാപനങ്ങൾ തുടങ്ങുകയും നടത്തുകയും ചെയ്യണം എന്ന ശാഠ്യം ഇനിമേൽ അരുത്. 2021-22 ബജറ്റിലെ സ്വകാര്യവൽക്കരണത്തെപ്പറ്റി വാചകമടിക്കാനായി കൂടിയ മീറ്റിങ്ങിൽ പ്രധാനമന്ത്രി വശ്യവചസ്സായി, സകല വെബിനാറികളേയും മൃഗീയമായി ഹിംസിച്ചു കൊണ്ട് ചിരിച്ചു.
സ്വകാര്യ മേഖലയിൽ നിന്നും നിക്ഷേപം, ആഗോളതലത്തിലെ മികച്ച പ്രവർത്തനശൈലി, കിടയറ്റ ഗുണനിലവാരമുള്ള മാനേജർമാർ, മാനേജ്‌മെന്റിലെ മാറ്റങ്ങൾ, ആധുനികവൽക്കരണം എന്നിവ കൊണ്ടുവരുമെന്നും ആരാധ്യൻ പ്രസ്താവിച്ചു. ഓഹരി വിൽപനയിലൂടെ ലഭിക്കുന്ന പണം കുടിവെള്ളം, ശുചിത്വം, വിദ്യാഭ്യാസം, ആരോഗ്യം എന്നിങ്ങനെ വിവധ പൊതുജനക്ഷേമ പദ്ധതികളിലേക്ക് മാറ്റുമെന്നും ടിയാൾ, കൂട്ടിച്ചേർക്കയുണ്ടായി.
തന്ത്രപ്രധാനമായ നാലെണ്ണമൊഴികെ മറ്റെല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും താൻ സ്വകാര്യവൽക്കരി ക്കുമെന്നത് കട്ടായം എന്നാണ് മോദിജി അന്ന് ആണയിട്ടത്.
1.ആണവോർജ്ജം, ബഹിരാകാശം, പ്രതിരോധം 2.ഗതാഗതവും വാർത്താവിനിമയവും
3.ഊർജ്ജം, പെട്രോളിയം, കൽക്കരി, മറ്റ് ധാതുക്കൾ
4. ബാങ്കിംഗ്, ഇൻഷുറൻസ്, സാമ്പത്തിക സേവനങ്ങൾ. എന്നിവയാണ് ഈ നാല് മേഖലകൾ.
ഈ മേഖലകളിലൊന്നും സർക്കാരിനിനി നേരിട്ട് യാതൊരു പങ്കുമില്ല. വല്ലപ്പോഴുമെങ്ങാനും എത്തിനോക്കാൻ മാത്രമേ അനുവദിക്കൂ. “ബിസിനസ്സ് ചെയ്യുക എന്നത് സർക്കാരിന്റെ ജോലിയല്ല,” അദ്ദേഹം പറഞ്ഞു. ആധുനികവൽക്കരിക്കുക, പണമാക്കുക (Modernise and monetise) എന്നതാണ് ഇനി ഞങ്ങളുടെ മുദ്രാവാക്യമെന്നും മഹാനുഭാവൻ വ്യക്തതയോടെ ഉരചെയ്താൻ.
നൃപനും സചിവർക്കും ശ്രദ്ധ വേണ്ടത് വികസനത്തിലും പൊതുമേഖലയിലുമാകണം. എപ്പോഴൊക്കെ രാജ്യം ബിസിനസ്സിൽ ഏർപ്പെടുന്നുവോ അപ്പോഴൊക്കെ അത് നഷ്ടത്തിലേക്ക് നയിക്കും എന്നതാണ് ചരിത്രമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നഷ്ടത്തിൽ ഓടുന്ന പല പൊതുമേഖലാ സ്ഥാപനങ്ങളും നികുതിദായകരുടെ പണം ഉപയോഗിച്ചാണ് നിലനിർത്തുന്നതെന്നും, ഈ പണം യഥാർത്ഥത്തിൽ ക്ഷേമപദ്ധതികൾക്കായി ഉപയോഗിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം വിരൽ ചൂണ്ടി.
ഇന്ത്യയിലെ രണ്ടാമത്തെ വലിയ എണ്ണക്കമ്പനിയായ ബിപിസിഎൽ (BPCL), ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യ, ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, ഹെലികോപ്റ്റർ സേവന കമ്പനിയായ പവൻ ഹാൻസ്… തുടങ്ങിയ സ്ഥാപനങ്ങളിലെ സർക്കാർ ഓഹരികൾ വിറ്റഴിക്കുന്നതിലൂടെ 1.75 ലക്ഷം കോടി രൂപയാണ് ലക്ഷ്യമിടുന്നത്, മാന്യൻ വെളിപ്പെടുത്തി.
പ്രധാൻമന്ത്രിജീയുടെ, മേൽ പ്രസ്താവിച്ച അത്യന്താധുനിക ഭരണതന്ത്രവും ഫിലോസഫിയുമാകുന്നു മിസ്റ്റർ പയ്യൻസ്, നോമിന് വഴികാട്ടി. മലയാളക്കര ഇനി കാണാൻ പോകുന്ന പൂരവും വെടിക്കെട്ടും ലളിതകോമള മുന്നേറ്റങ്ങളും നൽകുന്ന വിസ്മയം തന്നെയാകുന്നുവല്ലൊ ഇതെല്ലാം. ബ്ലൂ ഇക്കോണമിയും തുറമുഖ നഗരിയും ധാതു ഇടനാഴിയുമടക്കം നമുക്കുള്ള സകലതുമിനി സ്വകാര്യസംരംഭകർക്കായി നോം തുറന്നുകൊടുക്കാൻ പോകുന്നു.എതിർക്കാൻ വരുന്നവർക്കഹോ കഷ്ടം ആൻ്റ് നോ രക്ഷ. ഒരൗദാര്യം എന്ന നിലയിൽ അവറ്റകൾക്ക് നാടുവിട്ടോടാൻ അവസരവും അതിനുള്ള വണ്ടിക്കാശും നൽകുന്നതിന് പ്രജാസഭയുടെ നടപ്പു സമ്മേളനത്തിൽ പ്രത്യേക പ്രമേയം കൊണ്ടുവരുന്നതിനെപ്പറ്റി സഹർഷം പരിഗണിക്കാവുന്നതാണ്.ന്താ, പോരേ പയ്യനവർകളേ..
ഇതികർത്തവ്യതാ മൂഢത എന്നൊക്കെ ചില എഴുത്തോല ചമയങ്ങളിലാണ് പയ്യൻസ് മുൻപ് കേട്ടിട്ടുള്ളത്. ഇപ്പൊ ദാ, സ്വാനുഭവത്തിലും അതെത്തിപ്പോയി. എന്തായാലും കേമം, മഹാ കേമം തന്നെ നിന്തിരുവടീ അങ്ങുന്നിൻ ലീലാവിലാസങ്ങൾ, ഹാറ്റ്സ് ഓഫ് ടു യു, ഡിയർ ഡിയറർ ഡിയറസ്റ്റ് ഹൈനെസ്സ്…!!!
(മുതിർന്ന മാധ്യമ പ്രവർത്തകനാണ് ലേഖകൻ)

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

