ആശാന്റെ ലീലയിലെ ചെമ്പകഗന്ധവും വനഭാഗഭംഗിയും; ശബ്‌ന ശശിധരൻ എഴുതുന്നു

ശബ്‌ന ശശിധരൻ
സെക്രട്ടറി ,ഗുരു ഗോപിനാഥ് നടനഗ്രാമം

മലയാള കവിതയിൽ കാല്പനികയുടെ വസന്തത്തിന് തുടക്കം കുറിച്ച മഹാകവി കുമാരനാശൻ ജാതീയ അസമത്വത്തിനെതിരെ അദ്ദേഹത്തിന്റെ തൂലികയിലൂടെ പോരാടി . സ്നേഹമാണ് ആശാൻ കവിതകളുടെ കാതൽ .ആശാന്റെ കവിതാ ശകലങ്ങൾ മലയാളത്തിൽ ചൊല്ലുകൾ പോലെ പ്രചരിച്ചു. ഇരുപതാം നൂറ്റാണ്ടിൽ കവിതാ ശാഖയെ കുമാരനാശാനോളം സ്വാധീനിച്ച മറ്റൊരു കവിയില്ല . ധാർമികതയോടും ആത്മീയതയോടുമുള്ള തീവ്രമായ പ്രതിബദ്ധത ആശാൻ കവിതകളിൽ അങ്ങോളമിങ്ങോളം കാണാം .പേർഷ്യൻ കവിയായ നിസാമി ഗംജവി രചിച്ച ലൈല മജ്‌നുവിന്റെ പ്രണയകഥയുടെ ഇതിവൃത്തം സ്വീകരിച്ചു കൊണ്ട് അദ്ദേഹം രചിച്ച ഖണ്ഡകാവ്യമാണ് ലീല . മരണത്തിനു പോലും വേർപെടുത്താൻ സാധിക്കാത്ത ലീല മദനന്മാരുടെ പ്രണയകഥയാണ് ആശാൻ ലീലയിലൂടെ വരച്ചുകാണിക്കുന്നത്.

ALSO READ: വനിതാ ശിശുവികസന വകുപ്പിന് കീഴിൽ ജന്‍ഡര്‍ സ്പെഷ്യലിസ്റ്റ് നിയമനം

ഉദയപുരത്തിനടുത്ത് വൈശ്യവർഗത്തിൽപ്പെട്ട ഒരു വർത്തകപ്രമാണിയുടെ മകളായിരുന്നു ലീല. സമ്പത്സമൃദ്ധിയുടെ നടുവിൽ വളർന്ന ബാല്യം. വിദ്യാഭ്യാസം, കലാവാസന, അതിസൗന്ദര്യം, സ്വഭാവവൈശിഷ്ട്യം, സൗശീല്യം, ലോകപരിജ്ഞാനം എല്ലാം ഒന്നുപോലെ ഇണങ്ങിച്ചേർന്നു. യൗവനത്തിൽ മദനനെന്ന യുവാവിൽ അനുരക്തയായി. എന്നാൽ വിജയപുരനിവാസിയായ ഒരു വർത്തകശ്രേഷ്ഠന് ലീലയുടെ പിതാവ് സ്വഹിതാനുസാരം അവളെ വിവാഹം ചെയ്തു കൊടുക്കുന്നു. ഗുരുജനവചനം, സ്ത്രീകളുടെ അസ്വാതന്ത്രം എന്നിവ കാരണം തന്റെ പ്രണയം അവൾ തുറന്നുപറഞ്ഞില്ല. ഭർത്തൃഗൃഹത്തിലേക്ക് അവൾ വിവാഹശേഷം പോയി. ഭർത്താവിനോട് തന്റെ പൂർവ്വപ്രണയം ഒന്നും അവൾ തുറന്നുപറഞ്ഞില്ലെങ്കിലും, അന്യപരിണീതയായിട്ടും മദനനെ അനുധ്യാനം ചെയ്തു നിർവിണ്ണയായി ലീല ഭർത്താവിനോടൊത്ത് കഴിഞ്ഞു. ലീലയുടെ വിവാഹവൃത്താന്തമറിഞ്ഞ് മദനൻ ഉന്മത്തപ്രായനാകുന്നു.

