ശ്രദ്ധ കൊലക്കേസ്, വിവരങ്ങൾ കൊടുക്കുന്നതിന് മാധ്യമങ്ങൾക്ക് വിലക്ക്

ശ്രദ്ധ വാൾക്കർ കൊലക്കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ കൊടുക്കുന്നതിന് മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ദില്ലി സാകേത് കോടതി. കുറ്റപത്രവും ഡിജിറ്റൽ തെളിവുകളും സംപ്രേഷണം ചെയ്യുന്നതിനും പ്രസിദ്ധീകരിക്കുന്നതിനുമാണ് വിലക്ക്. പ്രതിയായ അഫ്താബിന്റെ നാർകോ പരിശോധനാ ഫലം ഒരു മാധ്യമം സംപ്രേഷണം ചെയ്യുമെന്ന സംശയത്തിലാണ് വിലക്ക് ഏർപ്പെടുത്തിയത്. ദില്ലി പൊലീസിന്റെ ആവശ്യപ്രകാരമാണ് കോടതിയുടെ നടപടി.

2022 മേയ് 18-ാം തീയതിയാണ് പങ്കാളിയായ ശ്രദ്ധ വാല്‍ക്കറെ അഫ്താബ് അതിദാരുണമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം 35 കഷ്ണങ്ങളാക്കി വെട്ടിനുറുക്കി പുതിയ ഫ്രിഡ്ജ് വാങ്ങി അതില്‍ സൂക്ഷിച്ചു. പിന്നീട് ഓരോ ദിവസങ്ങളായി മൃതദേഹാവശിഷ്ടങ്ങള്‍ ദില്ലി മെഹ്‌റൗളിയിലെ വനമേഖലയില്‍ ഉപേക്ഷിക്കുകയായിരുന്നു.

ഒക്ടോബറില്‍ മകളെക്കുറിച്ച് വിവരമില്ലെന്ന് പറഞ്ഞ് ശ്രദ്ധയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയതോടെയാണ് അരുംകൊലയുടെ വിവരം പുറംലോകമറിഞ്ഞത്. പിടിയിലായ അഫ്താബ് പൊലീസിനോട് കുറ്റംസമ്മതിക്കുകയും ചെയ്തു. പൊലീസ് സംഘം നടത്തിയ തെളിവെടുപ്പില്‍ വനമേഖലയില്‍നിന്ന് ചില അസ്ഥികള്‍ കണ്ടെടുത്തിരുന്നു. ഇത് കൊല്ലപ്പെട്ട ശ്രദ്ധയുടേതാണെന്ന് ഡി.എന്‍.എ. പരിശോധനയിലൂടെ സ്ഥിരീകരിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News