ശിവസേന യുബിടി വനിതാ നേതാവ് രാജുൽ പട്ടേൽ അടക്കം നിരവധി പ്രവർത്തകർ ഷിൻഡെ ക്യാമ്പിലേക്ക്

മഹാരാഷ്ട്രയിൽ മൂന്ന് മാസത്തിനകം നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി അക്കരപ്പച്ച തേടുന്ന നേതാക്കൾ മറുകണ്ടം ചാടാൻ തുടങ്ങി. ഏഷ്യയിലെ ഏറ്റവും സമ്പന്നമായ സിവിൽ ബോഡികളിലൊന്നായ ബിഎംസിയുടെ നിയന്ത്രണം ശിവസേനക്കാണെങ്കിലും, പിളർപ്പിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പ്, ഇരുവിഭാഗത്തിനും ശക്തിപരീക്ഷണ വേദി കൂടിയാണ്.

നിയമസഭയിലെ ദയനീയ പരാജയത്തിന് ശേഷം തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനുള്ള ഉദ്ധവ് താക്കറെയുടെ തീരുമാനം അണികളിൽ ആവേശം പകർന്നിട്ടില്ലെന്ന് വേണം കരുതാൻ. ഈ അവസരം മുതലെടുക്കാനാണ് ഷിൻഡെ പാർട്ടിയുടെ വാതിൽ മലക്കെ തുറന്നിട്ടിരിക്കുന്നത്. അധികാര കേന്ദ്രങ്ങൾ തേടിയുള്ള കൂറുമാറ്റങ്ങൾക്ക് വീണ്ടും തുടക്കമിട്ടാണ് ശിവസേനയിലെ (യുബിടി) വനിതാ നേതാവ് രാജുൽ പട്ടേൽ മാതൃ സംഘടന വിട്ട് ഷിൻഡെ പക്ഷത്തേക്ക് ചേക്കേറിയത്. കൂടുതൽ പ്രവർത്തകർ പാർട്ടി വിടാനുള്ള സൂചന നൽകുന്ന മുതിർന്ന നേതാവിന്റെ ചുവടുമാറ്റം താക്കറെ ക്യാമ്പിന് വലിയ തിരിച്ചടിയാകും.

“വർഷങ്ങളോളം പാർട്ടിയെ (സേന-യുബിടി) സേവിച്ചിട്ടും അവഗണിച്ചു. ഏകനാഥ് ഷിൻഡെ എപ്പോഴും സാധാരണക്കാർക്കു വേണ്ടിയാണ് പ്രവർത്തിച്ചത്. മുഖ്യമന്ത്രി എന്ന നിലയിലുള്ള പ്രവർത്തനങ്ങളിൽ മതിപ്പുളവാക്കി. അതുകൊണ്ടാണ് ഷിൻഡെ നയിക്കുന്ന പാർട്ടിയിൽ ചേരാൻ തീരുമാനിച്ചത്,” പട്ടേൽ പറഞ്ഞു. മുനിസിപ്പൽ കോർപ്പറേഷൻ്റെ കമ്മറ്റികളിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള പട്ടേൽ, മൂന്ന് തവണ കോർപ്പറേറ്ററായും അധികാരത്തിലിരുന്നിട്ടുണ്ട്.

സേനയുടെ (യുബിടി) ഏറ്റവും മുതിർന്ന വനിതാ നേതാക്കളിൽ ഒരാളായി അറിയപ്പെട്ടിരുന്ന രാജുൽ പട്ടേൽ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ സംഘാടകയായും പ്രവർത്തിച്ചിരുന്നു. വെർസോവ മണ്ഡലത്തിൽ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പട്ടേൽ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും പാർട്ടി ഹാറൂൺ ഖാനെ മത്സരിപ്പിച്ചതാണ് അവഗണനയായി ചൂണ്ടിക്കാട്ടുന്നത്.

also read: ദില്ലി തെരഞ്ഞെടുപ്പ് രംഗത്തെ ചൂടുപിടിപ്പിച്ച് യമുനാ നദിയിലെ വിഷമാലിന്യവും കുടിവെളളക്ഷാമവും

മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയുടെ ഭരണച്ചുമതല നിർവ്വഹിക്കുന്ന പ്രാദേശിക സർക്കാർ സ്ഥാപനമായ ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ പിടിച്ചെടുക്കാനുള്ള കരുനീക്കങ്ങളാണ് അണിയറയിൽ നടക്കുന്നത്. ഷിൻഡെയെ മുന്നിൽ നിർത്തി പ്രാദേശിക വികാരം വോട്ടാക്കി മാറ്റി അധികാരം ഉറപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ബിഎംസിയുടെ ഏറ്റവും ഒടുവിലെ ബജറ്റ് വിഹിതം 60,000 കോടി രൂപയായിരുന്നു. മഹാരാഷ്ട്രയിലെ മിനി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലാണ് രാഷ്ട്രീയ പാർട്ടികൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News