
ഉത്തർപ്രദേശിൽ 27,000-ത്തിലധികം സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടാനുള്ള യോഗി സർക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സാമ്പത്തിക പ്രതിസന്ധി കാരണമായി ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തെ സർക്കാർ സ്കൂളുകൾ വൻതോതിൽ പൂട്ടുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സർക്കാർ സ്കൂളുകൾ പൂട്ടിയ സംസ്ഥാനങ്ങളിൽ ഒന്നാണ് ഉത്തർപ്രദേശ് എന്ന കണക്കുകൾ കഴിഞ്ഞ ദിവസങ്ങളിൽ പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ടിരുന്നു.
സർക്കാർ സ്കൂളുകൾ പൂട്ടുന്നതിനെതിരെയും, നിലവിലുള്ള സ്കൂളുകളുടെ ദയനീയ അവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും എസ്എഫ്ഐ സംസ്ഥാന വ്യാപകമായി ശക്തമായ പ്രക്ഷോഭത്തിലാണ്. ലക്നൗവിലെ സുഹാനി മാർക്കറ്റിൽ ലഘുലേഖ വിതരണം ചെയ്യുകയായിരുന്ന എസ്എഫ്ഐ പ്രവർത്തകരെ നൂറുകണക്കിന് പോലീസുകാർ എത്തി തടയാൻ ശ്രമിച്ചു. പോലീസിനെ വകവെക്കാതെ പ്രവർത്തകർ ക്യാമ്പയിനുമായി മുന്നോട്ട് പോയി.
എസ്എഫ്ഐ അഖിലേന്ത്യ നേതാവ് ആദർശ് സജി, ഉത്തർപ്രദേശ് സംസ്ഥാന പ്രസിഡന്റ് പാർത്ത്, സെക്രട്ടറി അബ്ദുൽ വഹാബ് എന്നിവരുൾപ്പെടെയുള്ള നേതാക്കളെ പോലീസ് തടയാൻ ശ്രമിച്ചതായാണ് വിവരം. വിദ്യാർത്ഥി അവകാശങ്ങൾ സംരക്ഷിക്കുന്നതിനായുള്ള പോരാട്ടം തുടരുമെന്ന് എസ്എഫ്ഐ നേതാക്കൾ പ്രഖ്യാപിച്ചു.
ഡിസംബറിൽ ഉത്തർപ്രദേശ് സർക്കാരിനെതിരെ സംഘടിപ്പിക്കുന്ന ‘ചലോ ലക്നൗ’ നിയമസഭ മാർച്ചിന് മുന്നോടിയായാണ് സംസ്ഥാനത്ത് ഇത്തരം പ്രചരണ പരിപാടികൾ സംഘടിപ്പിക്കുന്നത്. സർക്കാർ സ്കൂളുകൾ കൂട്ടത്തോടെ പൂട്ടുന്നതിൽ ഉത്തർപ്രദേശ് സർക്കാരിന്റെ ഭാഗത്ത് നിന്ന് വ്യക്തമായ വിശദീകരണങ്ങൾ ലഭ്യമല്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