ഒരുനാൾ ലീലയുടെ ഭർത്താവ് അകാലചരമമടയുന്നു. ലീല സ്വഗൃഹത്തിൽ തിരിച്ചെത്തുമ്പോൾ മാതാപിതാക്കളുടെ മരണവാർത്ത കേൾക്കുന്നു. തോഴിയായ മാധവിയിൽ നിന്നു മദനന്റെ ഉന്മാദാവസ്ഥയെപ്പറ്റിയും അയാൾ സമനിലതെറ്റി വിദീർണ്ണഹൃദയനായി നാടുവിട്ടതിനെപ്പറ്റിയും അറിയുന്നു. ലീല മാധവിയെ മദനനെ അന്വേഷിച്ചു കണ്ടുപിടിക്കാനായി നിയോഗിക്കുന്നു. നായികാസഖിയുടെ സുദൂരവ്യാപിയായ നായകാന്വേഷണസഞ്ചരണത്തിൽ വിന്ധ്യാമഹാവനത്തിൽ ലീലാനാമസങ്കീർത്തനലോലനായി വികലബുദ്ധിയായി ഉഴലുന്ന മദനനെ കണ്ടെത്തുന്നു. മദനനെ കാണാനായി ലീലയ്ക്കും വിന്ധ്യാടവിയിലേക്കു പുറപ്പെടണമെന്ന ആഗ്രഹമറിയിച്ചു. ലീലയെ പിന്തിരിപ്പിക്കാൻ മാധവി ശ്രമിച്ചെങ്കിലും നടന്നില്ല. ലീല അവസാനം സഖിയുമൊത്ത് വിന്ധ്യവനത്തിലെത്തി വികലേന്ദ്രിയനായ മദനനെ കണ്ടുമുട്ടുന്നു. ഒരുനിമിഷം അവർ ആലിംഗനബദ്ധരായി. അനന്തരക്ഷണത്തിൽ അയാൾ രേഖാനദിയിലെ കയത്തിൽ ചാടി അന്തർധാനം ചെയ്യുന്നു. ലീല പ്രണയപാരവശ്യത്താൽ അയാളെ അനുഗമിക്കുന്നു. ശോകഗ്രസ്തമായ ആ രാഗോദന്തം അവസിതമാകുന്നു. മാധവി സഖിയുടെ അകാലനിര്യാണത്താൽ ലൗകികസുഖവിരക്തയായി സംന്യാസം വരിക്കുന്നു.

ലീലയിലെ നായികാനായകന്മാർ സാധാരണമനുഷ്യരാണ്. നളിനീ-ദിവാകരന്മാരെപ്പോലെ അദ്ധ്യാത്മതലത്തിൽ ഉയർന്ന ആളുകളല്ല. അത് ആശാൻ തന്നെ ലീലയുടെ ആമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്. “നളിനിയിലെ നായികാനായകന്മാർ രാജസം മിക്കവാറും വിട്ട് സാത്വികാവസ്ഥയിൽ എത്തിനില്ക്കുന്ന പുണ്യാത്മാക്കളാണ്. അതിനുമുൻപുള്ള അവസ്ഥകളിലാണല്ലോ ജീവിതത്തിന്റെ കഷ്ടതകളും മാനസികരഹസ്യങ്ങളും അധികം അടങ്ങിയിരിക്കുന്നത്. അതുകൊണ്ട് നളിനിയിലെ കഥാപാത്രങ്ങളുടെ അടുത്തതാണപടിയിൽ എത്തിയിട്ടുള്ള ജീവിതങ്ങളെപ്പറ്റിയാണ് പിന്നെ എഴുതേണ്ടതായി തോന്നിയത്” (മുഖവുര, ലീല).

