
വോട്ടെണ്ണലിന് കേന്ദ്ര സർക്കാർ ജീവനക്കാരെ നിയോഗിച്ചതിനെതിരെ തൃണമൂൽ കോൺഗ്രസ് നൽകിയ ഹർജി തള്ളി സുപ്രീം കോടതി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സർക്കുലറിൽ ചട്ടവിരുദ്ധമായി ഒന്നുമില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. വോട്ടെണ്ണൽ പ്രക്രിയയിൽ കേന്ദ്ര സർക്കാർ ജീവനക്കാരെ നിയോഗിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ചട്ടവിരുദ്ധമല്ലെന്ന് കോടതി നിരീക്ഷിച്ചു.
വോട്ടെണ്ണൽ സൂപ്പർവൈസർമാരായി കേന്ദ്ര സർക്കാർ ജീവനക്കാരെ മാത്രം നിയോഗിക്കുന്നതിനെതിരെയായിരുന്നു തൃണമൂൽ കോടതിയെ സമീപിച്ചത്. കേന്ദ്ര ജീവനക്കാർക്ക് പുറമെ സംസ്ഥാന സർക്കാർ ജീവനക്കാരെയും ഈ ചുമതലകളിൽ ഉൾപ്പെടുത്തണമെന്നായിരുന്നു തൃണമൂൽ കോൺഗ്രസിന്റെ പ്രധാന ആവശ്യം.
റിട്ടേണിംഗ് ഓഫീസർമാരായി നിലവിൽ സംസ്ഥാന സർക്കാർ ജീവനക്കാരെയാണ് നിയോഗിച്ചിട്ടുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. കൂടാതെ, വോട്ടെണ്ണൽ സമയത്ത് തൃണമൂൽ കോൺഗ്രസിന്റെ കൗണ്ടിംഗ് ഏജന്റുമാർ അവിടെ ഉണ്ടാകുമെന്നതിനാൽ ഈ പ്രക്രിയയിൽ മറ്റ് അപാകതകൾ ഉണ്ടാകാൻ സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി തൃണമൂലിന്റെ ഹർജി തള്ളുകയായിരുന്നു. സമാനമായ ഒരു ഹർജി നേരത്തെ ഹൈക്കോടതിയിലും എത്തിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

