
തന്റെ വിരമിക്കലിനെ കുറിച്ച് ഇന്ത്യന്‍ ടീമുമായി ഇതുവരെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ സംസാരിച്ചിട്ടേയില്ലെന്ന് വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കേ രോഹിത്തിന്റെ വിരമിക്കലിനെ കുറിച്ച് പലതരം വാര്‍ത്തകള്‍ പുറത്തു വരുമ്പോഴാണ് ഗില്ലിന്റെ പ്രതികരണം.
ശനിയാഴ്ച ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന പ്രസ് കോണ്‍ഫറന്‍സിലാണ് ഗില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ടീമിന്റെ മുഴുവന്‍ ശ്രദ്ധയും ഇപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫി നേടുകയാണെന്നും അതിനാല്‍ ക്യാപ്റ്റനും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അതിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂസിലന്റിനും ഓസ്‌ട്രേലിയയ്ക്കും എതിരെയുള്ള ടെസ്റ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ വലിയ വിമര്‍ശനങ്ങള്‍ രോഹിത്തിന് നേരിടേണ്ടി വന്നിരുന്നു. ഫോമില്ലാത്തതിനാല്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഫൈനലില്‍ നിന്നും അദ്ദേഹം വിട്ടുനിന്നിരുന്നു.
ഫിറ്റ്‌നസിന്റെ പേരിലും പഴി കേള്‍ക്കേണ്ടി വന്ന രോഹിത്തിന്റെ ബാറ്റിംഗിലൂടെയുള്ള തിരിച്ചുവരവുകളെക്കുറിച്ചുമുള്ള വിമര്‍ശനങ്ങള്‍ കടുത്തതോടെ, 2027 ലെ ഏകദിന ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ടീമില്‍ അഴിച്ചുപണി ആരംഭിക്കുന്നതിന് മുമ്പ് ചാമ്പ്യന്‍സ് ട്രോഫി, ഇന്ത്യന്‍ ക്യാപ്റ്റന് നല്‍കുന്ന അവസാന അവസരമായിരിക്കുമെന്ന് പലരും വാദിച്ചിരുന്നു.
അതേസമയം തന്നോടോ ടീമിനോട് രോഹിത്ത് ഇക്കാര്യം സംസാരിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ഗില്‍, ഇപ്പോള്‍ മത്സരത്തിലെ വിജയത്തെ കുറിച്ച് മാത്രമാണ് അദ്ദേഹം ചിന്തിക്കുന്നതെന്നും പറഞ്ഞു. ചിലപ്പോള്‍ മത്സരത്തിന് ശേഷം അദ്ദേഹം വിമരമിക്കലിനെ കുറിച്ച് സംസാരിച്ചേക്കാം പക്ഷേ താനോ ടീമോ അതിനെ കുറിച്ച് കേട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

