
തൃണമൂൽ കോൺഗ്രസും ബിജെപിയും പൊലീസും നടത്തുന്ന അതിക്രമങ്ങളെ പ്രതിരോധിച്ചാണ് പശ്ചിമബംഗാളിൽ ഇടതുപക്ഷം പൊരുതി നിൽക്കുന്നത്. പുതുതലമുറയിലൂടെ തിരിച്ചുവരവിന് ശ്രമിക്കുന്ന ആ സമരമുന്നണിയുടെ മുൻനിര പോരാളിയാണ് അഖിലേന്ത്യാതലത്തിൽ എസ്‌എഫ്‌ഐയെ നയിക്കാൻ നിയോഗിതനായ ശ്രീജൻ ഭട്ടാചാര്യ. ഡോ. അരിന്ദം ഭട്ടാചാര്യയുടെയും പരേതയായ സുരഞ്ജന ഭട്ടാചാര്യയുടെയും മകനായി ജനിച്ച ശ്രീജൻ ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദധാരിയാണ്. 2007ൽ ഏഴാം ക്ലാസ് വിദ്യാർഥി ആയിരിക്കവെയാണ് ശ്രീജൻ എസ്‌എഫ്‌ഐ അംഗമാകുന്നത്.
തുടർന്നിങ്ങോട്ട് പോരാട്ടത്തിന്റെ നാളുകളായിരുന്നു. എസ്‌എഫ്‌ഐ ലോക്കൽ സെക്രട്ടറി, ജില്ലാ ജോ. സെക്രട്ടറി എന്നീ നിലകളിലെല്ലാം പ്രവർത്തിച്ച ശേഷം രണ്ടുതവണ സംസ്ഥാന സെക്രട്ടറിയായി. 2017 കേന്ദ്രകമ്മിറ്റിയംഗമായി. നിലവിൽ ജോ. സെക്രട്ടറിയാണ്.
ബംഗാളിൽ ഭരണത്തിലേറിയ തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാ ആക്രമണങ്ങളെ പ്രതിരോധിച്ചാണ് വിദ്യാർഥികൾ പോലും പ്രവർത്തിക്കുന്നത്. മമത സർക്കാർ നടപ്പാക്കുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരെ അതിശക്തമായ ചെറുത്തുനിൽപ്പാണ് എസ്‌എഫ്‌ഐ നേതൃത്വത്തിൽ വിദ്യാർഥികൾ നടത്തുന്നത്. ക്യാമ്പസുകളിൽ നിന്ന് ജനാധിപത്യവും പ്രവർത്തനസ്വാതന്ത്ര്യവും പോലും നിഷേധിക്കപ്പെട്ടിടത്ത് നിന്ന് കാര്യങ്ങൾ വ്യത്യാസപ്പെട്ടിട്ടുണ്ട്. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടന്ന കോളേജുകളിലും സർവകലാശാകളിലും വിജയിക്കാൻ എസ്‌എഫ്‌ഐക്കായി. കോവിഡ് കാലത്ത് പബ്ബുകൾ തുറന്ന് നൽകിയിട്ടും സ്കൂൾ തുറക്കാൻ തയ്യാറാകാത്ത സർക്കാർ നിലപാടിനെതിരെ ശക്തമായ സമരമാണ് കൊൽക്കത്തയിൽ നടന്നത്.
ആർജി കർ മെഡിക്കൽ കോളേജിലെ വിദ്യാർഥിനിയുടെ ആത്മഹത്യയെ തുടർന്നുണ്ടായ പ്രതിഷേധങ്ങളിലും ശ്രീജന്റെ നേതൃത്വത്തിൽ എസ്‌എഫ്‌ഐ സമരനേതൃത്വമായി. വിവിധ വിഷയങ്ങളുയർത്തി നടത്തുന്ന പ്രക്ഷോപങ്ങളെ പൊലീസിനെ കൊണ്ട് അടിച്ചമർത്താനണ് മമത സർക്കാരിന്റെ ശ്രമം. പലതവണ ശ്രീജൻ ക്രൂരമർദനത്തിന് ഇരയായി. ഫീസ് വർധനയ്ക്കെതിരെ നടത്തിയ സമരത്തിനിടെ കട്ടകൊണ്ട് ഇടിച്ചാണ് പൊലീസ് ശ്രീജന്റെ തല പൊട്ടിച്ചത്. ദീർഘനാളത്തെ ചികിത്സയ്‌ക്ക് ശേഷമാണ് സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിയത്.
നിരവധി തവണ തൃണമൂൽ ഗുണ്ടകളുടെ ആക്രമണത്തിനും ഇരയായി. പതിയെയെങ്കിലും എസ്‌എഫ്‌ഐ ക്യാമ്പസുകളിലേക്ക് തിരികെ വരുന്നുണ്ട്. മാനവികതയും സർഗാത്മകതയും നിലനിൽക്കുന്ന ഇടതുകാലം വീണ്ടും വരിക തന്നെ ചെയ്യുമെന്നും ശ്രീജൻ പറയുന്നു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗമായ ശ്രീജൻ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സിംഗൂരിലും ലോക്സഭാ തെരഞ്ഞെടുപ്പിൽ ജാദവ്‌പുരിലും ഇടതുമുന്നണി സ്ഥാനാർഥിയായിരുന്നു. കോളേജ് അധ്യാപികയായ തൗഷാലി റെയ്നയാണ് ഭാര്യ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here