
വിദ്യാഭ്യാസ മേഖലയിൽ മാത്രം നടന്നിട്ടുള്ള ബിജെപി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ ഓർമിപ്പിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. സംഘപരിവാറിനെ ജനങ്ങൾ തെരുവിലിറങ്ങി നേരിടുമെന്നത് തീർച്ചയാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സഞ്ജീവ് പറഞ്ഞു. ഭാവി തലമുറയെ തുലച്ചു കളഞ്ഞ മതവർഗീയവാദികളായ സംഘപരിവാറിനെ ജനം കൈവിട്ടു കഴിഞ്ഞിരിക്കുന്നു എന്നും അദ്ദേഹം കുറിച്ചു.
23 ലക്ഷം വിദ്യാർഥികളുടെ ഭാവിയെ അനിശ്ചിതത്വത്തിൽ ആക്കി കൊണ്ടാണ് നീറ്റ് പരീക്ഷ രാജ്യത്ത് റദ്ദാക്കിയതെന്ന് പറഞ്ഞ പി എസ് സഞ്ജീവ് രാജ്യത്തെ സുപ്രധാനമായ പ്രവേശന പരീക്ഷകൾ സംഘടിപ്പിക്കുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസി ചോദ്യപേപ്പറുകൾ ചോർത്തുന്ന ഏജൻസി ആയി മാറിയിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. രാജ്യത്തെ അമ്പതിനായിരം പൊതുവിദ്യാലയങ്ങളാണ് നരേന്ദ്രമോദിക്കാലത്ത് അടച്ചുപൂട്ടിയതെന്നും സിബിഎസ്ഇ പ്ലസ് ടു പരീക്ഷ ഫലവും ഇപ്പോൾ അവതാളത്തിലായെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ദേശീയ വിദ്യാഭ്യാസ നയം അവതരിപ്പിച്ചുകൊണ്ട്, വിദ്യാഭ്യാസത്തിന്റെ സ്വകാര്യവൽക്കരണവും വാണിജ്യവൽക്കരണവും കോർപ്പറേറ്റ് വൽക്കരണവും മോദി ഗവൺമെന്റ് ഉറപ്പാക്കിയെന്നും സംഘപരിവാർ വർഗീയതക്ക് കീഴടക്കാൻ കഴിയുന്ന വിധത്തിലുള്ള തലച്ചോറുകളെ സൃഷ്ടിക്കാനുള്ള പദ്ധതിയായി പുതിയ വിദ്യാഭ്യാസ നയം മാറിയെന്നും എസ്എഫ്ഐ നേതാവ് വിമർശിച്ചു. ഐഐടിയും ഐഐഎമ്മും എൻഐടിയും കേന്ദ്ര സർവകലാശാലകളും സംഘപരിവാറിന്റെ ആയുധ പരിശീലന കേന്ദ്രങ്ങളാക്കാനും ഇവർ മറന്നില്ല. വിദ്യാഭ്യാസ മേഖലയിൽ മാത്രം നടന്നിട്ടുള്ള ജനദ്രോഹ നയങ്ങളിൽ നൂറിൽ ഒരംശമാണ് മുകളിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നതെന്നും മറ്റ് മേഖലകളിൽ ഇതിലേറെ ഭീകരമാണെന്നും പി എസ് സഞ്ജീവ് കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
സംഘപരിവാറിനെ ജനങ്ങൾ തെരുവിലിറങ്ങി നേരിടുമെന്നത് തീർച്ച!!
23 ലക്ഷം വിദ്യാർഥികളുടെ ഭാവിയെ അനിശ്ചിതത്വത്തിൽ ആക്കി കൊണ്ടാണ് നീറ്റ് പരീക്ഷ രാജ്യത്ത് റദ്ദാക്കിയത്. ഈ വിദ്യാർത്ഥികൾ പുന:പരീക്ഷ എന്ന കൊടിയ പീഡനത്തിലേക്ക് വീണ്ടും തള്ളിവിടപ്പെടുകയാണ്.
രാജ്യത്തെ സുപ്രധാനമായ പ്രവേശന പരീക്ഷകൾ സംഘടിപ്പിക്കുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഇത്തരം പരീക്ഷകളുടെ ചോദ്യപേപ്പറുകൾ ചോർത്തുന്ന ഏജൻസി ആയി മാറിയിരിക്കുകയാണ്. കഴിഞ്ഞവർഷം നെറ്റ് പരീക്ഷക്ക് സംഭവിച്ചതും സമാനമായ ചോർച്ചയാണ്.
രാജ്യത്തെ അമ്പതിനായിരം പൊതുവിദ്യാലയങ്ങളാണ് നരേന്ദ്രമോദിക്കാലത്ത് അടച്ചുപൂട്ടിയത്.+2 സിബിഎസ്ഇ പരീക്ഷ ഫലം ഇപ്പോൾ അവതാളത്തിലുമായി. പുതിയ ദേശീയ വിദ്യാഭ്യാസ നയം അവതരിപ്പിച്ചുകൊണ്ട്, വിദ്യാഭ്യാസത്തിന്റെ സ്വകാര്യവൽക്കരണവും, വാണിജ്യവൽക്കരണവും, കോർപ്പറേറ്റ് വൽക്കരണവും മോദി ഗവൺമെന്റ് ഉറപ്പാക്കി. അതിലുപരി സംഘപരിവാർ വർഗീയതക്ക് കീഴടക്കാൻ കഴിയുന്ന വിധത്തിലുള്ള തലച്ചോറുകളെ സൃഷ്ടിക്കാനുള്ള പദ്ധതിയായി പുതിയ വിദ്യാഭ്യാസ നയം മാറി.
ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നൽകിപ്പോന്നിരുന്ന സ്കോളർഷിപ്പുകൾ റദ്ദാക്കി, ദളിത് വേട്ടയും രാജ്യത്തെ സർവകലാശാലകളിൽ യഥേഷ്ടം ഭരണകൂട സ്പോൺസേഡായി സംഘടിപ്പിക്കപ്പെടുന്നു. ഐഐടിയും, ഐഐഎമ്മും,എൻഐടിയും കേന്ദ്ര സർവകലാശാലകളും സംഘപരിവാറിന്റെ ആയുധ പരിശീലന കേന്ദ്രങ്ങളാക്കാനും ഇവർ മറന്നില്ല. മതത്തിന്റെ പേരിലുള്ള വിവേചനങ്ങളും, കൊലപാതകങ്ങളും യഥേഷ്ടം ക്യാമ്പസുകളിലും നടന്നു.
വിദ്യാഭ്യാസ മേഖലയിൽ മാത്രം നടന്നിട്ടുള്ള ജനദ്രോഹ നയങ്ങളിൽ നൂറിൽ ഒരംശമാണ് മുകളിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. മറ്റ് മേഖലകളിൽ ഇതിലേറെ ഭീകരമാണ്, നമ്മുടെ തലമുറ പിന്നെ എങ്ങനെയാണ് ഇവർക്കെതിരെ പ്രതിഷേധം ഉയർത്താതിരിക്കുക, ഭാവി തലമുറയെ തുലച്ചു കളഞ്ഞ മതവർഗീയവാദികളായ സംഘപരിവാറിനെ ജനം കൈവിട്ടു കഴിഞ്ഞിരിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

