
സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നു പിടിക്കുമ്പോൾ വകുപ്പുകൾ തമ്മിൽ പഴിചാരുകയാണ് യുഡിഎഫ് സർക്കാർ. ഷിഗെല്ല രോഗത്തിന്റെ പശ്ചാത്തലത്തിൽ തദ്ദേശ, ഭക്ഷ്യസുരക്ഷ വകുപ്പുകളുടെ ഇടപെടലുകളിലും ശുചീകരണ പ്രവർത്തനത്തിലും തനിക്ക് തൃപ്തിയില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ പറയുന്നു. അതേ സമയം വയനാട്ടിൽ മാത്രം ഷിഗെല്ല രോഗബാധിതരുടെ എണ്ണം 100 കവിഞ്ഞു.
ഷിഗെല്ല രോഗം പടർന്നു പിടിക്കുമ്പോൾ വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് സർക്കാർ സംവിധാനങ്ങളിൽ കാണുന്നത്. കഴിഞ്ഞദിവസം മാധ്യമങ്ങളെ കണ്ടപ്പോൾ പോലും ആരോഗ്യമന്ത്രി കെ മുരളീധരന്റെ പക്കൽ രോഗബാധിതരുടെ കൃത്യമായ കണക്കുകളില്ല. ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നതും മന്ത്രി പറയുന്നതും തമ്മിൽ വലിയ അന്തരം ആണ് ഉണ്ടായിരുന്നത്. രണ്ടുദിവസമായി വയനാട് ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ടെങ്കിലും രോഗബാധിതരുടെ കണക്ക് എത്ര എന്നുള്ള കൃത്യമായ മറുപടി കെ മുരളീധരന്റെ പക്കൽ ഇല്ലായിരുന്നു. ഒടുവിൽ 90ലധികം പേർക്ക് ഷിഗെല്ല ബാധയുണ്ടെന്ന് കെ മുരളീധരൻ സ്ഥിരീകരിച്ചു.
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മേൽ പഴിചാരി രക്ഷപ്പെടാൻ ആണ് ആരോഗ്യമന്ത്രി കെ മുരളീധരന്റെ ശ്രമം. തദ്ദേശ വകുപ്പ്, ഭക്ഷ്യസുരക്ഷ വകുപ്പ് എന്നിവയുടെ ഇടപെടലുകളിലും ശുചീകരണ പ്രവർത്തനത്തിലും തനിക്ക് തൃപ്തിയില്ലെന്ന് കെ മുരളീധരൻ തുറന്നടിച്ചു. ഷിഗെല്ല രോഗം നിലവിൽ നിയന്ത്രണവിധേയം എന്നാണ് ആരോഗ്യ മന്ത്രിയുടെ വാദം. എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം അഞ്ചുപേർക്കും കൂടി രോഗം സ്ഥിരീകരിച്ചിരിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

