സംഘപരിവാർ കൊലപ്പെടുത്തിയ ​ഗൗരി ലങ്കേഷിന്റെ ഓർമകൾക്ക് ഏഴാണ്ട്

Gauri Lankesh

അരുണിമ പ്രദീപ്

ഹിന്ദുത്വ തീവ്രവാദികളുടെ വിദ്വേഷത്തിനും വർഗീയതൾക്കുമെതിരെ സംസാരിച്ച നിർഭയ മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായിരുന്ന ഗൗരി ലങ്കേഷിന്റെ ഓർമ്മകൾക്ക് ഇന്ന് ഏഴ് വർഷം. 2017 സെപ്റ്റംബർ 5ന് ബാംഗ്ലൂരിലെ രാജരാജേശ്വരി നഗറിലെ വീടിന് മുന്നിൽ വെച്ച് ഗൗരി ലങ്കേഷ് ഹിന്ദുത്വ തീവ്രവാദികളാൽ കൊല്ലപ്പെട്ടു. 3 വെടിയുണ്ടകളാണ് അവരുടെ ശരീരത്തിൽ നിന്ന് ലഭിച്ചത്. രണ്ട് വെടിയുണ്ടകള്‍ അവരുടെ നെഞ്ചിലും മറ്റൊന്ന് പിന്‍വശത്തും തുളഞ്ഞുകയറി. ജോലി കഴിഞ്ഞ് മടങ്ങിയ ഗൗരിയെ വീടിന് മുമ്പില്‍വെച്ചാണ് ബൈക്കിലെത്തിയ 2 വര്‍ഗീയ ഭീകരര്‍ കൊലപ്പെടുത്തിയത്.

ഫാസിസത്തിനോട്‌ സമരസപ്പെടാത്ത ധീര വനിതയെ നിശബ്ദമാക്കാൻ സംഘപരിവാറിന് പ്രയോഗിക്കേണ്ടി വന്നത് അരുംകൊലയുടെ, അനീതിയുടെ രാഷ്ട്രീയമാണ്. ഗൗരി ലങ്കേഷിന്റെ കൊലപാതകം രാജ്യത്ത് വ്യാപക പ്രധിഷേധങ്ങൾക്ക് ഇടയാക്കി ‘I am Gouri’ എന്ന പോസ്റ്റർ ഇന്ത്യയുടെ പല തെരുവുകളിലും ക്യാമ്പസുകളിലും പ്രത്യക്ഷപ്പെട്ടു. രാജ്യത്തെ ഭരണകൂട ഭീകരതയ്‌ക്കെതിരെ ഗൗരി നടത്തിയ മാധ്യമപ്രവർത്തനം അത്രയേറെ മൂർച്ചയുള്ളതായിരുന്നു.

Also Read; ‘ആ കസേരയിൽ ഇരിക്കുന്നതിൽ ഞാൻ അത്ര സന്തോഷവാൻ അല്ല’ ; ചലച്ചിത്ര അക്കാദമി താത്ക്കാലിക ചെയർമാൻ പ്രേം കുമാറിന്റെ പ്രതികരണം

ഒരു വര്‍ഷം കൊണ്ട് പ്രത്യേക അന്വേഷണ സംഘം കേസിലെ 17 പ്രതികളെ പിടികൂടി. എന്നാൽ ഇന്ന് ഏഴ് വർഷം പിന്നിടുമ്പോഴും കേസിന്റെ വിചാരണ അവസാനിച്ചിട്ടില്ല. 530 സാക്ഷികളിൽ ഇതുവരെ വിസ്തരിച്ചത് 137 പേരെ മാത്രം, വിവിധ കോടതികളിലായി കേസുമായി ബന്ധപ്പെട്ട് കെട്ടികിടക്കുന്ന അപ്പീലുകൾ നിരവധി. കൃത്യമായ അജണ്ടയോട് കൂടി ആസൂത്രണത്തോടെ നടത്തിയ ഒരു കൊലപാതകത്തെ മറയ്ക്കാൻ ഭരണകൂടം കൂട്ട് നിൽക്കുന്ന ഭീകരമായ ചിത്രം.

അരികുവത്കരിക്കപ്പെട്ടവരുടെ ഉയർച്ചയ്ക്കും രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളെ മുറുകെപ്പിടിച്ചും ഗൗരി നടത്തിയ പോരാട്ടങ്ങൾ വർഷങ്ങൾക്കിപ്പുറവും ഇല്ലാതാക്കാൻ സാധിക്കാതെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. വലതുപക്ഷ ഭീകരതയ്ക്കെതിരെ സംസാരിച്ച ‘ലങ്കേഷ് പത്രികെ’യും ഗൗരി ലങ്കേഷും നിരവധി പേരുടെ കണ്ണിലെ കരടായിരുന്നു.

