
യു ഡി എഫ് സർക്കാരിൻ്റെ കാലത്ത് ലഹരി കേസുകൾ പോലീസ് എത്ര ലാഘവത്തോടെയാണ് കൈകാര്യം ചെയ്തിരുന്നത് എന്ന് തെളിയിക്കുന്നതാണ് ഷൈൻ ടോം ചാക്കോ പ്രതിയായ കേസിലെ വീഴ്ചകൾ. ലഹരി കേസുകൾ കൈകാര്യം ചെയ്യുന്നതിലെ ഇത്തരം വീഴ്ചകളാണ് പിന്നീട് ലഹരി വ്യാപനത്തിന് വഴിതുറന്നത് എന്നതാണ് വിമർശനം. പ്രതികളെ വെറുതെവിട്ടു കൊണ്ട് കോടതി നടത്തിയ വിമർശനം യു ഡി എഫി നെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കുന്നു.
നടനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള കോടതി ഉത്തരവിൽ പോലീസിൻ്റെ വീഴ്ചകൾ അക്കമിട്ട് വിശദീകരിക്കുന്നുണ്ട്. കടവന്ത്രയിലെ ഫ്ലാറ്റിൽ നിന്ന് പിടിച്ചെടുത്ത കൊക്കെയ്നിന്റെ ഘടകങ്ങൾ വേർതിരിച്ച് പരിശോധിക്കാതിരുന്നതാണ് പ്രധാനപ്പെട്ട വീഴ്ചകളിൽ ഒന്ന്.
Also Read: ഓട്ടോ ഡ്രൈവറെ കൊന്നു കിണറ്റിൽ തള്ളിയ സംഭവം: ഒരാൾ അറസ്റ്റിൽ
കൊക്കെയ്‌ൻ ഹൈഡ്രോക്ലോറൈഡ് ആണ് പിടിച്ചെടുത്തത്. ഫോറൻസിക് സയൻസ് ലാബിൽ ക്ളോറൈഡ് ഉൾപ്പടെയുള്ള ഘടകങ്ങൾ കൃത്യമായി വേർതിരിച്ച് പരിശോധന നടത്തിയില്ല. ഷൈൻ ടോം ചാക്കോ ഉൾപ്പടെയുള്ള അഞ്ചു പ്രതികൾ കൊക്കെയ്‌ൻ ഉപയോഗിച്ചോ എന്ന് പരിശോധിക്കാൻ പോലും അന്ന് റെയ്ഡ് നടത്തിയ സംഘം തയ്യാറായില്ല. പൊലീസ് ഫ്ലാറ്റിൽ നിന്നും കണ്ടെടുത്ത വസ്തുക്കൾ സെർച്ച് മെമ്മോയിൽ രേഖപ്പെടുത്തിയില്ല. രഹസ്യവിവരം ലഭിച്ചെന്ന വാദം പൊലീസ് തന്നെ പീന്നീട് തളളിപ്പറഞ്ഞു.
ഫ്‌ളാറ്റ് തുറന്നതാരെന്നും ആദ്യം അകത്തേക്ക് പ്രവേശിച്ചത് ആരെന്നും ഓർമയില്ലന്നാണ് അന്വേഷണ സംഘത്തിൻ്റെ മൊഴി. പ്രതികളെ പരിശോധിച്ചത് ഡ്യൂട്ടിയിലില്ലാത്ത ഗസറ്റഡ് ഉദ്യോഗസ്ഥനായിരുന്നു. സ്ത്രീകളായ പ്രതികളെ പരിശോധിച്ചത് വനിതാ പൊലീസ് അല്ല. ഏഴു ഗ്രാം കൊക്കെയ്‌ൻ പിടിച്ചെടുത്തതായാണ് പൊലീസ് റെക്കോർഡിലുളളത്. എന്നാൽ ഇത് പിടിച്ചെടുത്തത് പ്രതികളിൽ നിന്നാണെന്ന് തെളിയിക്കുന്ന കാര്യത്തിൽ പൊലീസ് പൂർണമായും പരാജയപ്പെട്ടെന്നാണ് കോടതിയുടെ കണ്ടെത്തൽ.
Also Read: മുങ്ങിനടന്നത് 20 വര്‍ഷം: ഭാര്യയെ തീ കൊളുത്തിക്കൊന്ന മുൻ സൈനികൻ പിടിയില്‍
2015 ജനുവരി 31 നായിരുന്നു കേസിനാസ്പദമായ റെയ്ഡ് നടന്നത്. റെയ്ഡും തുടർ നടപടികളും എത്ര ലാഘവത്തോടെയാണ് പൊലീസ് കൈകാര്യം എന്ന് കോടതി ഉത്തരവിൽ നിന്നും വ്യക്തമായിരുന്നു.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയും, രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയുമായിരുന്ന കാലത്തെ ഈ വീഴ്ച യു ഡി എഫിനെ വർഷങ്ങൾക്ക് ശേഷവും വേട്ടയാടുകയാണ്. യുവ നടൻ പ്രതിയായതിനെ തുടർന്ന് വിവാദമാവുകയും സമൂഹശ്രദ്ധ നേടുകയും ചെയ്ത ഒരു കേസിലാണ് ഇത്ര ഗുരുതരമായ വീഴ്ച എന്നതാണ് ഗൗരവം വർദ്ധിപ്പികുന്നത്. മാധ്യമശ്രദ്ധയിൽപെടാതെ പോയ മറ്റ് ലഹരി കേസുകൾ എത്ര ലാഘവത്തോടെയാകും അന്ന് കൈകാര്യം ചെയ്തിട്ടുണ്ടാവുക എന്ന ചർച്ചയാണ് യു ഡി എഫിനെ ഇപ്പോൾ പ്രതികൂട്ടിലാക്കുന്നത്. കോളത്തിൽ മയക്കുമരുന്ന് വ്യാപനത്തിന് വഴിതുറന്നിട്ടതും അക്കാലത്തുണ്ടായ ഇത്തരം വീഴ്ചകളാണ് എന്നതും യു ഡി എഫിനെ പ്രതിരോധത്തിലാക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