ALSO READ: രാമക്ഷേത്രവും ഇന്ത്യയിലെ ആദ്യത്തെ വെജ്-ഓൺലി 7-സ്റ്റാർ ഹോട്ടലും അയോധ്യയിൽ

നളിനിയെക്കാൾ താണപടിയിലെ ജീവിതത്തെപ്പറ്റി എഴുതണമെന്ന് ആശാന് തോന്നിയതിനു കാരണം, നിവൃത്തിപഥത്തിൽനിന്ന് ഐഹികസുഖങ്ങളിലേക്കു വഴി മാറണമെന്നുള്ള കവിയുടെ അന്തരാത്മാവിൽ അന്തർലീനമായിക്കിടന്ന ആഗ്രഹങ്ങളും തുടർന്നുള്ള അനുക്രമമായ സംക്രമണവുമാണ്. കവികളുടെ ജീവിതരഹസ്യങ്ങൾ പ്രതിബിംബിക്കുന്ന വിചിത്രദർപ്പണമാണ് അവരുടെ കൃതികൾ എന്ന് പാശ്ചാത്യവിമർശകന്മാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒരു വൈദ്യുതചിത്രനാടകത്തിലെ രംഗപരമ്പരപോലെ കവികളുടെ കൃതികളിൽ അവരുടെ അന്തർജീവിതം ദൃഷ്ടിഗോചരമാവുകയും ചെയ്യും. ജീവിതത്തിന്റെ അനിത്യതയെക്കുറിച്ചുള്ള വിഹ്വലതകൾ വീണപൂവിൽ ദർശിക്കുമ്പോൾ ഇന്ദ്രിയകാമനകളെ നിരോധം ചെയ്ത് ഇന്ദ്രിയാതീതമായ ലോകത്തേക്കുള്ള പ്രയാണമാണ് നളിനിയിൽ. ഇതിനുശേഷമെഴുതിയ ലീലയിൽ ഇതിൽനിന്നു വ്യത്യസ്തമായ ഒരു തലമാണ് കവി സ്വീകരിച്ചത്. കേവലം ലൗകികമായ ഒരു പ്രണയമാണ് ലീലയിൽ.

അനുരാഗം ജീവശ്വാസമായി, ജീവിതതാളമായി കരുതുന്ന കാമുകിയാണ് ലീല. മറ്റെല്ലാ സ്നേഹബന്ധങ്ങളെയും ശക്തിയായി നിഷേധിക്കുന്ന മാനസികാവസ്ഥ ലീലയ്ക്കുണ്ടായിരുന്നു. ഭർത്താവിന്റെയും മാതാപിതാക്കളുടെയും മരണം ലീലയെ നിരാലംബയും അശരണയുമാക്കി മാറ്റി. ഈ വേർപാടുകളുടെ വേദന അവൾക്ക് മദനനെക്കുറിച്ചോർത്തു ദുഃഖിക്കാനുള്ള മറയായി മാറി. എല്ലാ ആപത്തുകളെയും വിഗണിക്കാനുള്ള ശക്തി അവളുടെ ഉറച്ച രാഗബന്ധത്താൽ അവൾ നേടി. പ്രണയത്തിന്റെ അസാധാരണമായ ശക്തിവിശേഷം വെളിവാക്കുവാൻ വേണ്ടി കവി പ്രണയത്തിന് പുതിയൊരു നിർവചനം ലീലയിലൂടെ നല്കി. ലീലാ കാവ്യത്തെ ‘ചെമ്പകപ്പൂവ്’ എന്നാണ് കാവ്യ രചയിതാവായ കുമാരനാശാൻ വിശേഷിപ്പിച്ചത്; പ്രകടമായ സൗരഭ്യവും ഉജ്ജ്വലമായ കാന്തിയുമുള്ള ചെമ്പകപ്പൂവ്. ശാന്തമായ സുഗന്ധവും ഉദാരമായ ശോഭയും ഉള്ള ഒരു താമരപ്പൂവ് ആയിട്ടാണ് നളിനിയെ അദ്ദേഹം വിശേഷിപ്പിച്ചത്.

