ഷവര്‍മ്മ ക‍ഴിച്ച് ഭക്ഷ്യവിഷബാധ: യുവാവിന്‍റെ ആരോഗ്യനില അതീവ ഗുരുതരം

കൊച്ചിയില്‍ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന  യുവാവിന്‍റെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു.ആരോപണമുയര്‍ന്ന കാക്കനാട്ടെ ഹോട്ടലില്‍ നിന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം ശേഖരിച്ച സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.അതേ സമയം സംഭവത്തില്‍ കേസെടുത്ത തൃക്കാക്കര പോലീസ് യുവാവിനെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ മൊഴിയെടുത്തു.
കാക്കനാട്ടെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിയായ 21കാരനാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നത്.കഴിഞ്ഞ 18നാണ് കാക്കനാട് മാവേലിപുരത്തെ ലേ ഹയാത്ത് ഹോട്ടലില്‍ നിന്ന് ഇയാള്‍ ഷവര്‍മ വാങ്ങി കഴിച്ചത്.ഓണ്‍ലൈനായി വാങ്ങിയാണ് കഴിച്ചത്.തുടര്‍ന്ന് ഛര്‍ദിയും വയറിളക്കവും ഉണ്ടായതിനെത്തുടര്‍ന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയ യുവാവ് ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റാവുകയായിരുന്നു.ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് തൃക്കാക്കര നഗരസഭാ ആരോഗ്യ വിഭാഗം സ്ഥലത്തെത്തി ഹോട്ടല്‍ പൂട്ടിക്കുകയായിരുന്നു.തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗവും ഹോട്ടലിലെത്തി സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്കയച്ചു. ഇതിനിടെ യുവാവിന്‍റെ ബന്ധുക്കള്‍ ഹോട്ടലിനെതിരെ തൃക്കാക്കര പോലീസില്‍ പരാതി നല്‍കിയിരുന്നു.
പരാതിക്കാരുടെ  മൊഴിയെടുത്ത പൊലീസ് ഹോട്ടലുടമയ്ക്കെതിരെ കേസെടുത്ത് അന്വേഷണമാരംഭിച്ചിരുന്നു.യുവാവിനെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ മൊഴിയും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഷവര്‍മയില്‍ നിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. ഇക്കാര്യം ഒദ്യോഗികമായി സ്ഥിരീകരിക്കുന്നതിനായി യുവാവിന്‍റെ വിശദമായ പരിശോധനാഫലം  കാത്തിരിക്കുകയാണ് പോലീസ്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News