സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത; ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത ആവശ്യപ്പെട്ട ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷ വഹിക്കുന്ന ഭരണ ഘടനാ ബെഞ്ചിലാണ് വാദം കേള്‍ക്കുന്നത്. ഹര്‍ജിക്കെതിരെ ശക്തമായി എതിര്‍പ്പുന്നയിച്ചു കേന്ദ്രസര്‍ക്കാര്‍ രണ്ട് വട്ടമാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് നിയമനിര്‍മാണ സഭകളാണെന്ന് കേന്ദ്രം വാദിക്കുന്നു. നഗരകേന്ദ്രീകൃത വരേണ്യ വര്‍ഗത്തിന്റെ ആശയമാണ് ഹര്‍ജിക്കു പിന്നിലെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

സ്വവര്‍ഗവിവാഹ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇന്നലെ സുപ്രീംകോടതിയില്‍ രണ്ടാം എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. സ്വവര്‍ഗ വിവാഹം നഗരകേന്ദ്രീകൃത വരേണ്യ വര്‍ഗത്തിന്റെ കാഴ്ചപ്പാടെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ആദ്യ സത്യവാങ്മൂലത്തില്‍ സ്വവര്‍ഗവിവാഹം ഇന്ത്യന്‍ സംസ്‌കാരത്തിനും കുടുംബവ്യവസ്ഥയ്ക്കും എതിരാണ് എന്നായിരുന്നു മറുപടി. നാളെ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വിഷയത്തില്‍ വാദം കേള്‍ക്കാനിരിക്കെയാണ് സര്‍ക്കാര്‍ രണ്ടാം സത്യവാങ്മൂലം നല്‍കിയത്. സ്വവര്‍ഗവിവാഹം നഗരകേന്ദ്രീകൃത വരേണ്യ വര്‍ഗത്തിന്റെ കാഴ്ചപ്പാടെന്ന് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. സാമൂഹിക സ്വീകാര്യതയ്ക്കുവേണ്ടിമാത്രം വ്യക്തികള്‍ പറയുന്നതാണ് ഇത്തരം കാര്യങ്ങളെന്നും ഇത്തരം ഹര്‍ജികള്‍ നിലനില്‍ക്കുമോ എന്ന് കോടതികള്‍ പരിശോധിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ മറുപടി നല്‍കി.

ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടത് നിയമനിര്‍മാണ സഭകളാണെന്ന് കൂടി സര്‍ക്കാര്‍ മറുപടിയില്‍ കൂട്ടിച്ചേര്‍ത്തു. കോടതി ഇത്തരം കേസുകളില്‍ വിധികള്‍ പുറപ്പെടുവിക്കുന്നത് പുതിയ നിയമങ്ങള്‍ ഉണ്ടാക്കുന്നത് പോലെയാണ്. അതുകൊണ്ടുതന്നെ കോടതികള്‍ ഇതില്‍നിന്ന് പിന്തിരിയണം. ഇത്തരം വിഷയങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ രാജ്യത്തെ മതവിഭാഗങ്ങളെ കൂടി കണക്കിലെടുത്തേ മുന്നോട്ടുപോകാനാകൂ എന്നും കേന്ദ്രസര്‍ക്കാര്‍ നല്‍കിയ മറുപടിയില്‍ ചൂണ്ടിക്കാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here