
വിദ്യാർത്ഥികൾ അരാഷ്ട്രീയവത്കരിക്കപ്പെട്ടാൽ എന്തായി തീരുമെന്നതിന് ഉത്തമ ഉദാഹരണമാണ് കോട്ടയം ഗവണ്മെൻ്റ് നേഴ്സിങ് കോളേജിലെ റാഗിംഗ് സംഭവമെന്ന് എസ്എഫ്ഐ. നേഴ്സിങ് കോളേജിലെ ജനറൽ നേഴ്സിങ് വിഭാഗത്തിലാണ് റാഗിംഗ് നടന്നത്. പതിറ്റാണ്ടുകൾക്ക് മുമ്പ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇൻഡിപെൻഡൻസ് എന്ന അരാഷ്ട്രീയ ഗ്യാങ് ആരംഭിച്ചതിന് ശേഷം മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ അരാഷ്ട്രീയവത്കരണവും അതിനെ തുടർന്നുള്ള അരാജകവത്‌കരണവും അതിവേഗതയിലാണ് നടക്കുന്നത്. എസ്എഫ്ഐ ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകൾക്ക് ബഹുഭൂരിപക്ഷം മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിറ്റ് രൂപീകരിക്കാൻ പോലും അരാഷ്ട്രീയ ഗ്യാങ്ങുകളും, അവരെ പ്രോത്സാഹിപ്പിക്കുന്ന ചില അദ്ധ്യാപകരും അനുവദിക്കാറില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു.
ഇത്തരം ക്യാമ്പസുകളിൽ നടക്കുന്ന മനുഷ്യത്വ വിരുദ്ധമായ പ്രവർത്തനങ്ങളെ സംബന്ധിച്ച് ഗൗരവമായ ചർച്ചകളും ഇടപെടലുകളും നടക്കണം. ദിവസങ്ങൾക്ക് മുമ്പാണ് എറണാകുളം ഗ്ലോബൽ പബ്ളിക് സ്കൂളിലെ വിദ്യാർത്ഥി റാഗിങ്ങിനെ തുടർന്ന് ആത്മഹത്യ ചെയ്തത്. ഇതേ ആഴ്ചയിൽ തന്നെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് മറ്റൊരു റാഗിംഗ് വാർത്ത പുറത്തു വന്നത്.
വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നടക്കാത്ത കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്നത് എന്താണ് എന്നതിനെ സംബന്ധിച്ച് പൊതുസമൂഹം ഇനിയെങ്കിലും ചർച്ച ചെയ്യാൻ തയ്യാറാവണം. റാഗിംഗ് വാർത്തയും അതിനെ തുടർന്നുള്ള കുറച്ച് ദിവസങ്ങളിലെ ചർച്ചകളും കഴിഞ്ഞാൽ പതിയെ എല്ലാം മറക്കുകയാണ് പൊതുസമൂഹം. ഇത് ഇത്തരം ക്രൂരത ചെയ്യാൻ കൂടുതൽ വിദ്യാർഥികൾക്ക് പ്രോത്സാഹനം നൽകുകയാണ്. കേരളത്തിൽ ഇന്നേവരെ രജിസ്റ്റർ ചെയ്ത റാഗിംഗ് കേസുകളിൽ എത്ര പേർ ശിക്ഷിക്കപ്പെട്ടു എന്ന് മാത്രം പരിശോധിച്ചാൽ മതി. ബഹുഭൂരിപക്ഷം റാഗിംഗ് കേസുകളും കോടതിക്ക് പുറത്ത് വെച്ച് പറഞ്ഞു തീരുകയാണ്. ഇതും ഇത്തരം പ്രവർത്തനങ്ങൾ ചെയ്യാൻ അരാഷ്ട്രീയ കൂട്ടങ്ങൾക്ക് കരുത്ത് പകരുന്നു.
കോട്ടയം ഗവൺമെൻ്റ് നേഴ്സിങ് കോളേജിലെ ജനറൽ നേഴ്സിങ് വിഭാഗത്തിൽ റാഗിങ്ങിന് ഇരയായ വിദ്യാർത്ഥികളും അവരുടെ കുടുംബാംഗങ്ങളും നിയമ പോരാട്ടവുമായി മുന്നോട്ട് പോകണമെന്നും അതിന് സർവ്വ പിന്തുണയും എസ്എഫ്ഐ നൽകുമെന്നും, അതിക്രൂരമായ റാഗിങ്ങിന് നേതൃത്വം നൽകിയ വിദ്യാർത്ഥികൾക്കെതിരെ സംസ്ഥാന സർക്കാരും പോലീസും കടുത്ത നടപടി സ്വീകരിക്കണമെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ പ്രതികരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here