ലീലാ കാവ്യത്തിലെ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രം; ഒരു ബിംബം; ഒരു പ്രതീകം;ഒരു മഹനീയ സാന്നിധ്യം ആണ് ചെമ്പകപ്പൂവ്. ലീലാമദനന്മാരുടെ പ്രണയത്തിന് ചെമ്പകപ്പൂവിനെ പോലെ ലഹരിപിടിപ്പിക്കുന്ന മാദകസൗരഭ്യം ആണുള്ളത്. ലീലാമദനന്മാരുടെ പൂർവ്വ പ്രണയകഥ കവി കാവ്യത്തിൽ വർണ്ണിക്കാതെ ചെമ്പകപ്പൂവിൽ സമർഥമായിട്ട് സംഭൃതമാക്കിയിരിക്കുന്നു. ലീലാ കാവ്യത്തിൽ ഉടനീളം ചെമ്പക സുഗന്ധം പ്രചരിക്കുന്നുണ്ട്. ചെമ്പകവനവും ചെമ്പകമരവും ചെമ്പകപ്പൂവും ചെമ്പകഗന്ധവും കവി കൽപനയിൽ നട്ടുപിടിപ്പിച്ചു, വിരിഞ്ഞ് സൗരഭ്യം പരത്തിയതാണ്.

അന്യപരിണീതയായിട്ടും കാലദേശങ്ങളുടെ വ്യവധാനം കൊണ്ട് തിരോഹിതമാകാതെ അവശേഷിക്കുന്ന തീവ്രാനുരാഗം മദനനിദിധ്യാസകുതുകിനിയായ ലീലയെ മദനനിവാസവാസിതമായ വനാന്തരത്തിൽ എത്തിക്കുന്നു. വിധുര വലാകകൾ പോലെ വിന്ധ്യാടവിയിൽ ലീലയും മാധവിയും മദനനെ അന്വേഷിച്ച് അങ്ങുമിങ്ങും അലഞ്ഞു. സാഗരോന്മുഖിയായ് സസ്വര രേവാനദി പാർശ്വവർത്തി ആയി ചരിക്കുന്ന അവിടെ, അവളെ എതിരേറ്റത് രൂക്ഷമായ ചെമ്പക ഗന്ധം ആയിരുന്നു.

‘സുഖദമയി! വരുന്നിതെങ്ങുനിന്നോ
സഖീ, യിത ചെമ്പകഗന്ധമെന്തു ചിത്രം!
മുഖരസമിതു മാറ്റി മിന്നുകല്ലി?
നിഖിലവനാവലി നിദ്രവിട്ടപോലെ’

ലീല ചെമ്പകപ്പൂവിന്റെ ഗന്ധമേറ്റ് അടിമുടി കോരിത്തരിച്ച് ആഹ്ലാദത്തിൽ മതിമറന്ന് പാടുകയാണ്. ആ വിഭ്രമാത്മക നിമിഷത്തിൽ ലീലയുടെ മനസ്സിന്റെ വിഹ്വലത പ്രദർശിപ്പിക്കുകയാണ് ഇവിടെ. തന്റെ പ്രിയനായ മദനന്റെ സാന്നിധ്യം അവൾ ആ പുഷ്പഗന്ധത്തിലൂടെ തിരിച്ചറിഞ്ഞു. വനപദ്ധതിയിൽ മദനനെ അന്വേഷിക്കുമ്പോൾ ലീലയ്ക്ക് തീർച്ചയായിരുന്നു, ചെമ്പക ഗന്ധം എവിടെയുണ്ടോ അവിടെ മദനനുണ്ടാകുമെന്ന്.
‘ എവിടെ മണമിതുത്ഭവിപ്പുവങ്ങേ –
ന്നവിതഥ ജീവിതദൈവതം വസിപ്പൂ!’

