‘അന്ന് മാതൃകാ പൊലീസ് ഉദ്യോഗസ്ഥൻ, ഇന്ന് സംഘി പൊലീസ്’; പെരിന്തൽമണ്ണ വിസ്ഡം സമ്മേളനവും വർഗീയ ധ്രുവീകരണശ്രമവും; എണ്ണയൊഴിച്ച് ഷാഫി പറമ്പിലും

SHAFI PARAMBIL

സൈബറിടത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ ചിത്രം ഉപയോഗിച്ച് വലിയതോതിൽ വിദ്വേഷ പ്രചരണം നടത്തുകയാണ് ഒരുകൂട്ടം ആളുകൾ. പെരിന്തൽമണ്ണയിൽ വിസ്ഡം സമ്മേളനം പത്ത് മണി കഴിഞ്ഞതോടെ മൈക്ക് ഓഫ് ചെയ്യാൻ ആവശ്യപ്പെട്ടതാണ് എസ്.ഐയായ സുമേഷ് സുധാകരനെ സംഘിയാക്കാനും അതുവഴി ധ്രുവീകരണത്തിനു മുസ്ലീം ലീഗ് ഉൾപ്പടെയുള്ള സംഘടനകൾ കൊണ്ടുപിടിച്ച് ശ്രമം നടത്തുന്നത്. ഇതിന് എരിതീയിൽ എണ്ണയൊഴിക്കുംവിധമാണ് ഷാഫി പറമ്പിൽ എം.പിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സുമേഷ് സുധാകരന്‍റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ്, ഷാഫിയും അധിക്ഷേപ പ്രചാരണത്തിന് കുടപിടിക്കുന്നത്.

വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സുമേഷ് സുധാകരന്‍റെ ചിത്രം കണ്ട ചിലർക്കെങ്കിലും അയാളെ ഓർമ കാണുമെന്ന് ഷെമീർ ടി.പി എന്ന ഫേസ്ബുക്ക് ഉപയോക്താവ് ചൂണ്ടിക്കാട്ടുന്നു. ഏഴു വർഷങ്ങൾക്ക് മുമ്പ് വെള്ളം കയറിയതിനാല്‍ തിരൂര്‍ കാരാറ്റുകടവില്‍ കാലിന് സുഖമില്ലാതെ പുറത്തിറങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടിയ മണി എന്നയാളെയും, പോരൂരില്‍ വീടിനകത്ത് വെള്ളം കയറി പുറത്തിറങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടിയ ഉമ്മയെയും രണ്ട് കുട്ടികളെയും വിവരമറിഞ്ഞ അന്നത്തെ തിരൂര്‍ എസ്.ഐ സുമേഷ് സുധാകരനും മറ്റു പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് വെള്ളത്തിലൂടെ അതിസാഹസികമായി രക്ഷപ്പെടുത്തുന്ന ഒരു ചിത്രം അന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അന്ന് ഉമ്മയെയും രണ്ടു കുഞ്ഞുങ്ങളെയും രക്ഷപ്പെടുത്തിയ സുമേഷ് ഇന്ന് തെറി വിളിക്കുന്നവർക്ക് മാതൃകാ പോലീസ് ഉദ്യാഗസ്ഥനായിരുന്നുവെന്നത് വേറെ കാര്യം.

ALSO READ: ബിജെപിയുടെ മന്ത്രിയായതുകൊണ്ട് ഇല്ലാതാവുന്ന യുഎപിഎ കേസ്; സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമര്‍ശം ഒരു നാക്കുപിഴയല്ല

നിരവധി ആശുപത്രികളുള്ള മലബാറിലെ തന്നെ മെഡിക്കൽ സിറ്റി എന്ന് വിളിപ്പേരുള്ള നഗരമാണ് പെരിന്തൽമണ്ണ. 24ഓളം ആശുപത്രികളോ മെഡിക്കൽ സെന്ററുകളോ ഉള്ള, അഞ്ചു കിലോ മീറ്റർ പരിധിക്കുള്ളിൽ തന്നെ ആറോളം സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലുകൾ നിറഞ്ഞ നഗരം. കേരളത്തിലെ മറ്റിടങ്ങളിലേത് പോലെ തന്നെ പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള പ്രോട്ടോക്കോൾ കൃത്യമായി നടപ്പാക്കുന്ന സ്ഥലം കൂടിയാണിത്. വിസ്ഡം സമ്മേളനവുമായി ബന്ധപ്പെട്ട് അനുമതി തേടിയപ്പോൾ ഇക്കാര്യങ്ങളൊക്കെ പൊലീസ് സംഘാടകരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സമ്മേളനത്തിന് ആളുകൾ വൻതോതിൽ എത്തിയതോടെ പെരിന്തൽമണ്ണ ഗതാഗതകുരുക്കിൽ വീർപ്പുമുട്ടി. കൂടാതെ അനിയന്ത്രിതമായ ശബ്ദ ബോക്സുകളും സംഘാടകർ നഗരത്തിലാകെ വിന്യസിച്ചു. ലഹരിവിരുദ്ധ പരിപാടിയെന്ന പരിഗണന പൊലീസ് നൽകുകയും ചെയ്തു.

