ഷാര്‍ജ അന്തര്‍ദേശീയ പുസ്തകോത്സവത്തില്‍ ബള്‍ഗേറിയ, ഇന്ത്യന്‍ എഴുത്തുകാര്‍; ജോര്‍ജി ഗോഡ്സ്പോഡിനോവും ചേതന്‍ ഭഗത്തും ആവേശ സാന്നിധ്യമാകും

sharjah-book-fest

ഇത്തവണത്തെ ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ ബള്‍ഗേറിയന്‍ എഴുത്തുകാരനും കവിയും നാടകകൃത്തുമായ ജോര്‍ജി ഗോഡ്സ്പോഡിനോവ്, ഇന്ത്യന്‍ എഴുത്തുകാരനും പ്രഭാഷകനുമായ ചേതന്‍ ഭഗത് എന്നിവരുടെ സാന്നിധ്യം വായനക്കാര്‍ക്കും ആസ്വാദകര്‍ക്കും ആവേശകരമായ അനുഭവമാകും. ജോര്‍ജി ഗോഡ്സ്പോഡിനോവ് നവംബര്‍ ഒമ്പതിന് രാത്രി ഒമ്പത് മുതല്‍ 10 വരെ ബുക്ക് ഫോറം 3ല്‍ നടക്കുന്ന ‘ഫ്രം നാച്ചുറല്‍ നോവല്‍ ടു ടൈം ഷെല്‍ട്ടര്‍ – ജോര്‍ജി ഗോഡ്സ്പോഡിനോവുമൊത്ത് ഒരു സഞ്ചാരം’ എന്ന പരിപാടിയില്‍ വായനക്കാരുമായി സംവദിക്കും.

തന്റെ അതുല്യമായ ആഖ്യാന മികവിനെയും കവിതയെ ഫിക്ഷനുമായി സംയോജിപ്പിക്കുന്നതിനെയും ഓര്‍മയുടെ പ്രമേയങ്ങളെ കണ്ടെടുക്കുന്നതിനെയും കുറിച്ച് അദ്ദേഹം സംസാരിക്കും. കാലം, മനുഷ്യാവസ്ഥ എന്നിവയെക്കുറിച്ചും ജോര്‍ജി കാഴ്ചപ്പാടുകള്‍ പങ്കുവെക്കും. കാലത്തിന്റെയും ഓര്‍മയുടെയും വശങ്ങളിലൂടെ തന്റെ ജീവിത ദര്‍ശനം അദ്ദേഹം അവതരിപ്പിക്കും. ടൈം ഷെല്‍ട്ടര്‍ എന്ന നോവലിന് 2023ലെ ബുക്കര്‍ സമ്മാനം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 25 ലധികം ഭാഷകളില്‍ അദ്ദേഹത്തിന്റെ കൃതികള്‍ മൊഴിമാറ്റം നടത്തിയിട്ടുണ്ട്.

Read Also: സമീക്ഷ യുകെ ദേശീയ സമ്മേളനം നവംബര്‍ 30ന്; സ്വാഗതസംഘം രൂപീകരിച്ചു

ഇന്ത്യയിലെ ജനപ്രിയ എഴുത്തുകാരനും പ്രചോദക പ്രഭാഷകനുമായ ചേതന്‍ ഭഗത് നവംബര്‍ പത്തിന് പുസ്തകോത്സവ വേദിയിലെത്തും. വൈകിട്ട് 7.15 മുതല്‍ 8.15 വരെ കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കുന്ന ‘ചേതന്‍ ഭഗത്തുമൊത്ത് ഒരു സായാഹ്നം’ എന്ന പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും. തന്റെ ഏറ്റവും പുതിയ പുസ്തകമായ ‘ഇലവന്‍ റൂള്‍സ് ഫോര്‍ ലൈഫ് ‘ എന്ന കൃതിയെ ആധാരമാക്കി കഥകളും കാഴ്ചപ്പാടുകളും അദ്ദേഹം പങ്കുവെക്കും. പ്രചോദനം, നര്‍മം, ചിന്തോദ്ദീപകമായ വാക്കുകള്‍ എന്നിവ സമന്വയിപ്പിച്ച് സമകാലിക വിഷയങ്ങളിലുള്ള നിലപാടും അദ്ദേഹം വ്യക്തമാക്കും.

