
തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് അറസ്റ്റിലായ രണ്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സംഘടിത കുറ്റം കോടതി ഒഴിവാക്കി. ഭാരതീയ ന്യായ സന്‍ഹിത (ബി എന്‍ എസ്) സെക്ഷന്‍ 111 പ്രകാരം ആണ് സംഘടിത കുറ്റകൃത്യത്തിന് കേസെടുത്ത് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. ഹൈദരാബാദിലെ പ്രാദേശിക കോടതിയാണ് കുറ്റം ഒഴിവാക്കിയത്.
കുറ്റകൃത്യം മരണത്തില്‍ കലാശിച്ചാല്‍ അഞ്ച് വര്‍ഷം തടവോ ജീവപര്യന്തമോ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റമാണ് ബി എന്‍ എസിന്റെ സെക്ഷന്‍ 111 പറയുന്നത്. ബി എന്‍ എസ് സെക്ഷന്‍ 111 ലെ അവശ്യ ഘടകങ്ങള്‍ ഈ ഘട്ടത്തില്‍ പ്രസക്തമല്ലെന്നും അതിനാല്‍ പണമിടപാടുകളുടെയോ അതില്‍ പരാമര്‍ശിച്ചിരിക്കുന്ന മറ്റ് ഘടകങ്ങളുടെയോ പങ്കാളിത്തമില്ലെന്നും നിരീക്ഷിച്ച കോടതി സംഘടിത കുറ്റകൃത്യം ഒഴിവാക്കുകയായിരുന്നു. പള്‍സ് ഡിജിറ്റല്‍ ന്യൂസ് നെറ്റ് വര്‍ക്ക് എന്ന യുട്യൂബ് ചാനലിന്റെ മാനേജിങ് ഡയറക്ടര്‍ രേവതി പൊഗദാദന്ദ, ജീവനക്കാരി തന്‍വി യാദവ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Read Also: സീറ്റിനായി സ്ത്രീകളുടെ കൂട്ടയടി; ഷൂ ഊരി എറിഞ്ഞു, സംഭവം തെലങ്കാനയില്‍, വീഡിയോ
മാധ്യമപ്രവര്‍ത്തകരെ പ്രതിനിധീകരിച്ച് അഭിഭാഷകന്‍ ജക്കുള ലക്ഷ്മണ്‍ ഹാജരായി. ആരോപിക്കപ്പെടുന്ന കുറ്റകൃത്യത്തിന്റെ പശ്ചാത്തലത്തില്‍ സെക്ഷന്‍ 111 വളരെ അനുപാതരഹിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ട് മാധ്യമപ്രവര്‍ത്തകരും ജാഗ്രത പാലിക്കേണ്ടതായിരുന്നുവെന്ന് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു. മാര്‍ച്ച് 15 ന് തെലങ്കാന നിയമസഭയെ അഭിസംബോധന ചെയ്തുകൊണ്ട് മുഖ്യമന്ത്രി, പത്രപ്രവര്‍ത്തകരായി വേഷംകെട്ടുന്നവര്‍ എന്നാണ് വനിതാ മാധ്യമപ്രവര്‍ത്തകരെ വിശേഷിപ്പിച്ചത്. പൊതുപ്രവര്‍ത്തകരെ അവഹേളിക്കുന്ന ഇത്തരം വ്യക്തികളെ പൊതുജനമധ്യത്തില്‍ വസ്ത്രം ഉരിഞ്ഞ് പ്രദര്‍ശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

