
എസ്‌സി/എസ്ടി വിദ്യാർത്ഥികൾക്കുള്ള നാഷണൽ ഓവർസീസ് സ്‌കോളർഷിപ്പ് അട്ടിമറിച്ച കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതിഷേധവുമായി എസ്‌എഫ്‌ഐ.
രാജ്യത്തുടനീളമുള്ള ദളിത്, ആദിവാസി വിദ്യാർത്ഥികളോട് കേന്ദ്ര സർക്കാർ തുടരുന്ന അനീതിയുടെ ഭാഗമായാണ് പുതിയ നടപടിയെന്ന് എസ്എഫ്ഐ .
2025-26 അധ്യയന വര്‍ഷത്തേക്കുള്ള നാഷണല്‍ ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ് (എന്‍ഒഎസ്) സ്‌കീമിന് കീഴില്‍ തിരഞ്ഞെടുത്ത അപേക്ഷകരില്‍ 40 ശതമാനത്തില്‍ താഴെ പേര്‍ക്ക് ഫണ്ടിന്റെ അഭാവം ചൂണ്ടിക്കാട്ടി സ്‌കോളര്‍ഷിപ്പുകള്‍ കേന്ദ്രം തടഞ്ഞിരുന്നു.
എല്ലാ വർഷവും 125 വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് ലഭിച്ചിരുന്നു. എന്നാൽ ഈ അധ്യയന വർഷം തിരഞ്ഞെടുത്ത 106 അപേക്ഷകരില്‍ 40 പേര്‍ക്ക് മാത്രമേ താല്‍ക്കാലിക സ്‌കോളര്‍ഷിപ്പ് കത്തുകള്‍ ലഭിച്ചിട്ടുള്ളൂ. ബാക്കിയുള്ള 66 പേര്‍ക്ക് ഫണ്ടിന്റെ അഭാവം ചൂണ്ടിക്കാട്ടി തടഞ്ഞിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റിയില്‍ നിന്ന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെന്നാണ് മന്ത്രാലയം അറിയിച്ചത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ദളിത്, ആദിവാസി, ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പുകളിലും ഫെലോഷിപ്പുകളിലും കേന്ദ്രം നിരന്തരം വെട്ടിക്കുറവുകൾ വരുത്തിയിട്ടുണ്ട്. വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിച്ചുകൊണ്ട് പാർശ്വവൽക്കരിക്കപ്പെട്ട, ന്യൂനപക്ഷ സമുദായങ്ങൾക്ക് സാമൂഹിക പുരോഗതി കൈവരിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്ര സർക്കാരിന്റെ അജണ്ടയെ ഇത് തുറന്നുകാട്ടുകയാണ്.
വിദ്യാർത്ഥികൾക്കുള്ള സാമ്പത്തിക സഹായങ്ങൾ കേന്ദ്ര സർക്കാർ ഇല്ലാതാക്കുന്നതിനെതിരെയുള്ള പോരാട്ടം എസ്‌എഫ്‌ഐ തുടരുമെന്നും നാഷണൽ ഓവർസീസ് സ്‌കോളർഷിപ്പ് നിഷേധിച്ചതിനെ ശക്തമായി അപലപിക്കുന്നുവെന്നും എസ്‌എഫ്‌ഐയുടെ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


