ജോലിക്ക് അപേക്ഷിച്ച ഉദ്യോഗാർഥികളുടെ മാർക്കിൽ കൃത്രിമം നടത്തി; സെന്തിൽ ബാലാജിയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്

തമിഴ്നാട് വൈദ്യുതമന്ത്രി സെന്തിൽ ബാലാജിയുടെ റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. ഉദ്യോഗസ്ഥരുമായി ചേർന്ന് സെന്തിൽ ബാലാജി ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നു. ജോലിക്ക് അപേക്ഷിച്ച ഉദ്യോഗാർഥികളുടെ മാർക്കിൽ കൃത്രിമം നടത്തിയാണ് തട്ടിപ്പ് നടത്തിയതെന്നും ഇഡിയുടെ റിപ്പോര്‍ട്ടിലുണ്ട്.

മന്ത്രിയുടെ അടുത്ത സഹായികളായ ബി.ഷൺമുഖം, എം.കാർത്തികേയൻ എന്നിവരാണ് ഇടപാടുകൾ നടത്തിയതെന്ന് ഇഡി ആരോപിക്കുന്നു. ബാലാജിയുടെ പേഴ്സണൽ അസിസ്റ്റന്റ് പണം വാങ്ങിയെന്നാണ് പരാതിക്കാരുടെ മൊഴി. സെന്തിൽ ബാലാജിയുടെ അക്കൗണ്ടിൽ 1.34 കോടി രൂപയും അദ്ദേഹത്തിന്റെ ഭാര്യയുടെ അക്കൗണ്ടിൽ 29.55 ലക്ഷം രൂപയും നിക്ഷേപിച്ചെന്ന് ബാങ്ക് സ്റ്റേറ്റ്മെന്റുകളുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Also Read: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത

ഇഡി ബുധനാഴ്ച പുലര്‍ച്ചെ അറസ്റ്റ് ചെയ്ത സെന്തില്‍ ബാലാജിയെ ജൂണ്‍ 28 വരെ റിമാന്‍ഡ് ചെയ്തു. നെഞ്ചുവേദനയെ തുടര്‍ന്ന് മന്ത്രിയെ ഓമന്തുരർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രിൻസിപ്പൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് എസ് അല്ലി ആശുപത്രിയിൽ നേരിട്ട് എത്തിയാണ് റിമാന്‍ഡ് ചെയ്തത്. മന്ത്രിയുടെ ഹൃദയ ധമനികളിൽ ബ്ലോക്ക് ഉണ്ടെന്നും അടിയന്തര ശസ്ത്രക്രിയ അനിവാര്യമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

2011 മുതൽ 2015 വരെ ജയലളിത സർക്കാരിൽ ഗതാഗത മന്ത്രിയായിരിക്കെ നിയമനങ്ങൾക്കായി കോഴ വാങ്ങിയെന്നാണ് സെന്തിൽ ബാലാജിക്ക് എതിരെയുള്ള ആരോപണം. പണം നൽകിയിട്ടും ജോലി ലഭിച്ചില്ലെന്ന് കാണിച്ച് നാലു പേർ നൽകിയ പരാതിയിലാണ് ഇപ്പോഴത്തെ നടപടി. സെന്തിൽ ബാലാജിയെ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ആശുപത്രിയിൽ സന്ദർശിച്ചു. ബിജെപിയുടെ ഭീഷണിക്ക് മുന്നിൽ ഡിഎംകെ ഭയക്കില്ലെന്ന് സ്റ്റാലിൻ പ്രതികരിച്ചു.

ഡിഎംകെ പ്രവർത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് ഓമന്തുരർ സർക്കാർ ആശുപത്രിക്ക് മുന്നിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. മറ്റന്നാൾ കോയമ്പത്തൂരിൽ പ്രതിഷേധ സമ്മേളനം ചേരാനും ഡിഎംകെ തീരുമാനിച്ചു. മന്ത്രിയുടെ ജാമ്യ ഹർജിയിൽ ചെന്നൈ സെഷൻസ് കോടതി ഇന്ന് വിധി പറയും.

Also read: സിബിഐ അന്വേഷണത്തിനുള്ള പൊതുസമ്മതം പിന്‍വലിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News