
അരാഷ്ട്രീയ-വർഗീയ കൂട്ടായ്മകളുടെ കോട്ട തകർത്തെറിഞ്ഞുകൊണ്ട് രണ്ടുപതിറ്റാണ്ടിന് ശേഷം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് യൂണിയൻ എസ്എഫ്ഐ തിരിച്ചുപിടിച്ചു. വിജയത്തിന് പിന്നാലെ, അനശ്വര രക്തസാക്ഷി ചെഗുവേരയുടെ ചിത്രം കൈകളിലേന്തിയാണ് വിദ്യാർത്ഥികൾ ക്യാമ്പസിൽ ആവേശമുയർത്തിയത്. 2003-ൽ എസ്എഫ്ഐക്ക് യൂണിയൻ നഷ്ടപ്പെട്ടപ്പോൾ ‘ഇൻഡിപെൻഡൻസ്’ എന്ന അരാഷ്ട്രീയ മുന്നണി നീക്കം ചെയ്ത ചെഗുവേരയുടെ ചിത്രം പുതിയ ഭാരവാഹികൾ യൂണിയൻ റൂമിൽ പുനഃസ്ഥാപിച്ചു.
കേരള ആരോഗ്യ സർവകലാശാലയ്ക്ക് കീഴിൽ നടന്ന തെരഞ്ഞെടുപ്പിൽ ആകെ 16-ൽ 13 സീറ്റുകൾ നേടിയാണ് എസ്എഫ്ഐ ഉജ്ജ്വല വിജയം കൈവരിച്ചത്. ജനറൽ വിഭാഗത്തിലെ പത്തിൽ എട്ട് സീറ്റുകളും ബാച്ച് റെപ്രസന്റേറ്റീവ് വിഭാഗത്തിലെ ആറിൽ അഞ്ച് സീറ്റുകളും എസ്എഫ്ഐ സ്വന്തമാക്കി. യൂണിറ്റില്ലാത്ത കെഎസ്‌യു, ക്യാമ്പസ് ഫ്രണ്ട്, എബിവിപി, ഫ്രറ്റേണിറ്റി തുടങ്ങിയ സംഘടനകൾ ചേർന്ന് രൂപീകരിച്ച ഇൻഡിപെൻഡൻസ് മുന്നണിയുടെ ദീർഘകാല ഭരണത്തിനാണ് ഇതോടെ അന്ത്യമായത്. ഇത്തവണ കെഎസ്‌യു ഈ മുന്നണിയിൽ നിന്ന് മാറി ഒറ്റയ്ക്കാണ് മത്സരിച്ചത്.
വർഗീയ പ്രചാരണങ്ങളിലൂടെയും നുണകളിലൂടെയും ചെഗുവേരയുടെ വിപ്ലവ ജീവിതത്തെ ഇല്ലാതാക്കാൻ വലതുപക്ഷ ശക്തികൾ ശ്രമിക്കുമ്പോഴും, ‘വിപ്ലവകാരിയായ ഡോക്ടറാവുക’ എന്ന ഉന്നതമായ ആശയമാണ് തങ്ങൾ മുന്നോട്ട് വെക്കുന്നതെന്ന് യൂണിയൻ ഭാരവാഹികൾ വ്യക്തമാക്കി. വിദ്യാർത്ഥികൾക്കായി രാഷ്ട്രീയം പറഞ്ഞ് അചഞ്ചലമായി നിലകൊണ്ട എസ്എഫ്ഐയെ ക്യാമ്പസ് ഹൃദയത്തിലേറ്റിയതിന്റെ ഫലമാണ് ഈ മധുരവിജയമെന്നും അവർ കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

