
2010 ഫിഫ ലോകകപ്പ് ഓർമയില്ലേ? അന്ന് ലോകമെമ്പാടും തരംഗം തീർത്ത ഷക്കീറയുടെ ‘വക്കാ വക്കാ’ ഗാനമോ? എക്കാലത്തെയും ഹിറ്റുകളിലൊന്നായിരുന്നു ഷക്കീറ പാടിയ ‘ദിസ് ടൈം ഫോർ ആഫ്രിക്ക’. പിന്നീട് 2014ലും ഈ കൊളംബിയൻ ഗായികയുടെ ശബ്ദം ലോകമെമ്പാടും മുഴങ്ങി. ‘ലാ ലാ ലാ’ തീം സോങ് ഇന്ന് കേട്ടാലും നമ്മൾ ചുവടുവെയ്ക്കും. ഇപ്പോഴിതാ 16 വർഷങ്ങൾക്കുശേഷം ലോകകപ്പ് ഫുട്ബോളിന്റെ ഔദ്യോഗിക ഗാനവുമായി ഷക്കീറ വീണ്ടും വരുന്നു, ദായ് ദായുമായി.
2026 ഫിഫ ലോകകപ്പ് ആന്തം ‘ദായ് ദായ്’യുടെ ടീസർ പുറത്തുവന്നതോടെ ഏവരുടെയും സിരകളിൽ ഫുട്ബോൾ ആവേശം നുരഞ്ഞുപൊങ്ങി. ബ്രസീലിലെ മാരക്കാന സ്റ്റേഡിയത്തിലാണ് ഗാനം ചിത്രീകരിച്ചത്. പുറത്തുവന്ന, ഒരു മിനിറ്റ് ഏഴ് സെക്കൻഡ് ദൈർഘ്യമുള്ള ചെറിയ ക്ലിപ്പ് തന്നെ ധാരാളമായിരുന്നു ഷക്കീറയ്ക്ക് കളം പിടിക്കാൻ. 2026 ഫിഫ ലോക കപ്പിന്റെ ഔദ്യോഗിക പന്തായ ‘ട്രയോണ്ട’യും കയ്യിലേന്തി, അമേരിക്കയുടെയും കൊളംബിയയുടെയും ടീം ജേഴ്സിയുടെ നിറമുള്ള വസ്ത്രമണിഞ്ഞ നർത്തകർക്കൊപ്പം ഷക്കീറയും ചുവടുവെച്ചു.
ALSO READ: ചേട്ടൻ ക്യാപ്റ്റനാകുമോ? ശ്രേയസ് അയ്യരുടെ സാധ്യത മങ്ങുന്നതായി റിപ്പോർട്ടുകൾ
‘ദായ് ദായ്’ എന്നത് ഇറ്റാലിയന്‍ വാക്കാണ്. പ്രചോദിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ഉദ്ദേശിക്കുന്ന കമോണ്‍, ലെറ്റ്‌സ് ഗോ എന്നൊക്കെയാണ് ‘ദായ് ദായ്’ കൊണ്ട് അർഥമാക്കുന്നത്. മെയ് 14ന് ഗാനം ഔദ്യോഗികമായി പുറത്തുവരും. നൈജീരിയൻ ഗായകനും ഗാനരചയിതാവുമായ ബേണ ബോയിയ്ക്കൊപ്പമാണ് ഷക്കീറ ‘ദായ് ദായ്’ ഒരുക്കിയത്. ഷക്കീറയുടെ മാന്ത്രികശബ്ദവും ചടുലമായ നൃത്തച്ചുവടുകളും കൂടിച്ചേരുമ്പോൾ ദായ് ദായ് രാജ്യാതിർത്തികൾ ഭേദിച്ച്, ആവേശത്തിന്റെ കൊടുമുടിയിലേക്ക് അനായാസം നടന്നുകയറുന്നു.
അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് ഇത്തവണ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. അമേരിക്കയിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ പോപ്പ് താരം കാറ്റി പെറി മുഖ്യാതിഥിയായി പങ്കെടുക്കും. ഷക്കീരയ്ക്കു പുറമെ ലിസ, അനിറ്റ, ടൈല, റെമ, എന്നിവരുടെ പ്രകടനങ്ങളും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോകകപ്പ് ഫുട്ബോളിന് പന്തുരുളാൻ ഇനി ആഴ്ചകൾ മാത്രം ബാക്കി. ജൂൺ 11ന് ലോകം കാൽപ്പന്തിലേക്ക് ചുരുങ്ങും, ഫുട്ബോളിന്റെ ആവേശം എങ്ങും അലയടിക്കും. ചരിത്രത്തിലാദ്യമായി 48 ടീമുകൾ പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ ലോകകപ്പിന് ഉണ്ട്. 32 ടീമുകളായിരുന്നു ഇതുവരെ ലോകകപ്പിൽ മത്സരിച്ചിരുന്നത്. ജൂലൈ 19 വരെ നീളുന്ന ഫുട്ബോൾ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. മറുവശത്ത് ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആശങ്കയിലാണ്. ലോകകപ്പ് ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച അന്തിമ ഘട്ടത്തിൽ നിൽക്കുകയാണ്. സംപ്രേഷണാവകാശം ഏറ്റെടുക്കാന്‍ ജിയോ ഹോട്ട്സ്റ്റാറാണ് ഫിഫയുമായി പ്രധാനമായും ചര്‍ച്ചയിലുള്ളത്. വൈകാതെ അന്തിമതീരുമാനം വരുന്നമെന്നാണ് പ്രതീക്ഷ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

