കൊച്ചി കപ്പല്‍ ശാലയില്‍ ഔദ്യോഗിക രഹസ്യം ചോര്‍ത്തിയ സംഭവം; ശ്രീനിഷിനെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും

കൊച്ചി കപ്പല്‍ ശാലയില്‍ ഔദോഗിക രഹസ്യം ചോര്‍ത്തിയ സംഭവത്തില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന മലപ്പുറം സ്വദേശി ശ്രീനിഷ് പൂക്കോടനെ പൊലീസ് ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. ക്രിസ്തുമസ് അവധി കഴിഞ്ഞ് മറ്റന്നാള്‍ കസ്റ്റഡി അപേക്ഷ നല്‍കാനാണ് സൗത്ത് പൊലീസിന്റെ തീരുമാനം. നാവികസേനക്കായി നിര്‍മിക്കുന്ന കപ്പലിന്റെ തന്ത്രപ്രധാന ഭാഗങ്ങള്‍ ഉള്‍പ്പെടെ മൊബൈലില്‍ പകര്‍ത്തുകയും സമൂഹമാധ്യമം വഴി കൈമാറുകയും ചെയ്തതിനെത്തുടര്‍ന്നാണ് ശ്രീനിഷിനെ അറസ്റ്റ് ചെയ്തത്.

കൊച്ചി കപ്പല്‍ശാലയില്‍ കരാര്‍ വ്യവസ്ഥയില്‍ ഇലക്ട്രോണിക് മെക്കാനിക്കായി ജോലി ചെയ്തിരുന്ന മലപ്പുറം സ്വദേശി ശ്രീനിഷ് പൂക്കോടനെയാണ് ഔദ്യോഗിക രഹസ്യം ചോര്‍ത്തിയതിന് സൗത്ത് പൊലീസ് അറസ്റ്റു ചെയ്തത്. നാവികസേനയുടെ നിര്‍മാണത്തിലുള്ള കപ്പലിന്റെ തന്ത്രപ്രധാന ഭാഗങ്ങളുടെ ചിത്രമെടുത്തതിന് പുറമെ പ്രതിരോധ കപ്പലുകള്‍ ഉള്‍പ്പെടെയുള്ളവയുടെ വരവ്, അറ്റകുറ്റപ്പണികള്‍, അവയുടെ സ്ഥാന വിവരങ്ങള്‍, വിവിഐപികളുടെ സന്ദര്‍ശന വിവരങ്ങള്‍, കപ്പലിനുള്ളിലെ വിവിധ സംഭവങ്ങളെപ്പറ്റിയുള്ള വിവരങ്ങളും ഇയാള്‍ മൊബൈലില്‍ പകര്‍ത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.കൂടാതെ, പകര്‍ത്തിയ ദൃശ്യങ്ങള്‍ എയ്ഞ്ചല്‍ പായല്‍ എന്ന സമൂഹമാധ്യമ അക്കൗണ്ടിലേക്ക് കൈമാറിയെന്നും വ്യക്തമായിരുന്നു.

Also Read:   നവകേരളയാത്രാ തുടര്‍ന്നുള്ള മുന്നേറ്റത്തിന് ഊര്‍ജ്ജം പകരുന്നു; മുഖ്യമന്ത്രി എഴുതുന്നു

കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഡിസംബര്‍ 19 വരെയുള്ള കാലയളവിലായിരുന്നു സംഭവം. ഇന്റലിജന്‍സ് ബ്യൂറോ കപ്പല്‍ ശാലയിലെ ആഭ്യന്തരസുരക്ഷ അന്വേഷണ വിഭാഗം എന്നിവയുടെ അന്വേഷണത്തിലാണ് സംഭവം കണ്ടെത്തിയത്. ശത്രുരാജ്യത്തിന് ഉപകാരപ്രദമാകും വിധം ഒദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന കപ്പല്‍ശാല സെക്യൂരിറ്റി ഓഫീസറുടെ പരാതിപ്രകാരം സൗത്ത് പൊലീസ് കേസെടുത്ത് ശ്രീനിഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട എയ്ഞ്ചല്‍ പായല്‍ എന്ന അക്കൗണ്ടുടമയുടെ നിര്‍ദേശപ്രകാരമാണ് കപ്പലിന്റെ ചിത്രങ്ങളയച്ചതെന്നാണ് ശ്രീനിഷിന്റെ മൊഴി. എയ്ഞ്ചല്‍ പായല്‍ എന്നത് വ്യാജ പേരാണോയെന്ന് സംശയിക്കുന്ന പൊലീസ് അക്കൗണ്ടിന്റെ യഥാര്‍ത്ഥ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായാണ് ശ്രീനിഷിനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. അതോടൊപ്പം, സമൂഹമാധ്യമ അക്കൗണ്ട്, ഫോണ്‍ കോളുകള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ ഒരാളെ പിടികൂടിയതായി സൂചനയുണ്ട്. ഇക്കാര്യം പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News