ചേതന്‍ ഭഗത്തിന്റെ സാന്നിധ്യം ആസ്വാദകര്‍ക്ക് അവിസ്മരണീയ അനുഭവം സമ്മാനിക്കും. പത്താം തിയതി തന്നെ നടിയും എഴുത്തുകാരിയുമായ ഹുമ ഖുറേഷി കേള്‍വിക്കാരുമായി സംവദിക്കും. ‘ഫ്രം സ്‌ക്രീന്‍ ടു പേജ് – ഹുമ ഖുറേഷിക്കൊപ്പം ഒരു സായാഹ്നം’ എന്ന പരിപാടിയില്‍ അഭിനയത്തില്‍ നിന്ന് എഴുത്തിലേക്കുള്ള പരിവര്‍ത്തനത്തെക്കുറിച്ച് അവര്‍ സംസാരിക്കും. രാത്രി 8.30 മുതല്‍ 9.30 വരെ ബുക്ക് ഫോറം ഒന്നിലാണ് പരിപാടി. ആദ്യ നോവലായ ‘സെബ -ആന്‍ ആക്സിഡന്റല്‍ സൂപ്പര്‍ ഹീറോ’യുടെ രചനക്ക് പിന്നിലെ പ്രചോദനത്തെയും വെള്ളിത്തിരയില്‍ നിന്ന് പുസ്തക താളിലേക്കുള്ള മാറ്റത്തിനിടെയുണ്ടായ വെല്ലുവിളികളെയും വിജയങ്ങളെയും കുറിച്ച് അവര്‍ മനസ് തുറക്കും. സാഹിത്യ ജീവിതത്തെയും കഥാപാത്രങ്ങളുടെ പിറവിയെയും കുറിച്ച് ഹുമ സംസാരിക്കും.

Read Also: ജോലി നഷ്ടപ്പെട്ട് വീട്ടിലെത്തിയപ്പോൾ പുല്ലുവില; രണ്ടാം വിസിറ്റ് വിസയിൽ ജോലി, ദിവസങ്ങൾക്കകം മരണം, പ്രവാസിയുടെ കരൾപിളരും കഥ പങ്കുവച്ച് അഷറഫ് താമരശ്ശേരി

പാചക വിദഗ്ദ്ധയും സഞ്ചാരിയുമായ ഷെനാസ് ട്രഷറിവാല നവംബര്‍ 16ന് ‘യാത്രയും പാചകക്കുറിപ്പുകളും -ഷെനാസുമൊത്ത് ഒരു വൈകുന്നേരം’ എന്ന പരിപാടിയില്‍ പങ്കെടുക്കും. വൈകീട്ട് 7.15 മുതല്‍ 8.15 വരെ ബുക്ക് ഫോറം ഒന്നിലാണ് പരിപാടി. ‘ ഓള്‍ ഹി ലെഫ്റ്റ് മി വാസ് എ റെസിപ്പി’ എന്ന തന്റെ പുസ്തകത്തെ ആധാരമാക്കി മികച്ച പാചകക്കുറിപ്പുകള്‍ക്ക് പിന്നിലെ പ്രചോദനത്തെയും സ്വജീവിതത്തെയും കുറിച്ച് അവര്‍ സംസാരിക്കും. രണ്ട് ഇന്ത്യന്‍ വനിത പുരാവസ്തു ശാസ്ത്ര- ചരിത്ര വിദഗ്ദ്ധരുടെ സാന്നിധ്യമാണ് ഇത്തവണത്തെ മേളയുടെ മറ്റൊരു പ്രധാന സവിശേഷത.

നവംബര്‍ 8 ന് ദേവിക കരിയപ്പയും നവംബര്‍ 9 ന് റാണ സഫ്വിയും പുസ്തകോത്സവത്തില്‍ എത്തും. നവംബര്‍ 8 ന് രാത്രി 8.30 മുതല്‍ 9.30 വരെ ബുക്ക് ഫോറം ഒന്നില്‍ നടക്കുന്ന പരിപാടിയില്‍ ‘ചരിത്രാഖ്യാനത്തില്‍ പുരാവസ്തു ശാസ്ത്രത്തിന്റെ പങ്ക്’ എന്ന വിഷയത്തെക്കുറിച്ച് അവര്‍ സംസാരിക്കും. ചരിത്രാതീത കാലത്തെ കലയെക്കുറിച്ച് പഠനം നടത്തിയ എഴുത്തുകാരിയാണ് ദേവിക. നവംബര്‍ 9ന് രാത്രി 8.30 മുതല്‍ 9.30 വരെ ബുക്ക് ഫോറം ഒന്നില്‍ നടക്കുന്ന പരിപാടിയില്‍ റാണ സഫ്വി പങ്കെടുത്ത് ‘കലാപരമായ പ്രചോദനവും ക്രിയാത്മകതയും’ എന്ന വിഷയത്തില്‍ സംസാരിക്കും. ഇന്ത്യയിലെ ചരിത്ര സ്മാരകങ്ങളെക്കുറിച്ച് പ്രത്യേക പഠനം നടത്തിയിട്ടുള്ള റാണ ഇന്ത്യയുടെ സംസ്‌കാരത്തെയും ചരിത്രത്തെയും കുറിച്ച് 9 പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News