വിലപിടിപ്പുള്ള ഷേവിങ് കാട്രിഡ്ജുകൾ മാത്രം മോഷ്ടിക്കുന്ന മുംബൈ മോഷ്ടാക്കളുടെ സംഘം അറസ്റ്റിൽ. സംസ്ഥാനത്തെ സൂപ്പർ മാർക്കറ്റുകൾ കേന്ദ്രീകരിച്ചു ലക്ഷക്കണക്കിനു രൂപയുടെ ഷേവിങ് കാട്രിഡ്ജുകൾ മോഷ്ടിച്ച പ്രതികളാണ് അറസ്റ്റിലായത്. സംഭവത്തിൽ മുംബൈ കല്യാൺ ഉല്ലാസ് നഗർ സ്വദേശികളായ മനീഷ് മക്യാജൻ, മെഹബൂബ് മഹമൂദ് ഷേക്ക്, അയാൻ മൊയ്തീൻ എന്നിവരാണ് അറസ്റ്റിലായത്.
മരടിലെ സൂപ്പർ മാർക്കറ്റിൽ ഇവർ നടത്തിയ മോഷണം അന്വേഷിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട്ടു നിന്നു പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. എറണാകുളം എസിപി രാജ്കുമാറിന്റെ നേതൃത്വത്തിലുളള ക്രൈം സ്ക്വാഡും മരട് പൊലീസും ചേർന്നാണ് കോഴിക്കോട് സിറ്റി പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്.
ഇടപ്പള്ളിയിലെ ഹൈപ്പർ മാർക്കറ്റിൽ മോഷണം നടത്തുന്നതിനിടെ സെക്യൂരിറ്റി ജീവനക്കാർ പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും ഇവരെ ആക്രമിച്ചു പ്രതികൾ സ്ഥലം വിടുകയായിരുന്നു. 500 മുതൽ 1000 രൂപ വരെ വില പിടിപ്പുള്ള ഷേവിങ് കാട്രിഡ്ജുകൾ വസ്ത്രങ്ങളുടെ ഉള്ളിലാക്കി കടത്തിക്കൊണ്ടു പോകുന്നതാണു പ്രതികളുടെ മോഷണ ശൈലി. വിവിധ സൂപ്പർമാർക്കറ്റുകളിൽ നിന്ന് മോഷ്ടിക്കുന്ന നൂറു കണക്കിനു കാട്രിഡ്ജുകളുമായി സംഘം മുംബൈയിലേക്കു മടങ്ങും.
ഓരോ തവണയും ഇവർ 3 മുതൽ 5 ലക്ഷം രൂപയുടെ വരെ കാട്രിഡ്ജുകളാണ് മോഷ്ടിച്ചിരുന്നത്. എഐ ക്യാമറകളുടെ സഹായത്തോടെയാണ് പ്രതികളെ കണ്ടെത്തിയത്. പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ എഐ സെർവറിൽ അപ്‌ലോഡ് ചെയ്ത ശേഷം വിവിധ ജില്ലകളിലെ ക്യാമറകളിൽ പതിഞ്ഞ ഇതിനോടു സാദൃശ്യമുള്ള വ്യക്തികളുടെ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചാണ് അന്വേഷണം നടത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here