
അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ച മലയാളി നഴ്‌സായ രഞ്ജിത ജി നായരെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച കാസര്‍ഗോഡ് വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ എ പവിത്രനെതിരായ കൂടുതല്‍ വകുപ്പുതല നടപടി വിവരങ്ങള്‍ പുറത്ത്. സമൂഹ മാധ്യമങ്ങളില്‍ മുന്‍പും അസഭ്യ കമന്റ് ഇട്ടതിന്റെ പേരില്‍ സസ്‌പെന്‍ഷന്‍ അടക്കമുള്ള വകുപ്പുതല നടപടികള്‍ നേരിട്ട ആളാണ് പവിത്രന്‍. ഇയാളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരിക്കുകയാണ് കാസര്‍ഗോഡ് ജില്ലാ കളക്ടര്‍.
അഹമ്മദാബാദ് വിമാന അപകടത്തില്‍ രാജ്യം ഒട്ടാകെ കണ്ണീരണിഞ്ഞ് നില്‍ക്കുമ്പോഴാണ് അപകടത്തില്‍ മരിച്ച രഞ്ജിതയെ പവിത്രന്‍ ഫേസ്ബുക്കിൽ അശ്ലീല കമന്റ് ഇടുന്നത്. തുടര്‍ന്ന്, റവന്യൂ മന്ത്രി കെ രാജന്റെ നിര്‍ദേശപ്രകാരം ഇയാളെ കളക്ടര്‍ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. ശേഷം, ഹോസ്ദുര്‍ഗ് പൊലീസ് പവിത്രനെ അറസ്റ്റ് ചെയ്തു. സമാന സ്വഭാവം ഉള്ള കേസുകളില്‍ മുമ്പും പവിത്രന്‍ അന്വേഷണം നേരിട്ടിട്ടുണ്ട്.
Read Also: ഡെപ്യൂട്ടി തഹസിൽദാർ പവിത്രനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി; പിരിച്ചുവിടാൻ ശുപാർശ നൽകി ജില്ലാ കളക്ടർ
2023 ആഗസ്റ്റില്‍ നെല്ലിക്കാട്ട് ശ്രീമദ് പരമശിവ വിശ്വകര്‍മ ക്ഷേത്രം പ്രസിഡന്റിനെതിരെ സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തുന്ന കമന്റ് ഇട്ടതിന് പവിത്രനെ എ ഡി എം താക്കീത് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സമൂഹമാധ്യമത്തില്‍ അപകീര്‍ത്തപെടുത്തിയെന്ന് കാണിച്ച് വി ഭുവനചന്ദ്രന്‍ സമര്‍പ്പിച്ച പരാതിയിലും സമൂഹമാധ്യമത്തില്‍ കമന്റുകളോ പോസ്റ്റുകളോ ഇടുമ്പോള്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് കാണിച്ച് കര്‍ശന താക്കീത് പവിത്രന് നല്‍കിയിരുന്നു.
ഇതിന് ശേഷം, പവി ആനന്ദാശ്രമം എന്ന ഫേസ്ബുക്ക് ഐ ഡി വഴി മുന്‍ റവന്യൂ മന്ത്രിയും കാഞ്ഞങ്ങാട് എം എൽ എയുമായ ഇ ചന്ദ്രശേഖരനെ വ്യക്തിപരമായും ജാതീയമായും അധിക്ഷേപിച്ച പരാതിയില്‍ പവിത്രനെ കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 18ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ നവംബര്‍ ഏഴിനാണ് സര്‍വീസില്‍ വീണ്ടും പ്രവേശിച്ചത്. നിരവധി മുന്നറിയിപ്പുകളും താക്കീതുകളും നല്‍കിയിട്ടും നടപടികള്‍ക്ക് വിധേയനായിട്ടും നിരന്തരമായി റവന്യൂ വകുപ്പിനും സര്‍ക്കാരിനും അപകീര്‍ത്തി ഉണ്ടാക്കുന്ന പ്രവൃത്തികള്‍ ആവര്‍ത്തിച്ച് വരുന്നതിനാല്‍ പവിത്രനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ സംസ്ഥാന സര്‍ക്കാരിനോട് ജില്ലാ കളക്ടര്‍ ശുപാര്‍ശ ചെയ്തിരിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here