
സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥയാവുന്ന മണിപ്പൂരില്‍ ഗോത്രതലവന്മാരുടെ യോഗങ്ങള്‍ ചേര്‍ന്നിട്ടും സാഹചര്യങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു. ഏറ്റുമുട്ടലുകളും അക്രമങ്ങളും പലയിടങ്ങളിലേക്കും വീണ്ടും വ്യാപിക്കുമ്പോള്‍ സംഘര്‍ഷങ്ങള്‍ തടയുന്നതിനായി സംസ്ഥാനത്ത് പട്ടാളം റൂട്ട് മാര്‍ച്ച് നടത്തി. വലിയ ആഘാതമാണ് ചുരാചന്ദ്പൂരിലെ കുക്കി – സോ ഗോത്രത്തിലെ ഉപഗോത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ഉണ്ടാക്കിയിരിക്കുന്നത്. ചുരാചന്ദ്പൂരിലെ വിവിധ മേഖലകളിലാണ് പട്ടാളത്തിന്റെ റൂട്ട് മാര്‍ച്ച് നടന്നത്. നിരോധനാജ്ഞ തുടരുന്ന സാഹചര്യത്തിലാണ് ഗോത്രവര്‍ഗ തലവന്മാരുടെ ചര്‍ച്ചകള്‍ നടന്നത്.
ഒരുമിച്ച് നിന്ന ഗോത്രങ്ങളാണ് നിലവില്‍ പരസ്പരം ഏറ്റുമുട്ടുന്നത്. ഇത് സമാധാനശ്രമങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അതേസമയം ക്രിസ്ത്യന്‍ മതവിഭാഗത്തിലുള്ളവര്‍ സംസ്ഥാനത്തെ നിലവിലെ അവസ്ഥ മാറുന്നതിനായി തെരുവില്‍ പ്രാര്‍ത്ഥന നടത്തി. സഹോദരങ്ങള്‍ തമ്മില്‍ സമാധാനമുണ്ടാകണമെന്നതായിരുന്നു പ്രാര്‍ത്ഥന. ചുരാചന്ദ്പൂരില്‍ ഭൂരിഭാഗവും കുക്കി – സോ വിഭാഗത്തിലുള്ളവരാണ്. ഉപഗോത്രങ്ങളായ ഹ്‌മര്‍ – സോമി എന്നിവയില്‍ ഉള്‍പ്പെട്ടവര്‍ ചൊവ്വാഴ്ത രാത്രിയാണ് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ 53കാരനായ ഹ്‌മര്‍ ഗോത്രത്തില്‍ ഉള്‍പ്പെട്ട ലാല്‍റോപുയി പഖുമാത്തേ എന്നയാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സുരക്ഷാ സേന കണ്ണീര്‍വാതകവും ബ്ലാങ്കുകളും പ്രയോഗിക്കുകയും ജനക്കൂട്ടത്തെ തുരത്തുകയും ചെയ്തിരുന്നു.
2023 മെയ് മൂന്നിന് ആരംഭിച്ച് കുക്കി മെയ്തി സംഘര്‍ഷത്തില്‍ ഇതുവരെ 260 പേരാണ് കൊല്ലപ്പെട്ടത്. അറുപതിനായിരത്തോളം പേര്‍ പലായനം ചെയ്തിട്ടുണ്ട്. അതിനിടയിലാണ് രാഷ്ട്രപതി ഭരണത്തിലുള്ള സംസ്ഥാനത്ത് മറ്റ് ഗോത്രങ്ങള്‍ സംഘര്‍ഷം ആരംഭിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here