അമൃത്പാല്‍ സിം​ഗിനും സഹായിക്കും അഭയം നൽകി: യുവതി അറസ്റ്റിൽ

വാരിസ് പഞ്ചാബ് ദേ നേതാവ് അമൃത്പാൽ സിം​ഗിനും സഹായി പപല്‍പ്രീത് സിം​ഗിനും ഒളിത്താവളമൊരുക്കിയ യുവതി അറസ്റ്റിൽ. പട്യാല സ്വദേശിനിയായ ബല്‍ബീര്‍ കൗറിനെയാണ് പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്. പട്യാലയിലെ ഹര്‍ഗോബിന്ദ് നഗറിലുള്ള വസതിയില്‍ മാര്‍ച്ച്‌ 19 നാണ് അമൃത് പാല്‍ സിംഗും സഹായിയും പൊലീസിന്റെ കണ്ണുവെട്ടിച്ച്‌ കഴിഞ്ഞത്.

ഏകദേശം ആറ് മണിക്കൂര്‍ നേരം ഇവര്‍ ബല്‍ബീര്‍ കൗറിന്റെ വീട്ടില്‍ തങ്ങിയതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇതിന് ശേഷമാണ് അമൃത് പാല്‍ സിംഗും സഹായിയും ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലെ ഷഹബാദിലേക്ക് നീങ്ങിയത്. ഷഹബാദില്‍ അമൃത്പാലിനും പപല്‍പ്രീതിനും അഭയം നല്‍കിയ ബല്‍ജിത്ത് കൗര്‍ എന്ന സ്ത്രീയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ തേജീന്ദര്‍ സിംഗ് ഗില്‍ എന്നൊരാളെ ഐപിസി 212 -ാം വകുപ്പനുസരിച്ച്‌ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗില്ലിന്റെ പക്കല്‍ നിന്ന് ഫോണ്‍, ഖലിസ്താന്‍ പതാക, ചിഹ്നം, കറന്‍സി എന്നിവ കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കി.

പഞ്ചാബില്‍ നിന്ന് അമൃത് പാല്‍ കടന്നതായി സ്ഥിരീകരിച്ചതോടെ പൊലീസ് അയല്‍സംസ്ഥാനങ്ങളിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിച്ചിരുന്നു. അമൃത്പാല്‍ സിംഗുമായി ബന്ധമുള്ള നൂറോളം പേരെ ഇതിനോടകം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

അതേസമയം അമൃത്പാല്‍ അറസ്റ്റിലായെന്നും വ്യാജ ഏറ്റുമുട്ടലൊരുക്കി അമൃത്പാലിനെ വധിക്കാനാണ് പൊലീസിന്റെ ശ്രമമെന്നും വാരിസ് പഞ്ചാബ് ദേയുടെ അഭിഭാഷകന്‍ ഇമാന്‍ സിംഗ് ഖാര ആരോപിച്ചിരുന്നു. പഞ്ചാബ്, ഹരിയാന കോടതികളില്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തുവെന്നും ഇമാന്‍ സിംഗ് എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News