
ദിവസം മുഴുവൻ പണിയെടുത്ത് തളർന്ന് ആ ദിവസത്തെ കഷ്ടപ്പാടുകൾ കഴുകി കളയാൻ മലയാളികൾ തിരഞ്ഞെടുക്കുന്ന ഇടങ്ങളാണ് തിയറ്ററുകൾ. എന്നാൽ ഇന്നിറങ്ങുന്ന മിക്ക സിനിമകളും മലയാളികളെ വേണ്ട വിധം എന്‍റർടൈന്‍ ചെയ്യിക്കുന്നില്ല എന്നതാണ് പ്രശ്നം. മലയാളികൾ മതി മറന്നു ചിരിച്ചു തിയറ്റർ വിട്ട സിനിമകൾ ഈ അടുത്തെങ്ങും ഇറങ്ങിയിട്ടില്ല. ഈ അവസരങ്ങളിലാണ് ഷാഫിയെ പോലുള്ള സംവിധായകരെ മലയാളി സിനിമ ആസ്വാദകർ ശരിക്കും മിസ് ചെയ്യാൻ പോകുന്നത്.
നമ്മളെ കാലാതീതമായി പൊട്ടിച്ചിരിപ്പിച്ച സിനിമകൾ മാത്രമല്ല അദ്ദേഹം സംഭാവന ചെയ്തത്, ഒരിക്കലും നാം മറന്നു പോകാത്ത ഒരുപിടി കഥാപാത്രങ്ങളെ കൂടിയാണ്. ചട്ടമ്പി നാടിലെ ദശമൂലം ദാമുവും, കല്യാണരാമനിലെ പോഞ്ഞിക്കരയും മുതൽ പുലിവാൽ കല്യാണത്തിലെ മണവാളനും വൺമാൻഷോയിലെ ജയകൃഷ്ണൻ വരെയുള്ള കഥാപത്രങ്ങൾ ഇങ്ങനെ മലയാള മനസുകളിൽ നിറഞ്ഞു നിൽക്കുമ്പോൾ അനശ്വരമാകുന്നത് ആ കഥാപാത്രങ്ങൾ മാത്രമല്ല, അതിനെ സ്‌ക്രീനിൽ വരഞ്ഞിട്ട ഷാഫിയെന്ന സംവിധായകൻ കൂടിയാണ്.
ALSO READ; മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഹാസ്യരാജ്ഞിയുടെ ഓർമകളിൽ സിനിമാപ്രേമികൾ
സിനിമ ആസ്വദിക്കാനുള്ളതാവണമെന്ന കടുംപിടുത്തമുണ്ടായിരുന്നു ഷാഫിക്ക്. എന്നാൽ, ഹാസ്യത്തിനോളം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന കഥയും അദ്ദേഹത്തിന് നിർബന്ധമായിരുന്നു. അതിനാൽ തന്നെ, ഇന്ന് പല സംവിധായകരും പരാജയപ്പെട്ട പോകുന്ന ഈ കോമ്പിനേഷനിൽ പിറന്നത് മലയാളികൾക്ക് എത്ര കണ്ടാലും മതിവരാത്തത്ര റിപ്പീറ്റ് വാല്യൂ ഉള്ള ഒരുപിടി ചിത്രങ്ങളായിരുന്നു. മലയാളികളായ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ഇടയിൽ കൈമറിഞ്ഞു പോയ മൃഗീയ ഭൂരിപക്ഷം മീമുകളും ട്രോളുകളും നിർമ്മിക്കപ്പെട്ടിരിക്കുന്നതും ഷാഫി സിനിമകളുടെയും അദ്ദേഹം സ്‌ക്രീനിൽ അവതരിപ്പിച്ച കഥാപാത്രങ്ങളുടെയും പശ്ചാത്തലത്തിലാണ്. ഇത് തന്നെ മലയാളികളുടെ ‘ചിരി സംസ്കാരത്തിന്’ തിയറ്ററിനകത്തും പുറത്തും ഷാഫി നൽകിയ സംഭാവനകളുടെ തെളിവാണ്.
1995-ല്‍ രാജസേനന്‍റെ ‘ആദ്യത്തെ കണ്മണി’ എന്ന സിനിമയില്‍ സംവിധാന സഹായിയായിട്ടാണ് തുടക്കം. സഹോദരൻ റാഫി തന്നെ തിരക്കഥയെഴുതിയ 2001-ല്‍ ജയറാം നായകനായ ‘വണ്‍മാന്‍ഷോ’യിലൂടെ സ്വതന്ത്ര സംവിധായകനായി. രണ്ടാമത്തെ ചിത്രമായ കല്യാണരാമന്‍ വന്‍ഹിറ്റായതോടെ ഷാഫി മലയാളസിനിമയില്‍ ഇരിപ്പിടമുറപ്പിച്ചു. തുടര്‍ന്ന് ‘പുലിവാല്‍ കല്യാണം’, ‘തൊമ്മനും മക്കളും’, ‘മായാവി’, ‘ചോക്ലേറ്റ്’, ‘ചട്ടമ്പിനാട്’, ‘മേരിക്കുണ്ടൊരു കുഞ്ഞാട്’ തുടങ്ങിയ സിനിമകളും തലമുറകളോളം മലയാളികൾ ആസ്വദിച്ചു ചിരിക്കുന്ന വലിയ ഹിറ്റുകളായി.സ്വന്തം സിനിമകളായ ‘മേക്കപ്പ് മാന്‍’, ‘101 വെഡ്ഡിങ്സ്’ എന്നിവയ്ക്ക് കഥയെഴുതിയ ഷാഫി ‘ഷെര്‍ലക് ടോംസി’ല്‍ സച്ചിക്കൊപ്പം തിരക്കഥയിലും പങ്കാളിയായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

