
ഇന്ത്യയുടെ യുവ ക്രിക്കറ്റ് പ്രതിഭ വൈഭവ് സൂര്യവംശിയെ എത്രയും വേഗം ദേശീയ ടീമിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. ജസ്പ്രീത് ബുമ്രയെ പോലും നിസ്സഹായനാക്കുവാൻ ഉള്ള കഴിവുള്ള താരമായ വൈഭവിനെ ടീമിലെത്തിക്കാൻ കാലതാമസമുണ്ടാകരുതെന്നും രാജ്യത്തിനു വലിയ സംഭാവനകൾ നൽകാൻ അദ്ദേഹത്തിന് കഴിയുമെന്നും പത്താൻ പറഞ്ഞു.
ഐപിഎല്ലിൽ രാജസ്ഥാനെ പ്രതിനിധീകരിക്കുന്ന പതിനഞ്ചുകാരൻ സമൂഹ മാധ്യമങ്ങളിൽ വൈറലായത് ഇന്നലെ മുംബൈ ഇന്ത്യൻസിനെതിരെ നടത്തിയ പ്രകടനത്തോടെയാണ്. വെറും പതിനൊന്നു ഓവറുകളായി വെട്ടിച്ചുരുക്കിയ മത്സരത്തിൽ ടി 20 ഫോർമാറ്റിലെ ഏറ്റവും മികച്ച ബൗളറായ ജസ്പ്രീത് ബുംറയെ ആദ്യ പന്തിൽ തന്നെ സിക്‌സർ പറത്തിയാണ് വൈഭവ് സ്വാഗതം ചെയ്തത്.
Also Read: കാണാതെ പോകരുത്! ബുമ്രയെ ഞെട്ടിച്ച സൂര്യവംശിയുടെ തകർപ്പൻ പ്രകടനം
ഞെട്ടിപ്പോയ ബുംറ സ്ലോ ബോളുകൾ ഉൾപ്പെടെ മറ്റു തന്ത്രങ്ങൾ പയറ്റിയെങ്കിലും അതെ ഓവറിൽ ഒരു സിക്‌സറും കൂടി പറപ്പിച്ച ശേഷമാണ് താരം ബുംറയെ യാത്രയാക്കിയത്. ബുമ്രയ്ക്കേറ്റ അടിയിൽ പതറിപ്പോയ മുംബൈ നിര ഒടുവിൽ രാജസ്ഥാനോട് 27 റൺസിന്റെ തോൽവി ഏറ്റുവാങ്ങി. ഒരു ഫോറും അഞ്ചു സിക്സറുകളും അടക്കം 14 പന്തിൽ 39 റൺസ് അടിച്ചെടുത്ത വൈഭവ് ബുമ്രയും ബോൾട്ടും അടങ്ങുന്ന പേരുകേട്ട ബൗളിംഗ് നിറയെ കശക്കിവിട്ടു.
ഈ പ്രകടനത്തോടെ പതിനഞ്ചുകാരനെ എത്രയും വേഗം ഇന്ത്യൻ ടീമിൽ എത്തിക്കണമെന്ന് മുറവിളി സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ ഉയരുകയാണ്. മാസങ്ങൾ മാത്രം മുൻപ് അണ്ടർ 19 കിരീടം നേടിയ വൈഭവിന്റെ സീനിയർ ടീമിലേക്കുള്ള പ്രവേശനം വിദൂരമല്ല എന്നാണ് പൊതുവെ ഉള്ള സൂചന.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