ടൈംസ് ഓഫ് ഇന്ത്യയിലൂടെയായിരുന്നു ഗൗരി മാധ്യമപ്രവർത്തനം ആരംഭിക്കുന്നത്, പിന്നീട് പിതാവിന്റെ മരണത്തോടെ ബെംഗളൂരുവില്‍ തിരിച്ചെത്തി കന്നഡ ടാബ്ലോയിഡ് വാരികയായ ലങ്കേഷ് പത്രികെ നടത്തികൊണ്ട് പോന്നു, പിന്നീട് അത് ഗൗരി ലങ്കേഷ് പത്രികെയായി 2000ൽ പുറത്തിറക്കി. സര്‍ക്കാരില്‍ നിന്നോ കോര്‍പ്പറേറ്റുകളില്‍ നിന്നോ പരസ്യം സ്വീകരിക്കാതെ കുടുംബത്തിന്റെ പ്രസാധക കമ്പനിയായ ലങ്കേഷ് പ്രകാശനയില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ചായിരുന്നു പത്രികെയുടെ പ്രവർത്തനം.

ബിജെപി നേതാക്കള്‍ക്കെതിരെ നല്‍കിയ അഴിമതി വാർത്തകൾ, ഹിന്ദുത്വ ആശയങ്ങൾക്കെതിരെ നിരന്തരം നടത്തിയ വിമർശനങ്ങൾ, ഇടപെടലുകൾ എന്നിവയാണ് ഗൗരിയുടെ കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ. കേസിന്റെ വിചാരണയുടെ തുടക്കത്തിൽ തന്നെ നക്സലുകൾ നടത്തിയ കൊലയാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങളുണ്ടായി, പലവിധ പ്രാചരണങ്ങളും സംഘപരിവാർ സംഘടനകൾ നടത്തി. ശക്തമായ സാക്ഷിമൊഴികളും സിസിടിവി ദൃശ്യങ്ങളുമുൾപ്പെടെയുള്ള ഒരു കേസിന്റെ കാര്യമാണ് ഈ സ്ഥിതിയില്ലെന്ന് നാം ഓർക്കണം.

Also Read; കൊൽക്കത്ത ബലാത്സംഗ കൊലപാതകത്തിൽ പൊലീസിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി യുവതിയുടെ മാതാപിതാക്കൾ

2018 മാർച്ചിൽ ഹിന്ദു യുവസേന പ്രവർത്തകനായ നവീൻ കുമാർ അറസ്റ്റ് ചെയ്യപ്പെട്ടു. എട്ടു മാസങ്ങൾക്കിപ്പുറം 2018 നവംബറിൽ കുറ്റപത്രം
സമർപ്പിച്ചു. അതിൽ അമോൽ കാലെ, സുജിത് കുമാർ, അമിത് ദിഗ്വേകർ എന്നിവരുൾപ്പെടെ 18 പേരെയാണ് പ്രതികളായി ഉൾപ്പെടുത്തിയത്. ഇവരെല്ലാവരും സനാതൻ സൻസ്ത, ശ്രീ റാം സേന എന്നീ തീവ്രവലത് സംഘടനകളുമായി ബന്ധമുള്ളവർ, എന്നിട്ട് ഏഴ് വർഷങ്ങൾക്കിപ്പുറവും ഗൗരിക്ക് നീതി നിഷേധിക്കപ്പെട്ടുകൊണ്ടേ ഇരിക്കുന്നു. ഇക്കഴിഞ്ഞ മാസമാണ് കേസിലെ മൂന്ന് പ്രതികൾക്ക് കോടതി ജാമ്യം അനുദിച്ചത്, വിചാരണ വൈകുന്നതിന്റെ പേരിലായിരുന്നു അത്.

കർണാടകയിൽ കോൺഗ്രസ് ഭരണം വന്നതിനു ശേഷം കേസ് മജിസ്‌ട്രേറ്റ് കോടതിയിൽ നിന്നും അതിവേഗ കോടതിയിലേക്ക് മാറ്റാൻ ഉത്തരവായെങ്കിലും ഇതുവരെ അത് സാധ്യമായിട്ടില്ല. ഭരണകൂടം നേരിട്ട് സ്‌പോണ്‍സര്‍ ചെയ്യുന്ന കൊലപാതകവും കലാപവുമെല്ലാം എവിടെ എപ്പോള്‍ വേണമെങ്കിലും ആവര്‍ത്തിക്കാമെന്ന കാര്യം ഗൗരി ലങ്കേഷിന്റെ ഏഴാം രക്തസാക്ഷിത്വ ദിനത്തിൽ നാം ഓർക്കേണ്ടതുണ്ട്. 7.65 എം എം പിസ്റ്റൾ ചൂണ്ടി വർഗീയ ശക്തികൾ ഇന്നും നമ്മുടെ മതേതര ജനാധിപത്യ വ്യവസ്ഥയ്ക്ക് നേരെയുണ്ട് എന്നുള്ളതും നാം മറന്നുകൂടാ…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News