എന്നാൽ അനുവദനീയമായ രാത്രി പത്ത് മണിയായിട്ടും പരിപാടി അവസാനിപ്പിക്കാത്തതിന തുടർന്നാണ് ഇൻസ്പെക്ടറായ സുമേഷ് സുധാകരനും മറ്റൊരു പൊലീസുകാരനും അവിടെയെത്തി, സമയം അതിക്രമിച്ചു എന്ന മുന്നറിയിപ്പ് നൽകുന്നത്. എന്നാൽ വലിയതോതിലുള്ള സൈബർആക്രമണത്തിനാണ് പിന്നീട് സാക്ഷ്യംവഹിച്ചത്. നേതൃത്വം നൽകിയതാകട്ടെ സൈബറിടത്തിലെ ലീഗുകാരും മറ്റ് മുസ്ലീം സംഘടനകളുടെ അനുയായികളും. നിയമപാലനത്തിനായി ഇടപെട്ട ഒരു ഉദ്യോഗസ്ഥനെതിരെയാണ് വിദ്വേഷപ്രചരണവും കേട്ടാൽ അറയ്ക്കുന്ന തെറിപ്രയോഗവും. ഷാഫി പറമ്പിൽ എം.പി പോലും മതേതരത്വത്തിന് പോറലേൽപ്പിക്കുന്ന വിദ്വേഷപ്രചാരകർക്കൊപ്പം ചേർന്നു. മുസ്ലിം സംഘടനയുടെ പരിപാടിയിൽ കാവി പോലീസ് വർഗീയതയോടെ പെരുമാറി എന്നാണ് ആരോപിക്കുന്നത്.

ഇനി ഇതിന്‍റെ മറുവശം കൂടി ഷെമീർ ടി.പി ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. കഴിഞ്ഞ മാർച്ചിൽ ആലപ്പുഴ കൊറ്റംകുളങ്ങര ക്ഷേത്രത്തില്‍ പത്തു വയസുകാരി ഗംഗ ശശിധരന്‍റെ വയലിന്‍ കച്ചേരി നിര്‍ബന്ധപൂര്‍വം പൊലീസ് നിര്‍ത്തിച്ചുവെന്ന വാർത്ത പുറത്തുവന്നിരുന്നു. രാത്രി 10 മണി ആയതിനാല്‍ പരിപാടി നിര്‍ത്താന്‍ ആവശ്യപ്പെട്ട് പൊലീസ് സ്‌റ്റേജിന് മുന്നിലേക്കു വരികയായിരുന്നു. ഇതുകണ്ട് ഞെട്ടലോടെ വയലിന്‍ നിര്‍ത്തി നോക്കുന്ന ഗംഗയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. അന്നത്തെ വാർത്തകൾക്കടിയിൽ പൊലീസിനെ ‘സുഡാപ്പി’യാക്കിക്കൊണ്ടുള്ള സംഘപരിവാർ അധിക്ഷേപമായിരുന്നു നിറഞ്ഞുനിന്നത്.

നിരവധി ആശുപത്രികളുള്ള പെരിന്തൽമണ്ണ നഗരത്തിൽ നൂറുകണക്കിന് രോഗികൾക്ക് അലോസരമുണ്ടാകുന്ന തരത്തിൽ രാത്രി പത്തുമണിക്ക് ശേഷം മൈക്ക് ഓഫ് ചെയ്യണമെന്ന ആവശ്യമാണ് നിയമപാലകർ മുന്നോട്ടുവെച്ചത്. എന്നാൽ അതിനെ വർഗീയപ്രചാരണത്തിനുള്ള ആയുധമാക്കി മാറ്റുകയും കാവി പൊലീസ് എന്ന് വിളിച്ച് അധിക്ഷേപക്കുകയുമാണ് ചില സ്ഥാപിതതാൽപര്യക്കാർ ചെയ്തത്. ഇതിന് കുടപിടിക്കാനിറങ്ങിയ കോൺഗ്രസ് എംപിയുടെ ലക്ഷ്യം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പും, ധ്രുവീകരണത്തിലൂടെ മലബാറിൽനിന്ന് കോൺഗ്രസ് എംഎൽഎമാരെ സൃഷ്ടിക്കലുമാണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം. മതേതര കേരളം ഇത്തരം വിദ്വേഷപ്രചാരണങ്ങൾ അംഗീകരിച്ചുകൊടുക്കാൻ പോകുന്നില്ലെന്ന് മാത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News