
രണ്ടാം പിണറായി സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ എന്തുചെയ്യണമെന്നറിയാതെ വലയുകയാണ് പ്രതിപക്ഷം. മുഖ്യമന്ത്രിയെ മാറ്റുമെന്ന് പ്രഖ്യാപിച്ച് എത്തിയ കെ സുധാകരന് പ്രസിഡന്‍റ് സ്ഥാനം മാറേണ്ടി വന്നു എന്നതാണ് കോണ്‍ഗ്രസിന്‍റെ സാഹചര്യം. സംസ്ഥാന സര്‍ക്കാരിനെതിരെ നിരന്തരം ആരോപണമുന്നയിക്കുന്ന പ്രതിപക്ഷനേതാവിന് ഒന്നുപോലും ഇതുവരെ തെളിയിക്കാനായിട്ടില്ല.
നുണകളാവര്‍ത്തിച്ച് സത്യമാക്കാമെന്നും ആളുകളെ തെറ്റിദ്ധരിപ്പിക്കാമെന്നുമുള്ള ഗീബത്സിയന്‍ തന്ത്രമാണ് കഴിഞ്ഞ കുറച്ചധികം കാലമായി സംസ്ഥാനത്ത് യുഡിഎഫ് പയറ്റുന്നത്. സംസ്ഥാന സര്‍ക്കാരിനെതിരെ ദുരാരോപണങ്ങളുടെ കൂരമ്പുകള്‍ തുടര്‍ച്ചയായി തൊടുത്തിട്ടും ഒന്നും ക്ലച്ച് പിടിച്ചില്ല എന്നതാണ് വസ്തുത. ചിലത് ബൂമറാങ്ങായി യുഡിഎഫ് നേതാക്കള്‍ക്കെതിരെ തിരിച്ചടിക്കുകയും ചെയ്തു.
ബ്രൂവറിയെന്നും എഐ ക്യാമറയെന്നും സിഎംആര്‍എല്‍ എന്നും പറഞ്ഞ് വാലും തുമ്പുമില്ലാത്ത എണ്ണമറ്റ അഴിമതി ആരോപണങ്ങളാണ് സര്‍ക്കാരിനെതിരെ ഉയര്‍ത്തിയത്. എന്നാല്‍ ഇതൊന്നും തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, ദിവസങ്ങള്‍ക്കുള്ളില്‍ ഇത്തരം ദുരാരോപണങ്ങളില്‍ നിന്ന് പ്രതിപക്ഷത്തിന് ഒളിച്ചോടേണ്ടിയും വന്നു.
പാലക്കാട് സ്പിരിറ്റ് നിര്‍മ്മാണ ശാലയ്ക്ക് എതിരെ കോണ്‍ഗ്രസ് ആരോപണങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കളുടെ സ്പിരിറ്റ് ലോബിക്ക് വേണ്ടിയായിരുന്നു കോണ്‍ഗ്രസ് വിയര്‍പ്പൊഴുക്കിയതെന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ബോധ്യമായി. പിന്നാലെ കോണ്‍ഗ്രസ് പിന്മാറി.
ട്രാഫിക് നിയലംഘനങ്ങള്‍ കണ്ടെത്താന്‍ എഐ ക്യാമറകള്‍ സ്ഥാപിച്ചത് ഗതാഗത വകുപ്പിന്‍റെ ശ്രദ്ധേയമായ പദ്ധതിയായിരുന്നു. എന്നാല്‍ അഴിമതിയാരോപണങ്ങള്‍ ഉന്നയിച്ച് അതിനും തുരങ്കം വെക്കാന്‍ ശ്രമിച്ചു. യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും ക്യാമറ വെച്ച തൂണില്‍ കയറി സമരം ചെയ്തു. പക്ഷേ പദ്ധതി യാഥാര്‍ത്ഥ്യമായതിന് പിന്നാലെ ട്രാഫിക് നിയമലംഘനങ്ങളും റോഡപകടങ്ങളും പകുതിയായി കുറഞ്ഞു എന്നതാണ് യാഥാര്‍ത്ഥ്യം. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും തെളിവ് ചോദിക്കുമ്പോള്‍ ഉരുണ്ടുകളിക്കുകയുമെന്നത് കോണ്‍ഗ്രസ് നേതാക്കളുടെ പതിവ് രീതിയായി മാറുകയാണ്.
ദേശീയപാതാ വികസനത്തിനെതിരെ സിംഗൂരില്‍ നിന്ന് മണ്ണെത്തിച്ച് കോ-ലീ-ബി സഖ്യം തോളോട് തോള്‍ ചേര്‍ന്ന് സമരം ചെയ്തു. ഇന്ന് ഇക്കൂട്ടരെല്ലാം എളുപ്പത്തില്‍ വീടെത്തുന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഇച്ഛാശക്തിയാല്‍ പണിത ഈ റോഡിലൂടെ തന്നെയാണ് എന്നതാണ് സാഹചര്യം. വിഴിഞ്ഞം തുറമുഖത്തിനെതിരെ പരസ്യമായി സമരം ചെയ്ത കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് അതിന്‍റെ പിതൃത്വം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നു എന്നത് മറ്റൊരു വിരോധാഭാസം.
മുഖ്യമന്ത്രിയെ മാറ്റാന്‍ കച്ചകെട്ടിയിറങ്ങിയ കെ സുധാകരനാകട്ടെ അധികാരത്തര്‍ക്കത്തിന്‍റെ ഭാഗമായി പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് മാറി വീട്ടിലിരിക്കേണ്ടി വന്നു. ഇക്കുറിയും ഭരണം കിട്ടിയില്ലെങ്കില്‍ കോണ്‍ഗ്രസിന്‍റെ ഭാവി കണിയാരെ കൊണ്ട് നോക്കിക്കേണ്ടി വരുമെന്നതാണ് മുതിര്‍ന്ന നേതാക്കളുടെ മുന്നറിയിപ്പ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

