
സ്കൂട്ടർ തട്ടിപ്പ് കേസിലെ പ്രതി അനന്തുകൃഷ്ണന് ഉന്നത രാഷ്ട്രീയ ബന്ധമെന്ന് പൊലീസ്. കൂട്ടു പ്രതികൾ ഉന്നത ബന്ധമുള്ള രാഷ്ട്രിയ നേതാക്കളെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.കസ്റ്റഡി അപേക്ഷയിലാണ് ഈ വിവരങ്ങൾ പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.
പ്രതി ബന്ധുക്കളുടെ പേരിൽ പണം കൈമാറിയെന്നും കേരളത്തിന് പുറത്ത് ബിനാമി പേരിൽ അനന്തുകൃഷ്ണന് സ്വത്തുക്കൾ ഉണ്ടെന്നും പൊലീസ് പറഞ്ഞു. തട്ടിയെടുത്ത പണം ധനകാര്യ സ്ഥാപനങ്ങളിൽ നിക്ഷേപിച്ചുവെന്നും കസ്റ്റഡി അപേക്ഷയിൽ പരാമർശമുണ്ട്.
ALSO READ; കിഫ്ബിക്ക് ബദൽമാർഗം പ്രതിപക്ഷത്തിന്റെ പക്കലുണ്ടോ? യുഡിഎഫ് വിമർശനങ്ങൾക്ക് മറുപടിയുമായി തോമസ് ഐസക്
അതേസമയം രണ്ട് കേസുകളിൽ കൂടി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. വണ്ടൻമേട് , മറയൂർ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കേസിൽ അനന്തു കൃഷ്ണനെ 5 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. പ്രതി അനന്തു കൃഷ്ണൻ്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ച മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. അതിനിടെ സിഎസ്ആർ തട്ടിപ്പിൽ അനന്തു കൃഷ്ണനെതിരെ ഇന്ന് തൃശ്ശൂരിലും പൊലീസ് കേസെടുത്തു. തൃശ്ശൂർ അന്തിക്കാട് പൊലീസ് സ്റ്റേഷനിലാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. 7 വനിതകൾ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. നാലുപേർക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്തും മൂന്നുപേർക്ക് ഗ്രഹോപകരണങ്ങൾ വാഗ്ദാനം ചെയ്തും പണം തട്ടിയെന്നതാണ് കേസ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here