
മോദി സ്തുതിയില്‍ വിശദീകരണവുമായി ശശി തരൂര്‍. തന്റെ ലേഖനത്തെ ബിജെപിയിലേക്കുള്ള ചാട്ടമായി ചിലര്‍ വ്യാഖ്യാനിക്കുന്നുവെന്ന് തരൂര്‍. ദേശീയതയ്ക്കും, രാജ്യത്തിനും വേണ്ടിയാണ് താന്‍ നിലകൊള്ളുന്നത്. ഇന്ത്യയുടെ സന്ദേശം ലോകവ്യാപകമായി എത്തിച്ചതിനാലാണ് പ്രധാനമന്ത്രിയുടെ ഊര്‍ജ്ജത്തെ പ്രകീര്‍ത്തിച്ചതെന്നും തരൂരിന്റെ പ്രതികരണം.
റഷ്യയിലെ മോസ്‌കോയില്‍ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ പ്രതികരണത്തിലാണ് മോദി സ്തുതിയെ ന്യായീകരിച്ച് തരൂര്‍ രംഗത്തെത്തിയത്. തന്റെ ലേഖനത്തെ ബിജെപിയിലേക്കുള്ള ചാട്ടമായി ചിലര്‍ വ്യാഖ്യാനിക്കുന്നുവെന്നാണ് തരൂരിന്റെ വിശദീകരണം. ഇതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും തരൂര്‍ പ്രതികരിച്ചു. ദേശീയതയ്ക്കും, രാജ്യത്തിനും വേണ്ടിയാണ് താന്‍ നിലകൊള്ളുന്നത്. തന്റെ ശബ്ദം രാജ്യത്തിന് വേണ്ടിയാണ് ഉയരുന്നത്.
Also Read : വി എസിന്റെ ആരോഗ്യാവസ്ഥ മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ
ഇന്ത്യയുടെ സന്ദേശം ലോകവ്യാപകമായി എത്തിച്ചതിലാണ് പ്രധാനമന്ത്രിയുടെ ഊര്‍ജ്ജത്തെ പ്രകീര്‍ത്തിച്ചത്. മറ്റേതൊരു പ്രധാനമന്ത്രിയേക്കാളും അദ്ദേഹം യാത്ര ചെയ്യുന്നു. അക്കാര്യമാണ് ചൂണ്ടിക്കാട്ടിയതെന്നും തരൂര്‍ വ്യക്തമാക്കി. ഓപ്പറേഷന്‍ സിന്ദൂറിലെ സര്‍വകക്ഷി സംഘത്തിന്റെ യാത്രാ വിജയത്തെക്കുറിച്ചാണ് ലേഖനത്തിലൂടെ പറഞ്ഞത്. എല്ലാ പാര്‍ട്ടികളും രാഷ്ട്രീയ അഭിപ്രായം മാറ്റി വച്ച് ഐക്യത്തോടെ ഇന്ത്യയുടെ ശബ്ദമുയര്‍ത്തിയെന്നാണ് വിവരിച്ചത്. രാഷ്ട്രീയ വ്യത്യാസം അതിര്‍ത്തികളില്‍ അവസാനിക്കണമെന്നും തരൂര്‍ പറഞ്ഞു.
രാജ്യത്ത് ഒരൊറ്റ വിദേശനയമേയുള്ളൂ ,അത് ഇന്ത്യയുടെ വിദേശ നയമാണ്. ബിജെപിയുടെ വിദേശനയമെന്നോ, കോണ്‍ഗ്രസിന്റ വിദേശനയമെന്നോ ഒന്നില്ല. ആ നയത്തെ കുറിച്ചാണ് താന്‍ സംസാരിക്കുന്നതെന്നും തരൂര്‍ പ്രതികരിച്ചു. അതേസമയം തരൂരിന്റെ പ്രശംസയില്‍ നടപടി വേണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമാകുകയാണ്. ദേശീയ നേതൃത്വത്തിനുളളിലും ഭൂരിഭാഗം പേരും തരൂരിനെ കയറൂരി വിടുന്നത് ശരിയല്ലെന്ന നിലപാടിലാണ്. എന്നാല്‍ ഇക്കാര്യത്തില്‍ രാഹുല്‍ഗാന്ധിയോ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here