ടി.എസ് എലിയറ്റിന്റെ പ്രശസ്തമായ ‘തരിശുഭൂമി’ യിലെ (Waste Land) ഹയസിന്ത പൂക്കളെ ഓർമ്മിപ്പിക്കുന്ന ഒരു കല്പനയാണ് ചെമ്പകപ്പൂവ്. ഹയസിന്തപ്പുവ് പ്രണയത്തിന്റെയും പെണ്ണിന്റെയും പ്രതീകമാണ്.
വനഭാഗഭംഗി അലൗകികമായ കാന്തിപ്രസരം ചൊരിഞ്ഞ് വായനക്കാരെ വ്യാമുഗ്ധരാക്കുന്നു. സ്വർഗീയമായ കാവ്യാന്തരീക്ഷവും ഉണ്ടാക്കുന്നു. ‘നർമ്മദോർമ്മീ പരിചയശൈത്യമിയെന്ന മന്ദവായു ‘ ഹേമപുഷ്പ സുഗന്ധം വഹിച്ചുകൊണ്ട്,ഹിതകരമായി, ഹൃതഹൃദയയായി കടന്നുവരുമ്പോൾ ലീലയുടെ മനസ്സിലെ വിസ്മൃതിയുടെ ആവരണം തകർത്തുകൊണ്ട്, മറഞ്ഞിരിക്കുന്ന ഓർമകളെ ഉണർത്തുന്നു ; കാലവും ജീവിതവും അവളിൽ ഏതെങ്കിലും രീതിയിൽ പൂർവാനുരാഗവിസ്മൃതി ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ!

ചെമ്പക പൂവിന്റെ മഹത്വവും കവി വർണ്ണിക്കുന്നുണ്ട്.
‘ കുസുമശബള കാന്തിയാം നഭസ്സിൽ
പ്രസൃമരമാം സ്ഫുടചമ്പകാതപത്താൽ
അസമയരമണീയമത്രേ കണ്ടേ?
സുസഖി! യുഷസ്സുഷമയ്ക്ക് നിത്യഭാവം’
ചെമ്പക പൂക്കളുടെ പൊന്നൊളി വനാന്തരങ്ങളിൽ പരക്കുകയാൽ അസമയത്തും അവിടെ പ്രഭാതകാന്തിക്ക് ശാശ്വത ഭാവം കൈവന്ന പോലെ തോന്നും. ഉഷശ്ശോഭ പ്രഭാതത്തിൽ അല്പനേരം മാത്രമേ നിലനിൽക്കുകയുള്ളൂ. ചെമ്പക പൂക്കളുടെ കാന്തി പ്രസരം ആണ് ഇവിടെ പറഞ്ഞിരിക്കുന്നത്.

അകാരണമായി മദനൻ ചെമ്പകപ്പൂവിനെ ഇഷ്ടപ്പെട്ടു. അതുപോലെതന്നെ ലീലയെയും. ഒരർത്ഥത്തിൽ ലീലയും ചെമ്പകപൂവ് തന്നെയാണ്. ലീല വിവാഹിതയായി പോയപ്പോൾ ഉന്മാദിയായി നാടുവിട്ടോടിയ മദനൻ എത്തിച്ചേർന്നതും വിന്ധ്യാടവിയിലെ ചെമ്പകവനത്തിലായിരുന്നു. ചെമ്പകപ്പൂവിലൂടെ ലീലയുടെ സാന്നിധ്യം അവൻ അനുഭവിച്ചു. പൂക്കളിൽ അതുല്യകാന്തിയോട് കൂടിയ ചെമ്പകവും സ്ത്രീകളിൽ ലീലയും ആയിരുന്നു മദനനു ഈ ലോകത്തിൽ പ്രിയപ്പെട്ടവർ. ‘നവചെമ്പകോത്സുകനാണ് ‘ മദനൻ എന്ന് ലീല പറയുന്നുണ്ട്.
അവസാനം ലീലാമദനന്മാർ രേവയുടെ അഗാധഹ്രദങ്ങളിൽ തിരോഭവിച്ചതിനു ശേഷവും ഒരു പ്രതീകമായി ചെമ്പകം പ്രത്യക്ഷപ്പെടുന്നുണ്ട്.

