
കോട്ടയം നഴ്‌സിങ് കോളേജില്‍ നടന്ന റാഗിങ്ങിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കൈരളി ന്യൂസ് പുറത്തുവിട്ടതിന് പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ. അതിഭീകരമായിട്ടുള്ള വാര്‍ത്തകളും ദൃശ്യങ്ങളുമാണ് പുറത്തേക്ക് വരുന്നത്. മനസാക്ഷിയുള്ള ആര്‍ക്കും അത് കണ്ടുനില്‍ക്കാന്‍ കഴിയില്ലെന്ന് അനുശ്രീ കൈരളി ന്യൂസിനോട് പ്രതികരിച്ചു.
എങ്ങനെ ആയിരുന്നാലും വിദ്യാര്‍ത്ഥി സമൂഹം ഇത്രകണ്ട് ക്രൂരമാകാന്‍ പാടില്ല എന്ന് ഉറച്ച നിലപാടില്‍ തന്നെയാണ് ഇപ്പോഴും പ്രതികരിക്കുന്നത്. സൗഹൃദത്തിന്റെയും പങ്കുവെയ്ക്കലിന്റെയും കേന്ദ്രമാകേണ്ട കലാലയങ്ങളും കോളേജുകളും എന്തുകൊണ്ടാണ് ഇത്ര ക്രൂരമായി മാറുന്നതനെന്ന് ഞങ്ങളെപ്പോലുള്ള വിദ്യാര്‍ഥി സംഘടനകള്‍ പരിശോധിക്കേണ്ടതും തിരുത്തലിന് വിധേയമാക്കേണ്ടതുമാണ്.
ഇത്തരം സംഭവങ്ങളെ ഞങ്ങളും ഗൗരവത്തോടെയാണ് കാണുന്നത്. ക്യാമ്പസുകളിലെ രാഷ്ട്രീയ ഇടപെടലുകള്‍ അനുവദിക്കാത്ത സമീപനം ഒരുവശത്ത് തുടരുകയാണ്. രാഷ്ട്രീയം വേണ്ടതില്ല, സമരങ്ങള്‍ വേണ്ടിതില്ല എന്ന നിലപാടിലാണ് പല കാമ്പസുകളും. എന്നാല്‍ ഇങ്ങനെയുണ്ടാകുന്നതിന്റെ ഫലം കൂടിയാണ് ഇത്തരത്തിലുള്ള അക്രമങ്ങളെന്ന് അടിയുറച്ച് പറയുകയാണ് ഞങ്ങള്‍.
രാഷ്ട്രീയ വിദ്യാര്‍ത്ഥി സംഘടനകള്‍ ക്യാമ്പസുകളില്‍ ഉണ്ടാകുമ്പോള്‍, ഇത്തരം വിദ്യാര്‍ത്ഥി വിരുദ്ധ സമീപനങ്ങള്‍ തുടച്ചുനീക്കപ്പെടുകയും അതിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ തുടക്കത്തിലേ തുടങ്ങും എന്ന അനുഭവം കേരളത്തിലുണ്ടെന്നും അനുശ്രീ പറഞ്ഞു.
കോട്ടയം നഴ്‌സിങ് കോളേജില്‍ നടന്ന റാഗിങ്ങിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കൈരളി ന്യൂസ് പുറത്തുവിട്ടിരുന്നു. വിദ്യാര്‍ത്ഥിയെ കെട്ടിയിട്ട് സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
കോമ്പസ് ഉപയോഗിച്ച് ശരീരത്തില്‍ കുത്തി, മുറിവിലും കാലിലും ലോഷന്‍ ഒഴിക്കുന്നതും സ്വകാര്യഭാഗത്ത് പരുക്കേല്‍പ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കാലുകളില്‍ കോമ്പസ് കൊണ്ട് ആഴത്തില്‍ കുത്തുന്നത് പുറത്തുവന്ന വീഡിയോയില്‍ കാണാന്‍ കഴിയും.
ചിരിച്ചുകൊണ്ട് ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ എണ്ണിക്കൊണ്ടാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ പരാതിക്കാരനായ വിദ്യാര്‍ത്ഥിയെ ഉപദ്രവിക്കുന്നത്. കൈരളി ന്യൂസ് പുറത്തുവിട്ട വീഡിയോയില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചിരിക്കുന്നതും ഉപദ്രവത്തിന് ഇരയായ വിദ്യാര്‍ത്ഥി കരയുന്നതും കേള്‍ക്കാന്‍ കഴിയും.
കൂടാതെ മുറിവേല്‍പ്പിച്ച ഭാഗത്ത് ലോഷന്‍ ഒഴിക്കുന്നതും വിദ്യാര്‍ത്ഥി അലറിക്കരയുന്നതും വീഡിയോയില്‍ കാണാം. ഷര്‍ട്ടിടാന്‍ അനുവദിക്കാതെയാണ് വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കട്ടിലില്‍ കെട്ടിയിട്ടിരിക്കുന്നത്.
വിദ്യാര്‍ത്ഥിയുടെ നെഞ്ചത്ത് ക്ലിപ്പുകള്‍ കുത്തിവച്ചിരിക്കുന്നതും വീഡിയോയില്‍ കാണാന്‍ കഴിയും. ചിരിച്ചുകൊണ്ടാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഈ ക്രൂരതകളെല്ലാം കാണിച്ച് കൂട്ടുന്നത് എന്നതാണ് അതിലും ഞെട്ടിക്കുന്ന കാര്യം. തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ കണ്ണുകള്‍ തുറന്നശേഷം ലോഷന്‍ ഒഴിക്കുന്നതും വീഡിയോയില്‍ കാണാന്‍ കഴിയും. മുന്‍ഭാഗത്ത് ഡംബല്‍ തൂക്കിയിടുന്നതും വീഡിയോയില്‍ ദൃശ്യമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

