മന്നത്ത് വാങ്ങുമ്പോൾ പുതുക്കിപ്പണിയാൻ പോലും പണമില്ലായിരുന്നു, മനസ് തുറന്ന് ഷാരൂഖ് ഖാൻ

മുംബൈയിലെ തന്റെ ഡ്രീം ഹൗസായ മന്നത്ത് വാങ്ങുമ്പോൾ പുതുക്കിപ്പണിയാൻ പോലും പണമില്ലായിരുന്നുവെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. വീട് നവീകരിക്കാൻ പണം കണ്ടെത്താൻ കഴിയാതെ വന്നപ്പോഴാണ് ഭാര്യ ഗൗരി ഖാൻ ഈ ജോലി ഏറ്റെടുത്ത് ഇന്റീരിയർ ഡിസൈൻ രംഗത്തേക്ക് കടന്നു വന്നതെന്നും താരം പറയുന്നു. ഗൗരി ഖാന്റെ ‘മൈ ലൈഫ് ഇൻ ഡിസൈൻ’ എന്ന കോഫി ടേബിൾ പുസ്തകത്തിന്റെ പ്രകാശന വേളയിലാണ് കിംഗ് ഖാൻ മനസ് തുറന്നത്.

മുംബൈയിലെ തന്റെ ആദ്യ വീട് വളരെ കഷ്ടപ്പെട്ടാണ് സ്വന്തമാക്കിയതെന്നാണ് താരം വെളിപ്പെടുത്തിയത്. പൊട്ടിപ്പൊളിഞ്ഞ വീട് പുതുക്കി പണിയാനോ അത്യാവശ്യ സാമഗ്രികൾ വാങ്ങുവാനോ അന്നൊന്നും പണമില്ലായിരുന്നു. പിന്നീട് കിട്ടുന്ന സമ്പാദ്യത്തിൽ നിന്നായിരുന്നു വീടിനാവശ്യമായ സാധനങ്ങൾ ഒന്നൊന്നായി വാങ്ങിയിരുന്നത്.

പിന്നീട് വീട് നവീകരിക്കാൻ ഒരു ഇന്റീരിയർ ഡിസൈനർ സമീപിച്ചെങ്കിലും താങ്ങാവുന്നതിലും അപ്പുറമായിരുന്നുവെന്നും പണം കണ്ടെത്താൻ കഴിയാതെ വന്നപ്പോഴാണ് ഗൗരിയെ പണി ഏൽപ്പിച്ചതെന്നും ഷാരൂഖ് ഖാൻ പറയുന്നു. ഒരു ഇന്റീരിയർ ഡിസൈനർ എന്ന നിലയിൽ അതായിരുന്നു ഗൗരിയുടെ തുടക്കമെന്നും കിംഗ് ഖാൻ കൂട്ടിച്ചേർത്തു.

ഈ വർഷമാദ്യം ‘പത്താൻ’ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ കിംഗ് ഖാൻ, ഗൗരി ഖാന്റെ ‘മൈ ലൈഫ് ഇൻ ഡിസൈൻ’ എന്ന കോഫി ടേബിൾ പുസ്തകത്തിന്റെ പ്രകാശന വേളയിൽ മാധ്യമങ്ങളോട് സംവദിക്കുകയായിരുന്നു.

ഗൗരിയുടെ ഏറെ ചർച്ച ചെയ്യപ്പെട്ട പുസ്തകത്തിൽ വസതിയായ മന്നത്തിന്റെ ഇതുവരെ കാണാത്ത ചിത്രങ്ങളും കുടുംബ ചിത്രങ്ങളും ഉൾപ്പെടുന്നു. കുടുംബ ചിത്രത്തിനായി ഷാരൂഖ് ഖാനെ എളുപ്പത്തിൽ കൂടെ നിർത്താൻ കഴിഞ്ഞെന്നും ആര്യൻ ഖാന്റെ ഡേറ്റുകൾക്കായാണ് കാത്തിരുന്നതെന്നും ഗൗരി ഖാൻ സന്തോഷം പങ്ക് വച്ചു.

ഇന്റീരിയർ ഡിസൈനറായി ഗൗരി രംഗത്തെത്തുന്നത് നാല്‍പതുകളുടെ മധ്യത്തിലാണെന്ന് പറഞ്ഞ ഷാരൂഖിനെ തിരുത്തിയ ഗൗരി ഖാനെ ട്രോളിയാണ് താരം സദസ്സിൽ ചിരി വിതറിയത്. ഗൗരിക്ക് ഇപ്പോൾ മുപ്പത്തി ഏഴു വയസ്സാണെന്നും തന്റെ കുടുംബത്തിൽ എല്ലാവരുടെയും പ്രായം പുറകിലേക്കാണ് സഞ്ചരിക്കുന്നതെന്നും നിറഞ്ഞ ചിരികൾക്കിടയിൽ പത്താൻ താരം പറഞ്ഞു. മുംബൈയിലെ ഇന്റീരിയർ ഡിസൈനിങ് രംഗത്ത് സ്വന്തമായി ഇടം നേടിയ ഗൗരി ഖാന്റെ പുസ്തകം ഈ മേഖലയിലേക്ക് കടന്നു വരുന്ന യുവാക്കൾക്ക് പ്രചോദനമാകും

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like