‘രവി ജലധിയിലാശു മുങ്ങി, രേവാ-
സവിധവനങ്ങളിൽ നിന്നു രശ്മി നീങ്ങി;
പവനനുമഥ വിട്ടു ചെമ്പകത്തെ
ഭുവനവുമപ്പൊഴുതപ്രസന്നമായി ‘

രവിയും രശ്മിയും പോലെ അഭേദ്യമായ ലീലാമദനന്മാരുടെ ബന്ധമാണ് ഈ വരികളിൽ അഭിവ്യഞ്ജിക്കുന്നത്. മദനൻ രേവയിലെ അഗാധതയിൽ വിലയിച്ചപ്പോഴുള്ള സൂര്യാസ്തമയ വർണ്ണനയാണ് ഇവിടെ. സൂര്യൻ സമുദ്രത്തിൽ മുങ്ങി. രേവാ നദീതടങ്ങളിൽ നിന്ന് സൂര്യരശ്മിയും നിശ്ശേഷം നീങ്ങി.’പവനനുമഥ വിട്ടു ചെമ്പകത്തെ ‘, മന്ദമാരുതൻ ചെമ്പകത്തെ ഉപേക്ഷിച്ചു. ലോകം മുഴുവൻ ഇരുട്ടിലാണ്ടു. സൂര്യനെ വിട്ട് രശ്മിക്ക് നിലനിൽപ്പില്ല. ചെമ്പകഗന്ധം വഹിക്കുന്നത് വായുവാണ്. ചെമ്പകത്തെ വായു ഉപേക്ഷിച്ചു. നായികയായ ലീലക്ക് മദനനെ വിട്ടു ജീവിക്കാനാകില്ല. ഇവിടെ പരാമൃഷ്ടമായ ബന്ധങ്ങളെല്ലാം പരസ്പരപൂരകങ്ങളാണ്. ലീലയുടെ മരണം ആസന്നമായി എന്ന സൂചനയും ഇവിടെയുണ്ട്.ചെമ്പകം ലീലയും പവനൻ മദനനുമാണെന്നുള്ള പ്രതീതി ഉണ്ടാക്കുന്നു.

സഹൃദയ മനസ്സിൽ നിഗൂഢമായ രസാനുഭൂതികൾ ഉണർത്തുന്ന വികസ്വര കൽപ്പനയാണ് ചെമ്പകപ്പൂവ്. ആവർത്തനത്തിന്റെ ഓരോ നിമിഷത്തിലും പുതുമ പടർത്തുന്ന പ്രതിഭാപ്രകാശം ചെമ്പകപ്പൂവിനെ വൈചിത്ര്യ ഭാസുരമാക്കുന്നു. വികാരോദ്ദീപകവും വിമർദ്ദഹൃദ്യവുമായ കവി കൽപ്പനയിൽ വിരിഞ്ഞ,അലൗകിക കാന്തി അഭംഗുരം ആയി പ്രകാശിക്കുന്ന അമൃത നിഷ്യന്തിയായ ഹേമ മഞ്ജരിയുടെ പരിമളം, അപ്രതിഹതമായി പ്രസരിക്കുമ്പോൾ, കാവ്യ രസവും അവ്യാഹതമായി… അവിച്ഛിന്നധാരയായി പ്രവഹിക്കും. ഇത് ആശാൻ കവിതയിലെ പരിസ്ഥിതിദർശനം കൂടിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News